‘ഇല്ല സാറേ, വണ്ടി പുറത്തുണ്ടെന്ന് ഞാൻ പറഞ്ഞു; വാതിൽ തുറന്ന് മുറ്റത്ത് നോക്കൂ എന്ന് പൊലീസ്’; രണ്ടുപേർ മരിച്ച വിവരം ബൈക്കുടമ അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ
text_fieldsആലപ്പുഴ: കൈചൂണ്ടിമുക്കിൽ ബൈക്ക് അപകടത്തിൽ രണ്ടുപേർ മരിച്ച വിവരം താൻ അറിയുന്നത് പുലർച്ചെ പൊലീസ് വിളിച്ചപ്പോഴാണെന്ന് ബൈക്കുടമ മണ്ണഞ്ചേരി സ്വദേശി പ്രമോദ്. ഇന്നലെ രാത്രി ബൈക്ക് വീട്ടുമുറ്റത്ത് നിർത്തിയിട്ടതായിരുന്നു. പുലർച്ചെ നാലുമണിയോടെ പൊലീസ് വിളിച്ചപ്പോഴാണ് മോഷണം പോയതും അപകടമരണവും അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ന് പുലർച്ചെ നാലു മണി ആയപ്പോഴാണ് ഒരു കോൾ വരുന്നത്. ഇങ്ങനെ ഒരു വണ്ടി നിങ്ങളുടെ ആണോ എന്ന് ചോദിച്ചു. എന്റെതാണെന്ന് ഞാൻ പറഞ്ഞു. ആ വണ്ടി ആക്സിഡന്റ് ആയെന്നും പൊലീസ് പറഞ്ഞു. ഇല്ല സാറേ വണ്ടി പുറത്തുണ്ടെന്ന് ഞാൻ പറഞ്ഞു. ഒന്ന് തുറന്നു നോക്ക്, നിങ്ങളുടെ ഈ നമ്പറിലുള്ള വണ്ടി ആക്സിഡന്റ് ആണെന്ന് പൊലീസ് അറിയിച്ചു. ഞാൻ വീടിന്റെവാതിൽ തുറന്നു നോക്കിയപ്പോൾ വണ്ടി ഇവിടെ ഇല്ല. സാറേ എൻറെ വണ്ടി മോഷണം പോയെന്ന് ഞാൻ മറുപടിനൽകി. ‘ആക്സിഡൻറ് ആയി രണ്ടുപേരും മരിച്ചിട്ടുണ്ട്. നിങ്ങൾ എത്രയും വേഗം ഇവിടം വരെ ഒന്ന് വരാൻ ഒക്കുമോ’ എന്ന് ചോദിച്ചു. അവിടെ ചെന്ന് കഴിഞ്ഞപ്പോൾ വണ്ടി നമ്മുടെ തന്നെയാണെന്ന് മനസ്സിലായി. ഐഡന്റിഫൈ ചെയ്ത് തിരിച്ചു പോരുകയായിരുന്നു’ -പ്രമോദ് പറഞ്ഞു.
ഇന്ന് പുലർച്ചെയാണ് കൈചൂണ്ടിമുക്കിൽ ബൈക്ക് അപകടത്തിൽ രണ്ടുപേർ മരിച്ചത്. മണ്ണഞ്ചേരി സ്വദേശികളായ റിൻഷാദ് (19), സബീൻ (17)എന്നിവരാണ് മരിച്ചത്. മറ്റൊരാളെ പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കൊളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാഹനം മോഷണം പോയ സ്ഥലവും അപകടം നടന്ന സ്ഥലവും തമ്മിൽ ഏകദേശം 10 കിലോമീറ്റർ വ്യത്യാസമാണുള്ളത്. ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ നഗരമധ്യത്തിൽ കൈചുണ്ടിമുക്കിലാണ് അപകടം നടന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. മൂന്ന് യുവാക്കളായിരുന്നു ബൈക്കിൽ ഉണ്ടായിരുന്നത്. നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം തെറ്റി എതിർദിശയിൽ വന്ന കാറിൽ ഇടിച്ചാണ് അപകടം. അപകടത്തിന്റെ ഭയാനകമായ ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞത്. അമിതവേഗത്തിൽ എത്തിയ വാഹനം മറിഞ്ഞ ശേഷം തീപ്പൊരി ചിതറുന്നത് ദൃശ്യങ്ങളിൽ കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

