‘മന്ത്രിയാകുംമുമ്പ് തന്നെ അറിയാം...’; കടകംപള്ളിക്ക് കുരുക്കായി പോറ്റിയുടെ മൊഴി
text_fieldsതിരുവനന്തപുരം: മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് കുരുക്കായി ശബരിമല സ്വർണക്കൊള്ള കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി. മന്ത്രിയാകുംമുമ്പ് തന്നെ കടകംപള്ളി സുരേന്ദ്രനെ അറിയാം എന്നാണ് പോറ്റി പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴി.
തിരുവനന്തപുരം കാരനെന്ന നിലയിലാണ് പരിചയപ്പെട്ടത്. ദേവസ്വം മന്ത്രിയായശേഷം പുളിമാത്തെ വീട്ടിൽ വന്നിട്ടുണ്ട്. സൗഹൃദ സന്ദർശനമായിരുന്നു. നേതാക്കൾക്കും ദേവസ്വം ഉദ്യോഗസ്ഥർക്കും നിരവധി ഉപഹാരങ്ങൾ നൽകിയിട്ടുണ്ടെന്ന് പോറ്റിയുടെ മൊഴിയിലുണ്ട്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ. പദ്മകുമാറിന്റെ മൊഴിയും കടകംപള്ളി സുരേന്ദ്രന് എതിരാണ്. ഉണ്ണികൃഷ്ണൻ പോറ്റിയെ താൻ പരിചയപ്പെടും മുമ്പ് തന്നെ മന്ത്രി കടകംപള്ളിക്കും തന്ത്രി കണ്ഠര് രാജീവർക്കും അറിയാമെന്നാണ് പദ്മകുമാർ എസ്.ഐ.ടിക്ക് നൽകിയ മൊഴി.
പോറ്റിയുടെ വീട്ടിൽ പോയിട്ടുണ്ട് -കടകംപള്ളി
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടില്‍ ഒരു തവണ പോയിട്ടുണ്ടെന്ന് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കടകംപള്ളിയുമായി ബന്ധമുണ്ടെന്ന ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി പുറത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഇന്നത്തെ പോറ്റിയുടെ വീട്ടിലല്ല, അന്നത്തെ പോറ്റിയുടെ വീട്ടിലാണ് പോയത്. പോറ്റിയുടെ പക്കല്‍നിന്ന് ഒരു സമ്മാനവും വാങ്ങിയിട്ടില്ല. ഷിബു ബേബി ജോണ്‍ പുറത്തുവിട്ട ചിത്രത്തെക്കുറിച്ച് പ്രതികരിക്കാനില്ല- കടകംപള്ളി പറഞ്ഞു.
കടകംപള്ളി പറഞ്ഞതിങ്ങനെ:
പോറ്റിയുടെ വീട്ടിൽ പോയിട്ടുണ്ട്. 2017-18 കാലമെന്നാണ് ഓർമ. വർഷം കൃത്യമായി ഓർക്കുന്നില്ല. 2016ൽ മന്ത്രിയായി ശബരിമലയിൽ പോയപ്പോഴും പോറ്റിയെ കണ്ടിട്ടുണ്ട്. ഞാൻ ശബരിമലക്ക് പോകുന്ന ദിവസം പോറ്റി എന്നെ വിളിച്ച് യാത്രമധ്യേ കാരേറ്റ് വീട്ടിലെ ചടങ്ങിൽ പങ്കെടുക്കാൻ നിർബന്ധിച്ചു. അതിന് വഴങ്ങി പൊലീസ് അകമ്പടിയിൽ അവിടെ പോയി. ചെറിയ കുട്ടിയുടെ ഒന്നാം ജന്മദിനം ആയിരുന്നുവെന്നാണ് ഓർമ.
ചടങ്ങില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ചശേഷം ശബരിമലക്ക് പോയി. ശബരിമല സ്വാമിയുടെ ശരിയായ ഭക്തൻ എന്ന നിലയിലാണ് പോറ്റിയെ കണ്ടത്. അതുകൊണ്ടാണ് പോയത്. ഇല്ലെങ്കിൽ പോകുമായിരുന്നില്ല. ഇത് അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്. പോറ്റിയുടെ കൈയിൽനിന്ന് ഒരു സമ്മാനവും ഞാൻ വാങ്ങിയിട്ടില്ല. എസ്.ഐ.ടി അന്വേഷണത്തിൽ ഹൈകോടതി തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ആ അന്വേഷണം പൂർത്തിയാകട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

