ക്നാനായ സമുദായ ഭരണഘടന ഭേദഗതി നീക്കം: ഭരണഘടന ഭേദഗതി തടഞ്ഞ് കോടതി ഉത്തരവ്
text_fieldsകോട്ടയം: ക്നാനായ സമുദായ ഭരണഘടന ഭേദഗതി നടത്താനുള്ള ക്നാനായ അസോസിയേഷൻ നീക്കം തടഞ്ഞ് കോടതി. പരിശുദ്ധ പാത്രയർക്കീസ് ബാവയുടെ അധികാരം വെട്ടി ചുരുക്കുന്നതിനായി ഉള്ള ക്നാനായ സമുദായ ഭരണഘടന ഭേദഗതികൾ നടപ്പിലാക്കുന്നതാണ് കോട്ടയം മുൻസിഫ് കോടതി സ്റ്റേ ചെയ്തത്.
ക്നാനായ സമുദായ മേഖല മെത്രാന്മാർ നൽകിയ കേസിലെ നിരോധന ഹരജിയിലാണ് കോടതി ഉത്തരവ്. ഭരണഘടനാ ഭേദഗതി നടപ്പാക്കുന്നതിന് എതിരായ ഹരജി കീഴ്കോടതി പരിഗണിച്ച് ഉത്തരവ് പറയുന്നത് വരെ തീരുമാനം നടപ്പാക്കുന്നത് നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു. ഹൈക്കോടതി നിർദേശ പ്രകാരമാണ് മുൻസിഫ് കോടതി കേസ് പരിഗണിച്ചത്.
മേയ് 21 ന് മലങ്കര സുറിയാനി ക്നാനായ അസോസിയേഷൻ പാസാക്കിയതായി അവകാശപ്പെടുന്ന സമുദായ ഭരണഘടനാ ഭേദഗതികൾ ആണ് കോടതി ഇപ്പോൾ സ്റ്റേ ചെയ്തത്. കേസിൽ വിചാരണ നടത്തി അന്തിമ വിധി ഉണ്ടാകുന്നത് വരെ സ്റ്റേ അനുവദിച്ചാണ് നിരോധന ഹരജി മുൻസിഫ് കോടതി തീർപ്പാക്കിയത്. മേഖല മെത്രാന്മാർക്ക് കേസ് നൽകാൻ അർഹത ഇല്ലെന്ന എതിർ ഭാഗത്തിന്റെ വാദവും കോടതി തള്ളി.
സമുദായ മെത്രാപ്പോലീത്തക്കു പാത്രയർക്കീസ് ബാവ വിശദീകരണം ആവശ്യപ്പെട്ടു കൽപന നൽകിയ ശേഷം അതിൽ നിന്ന് ഒഴിവാകുന്നതിനു വേണ്ടിയാണ് ഭരണഘടനാ ഭേദഗതികൾക്കു ശ്രമിച്ചത് എന്നു കോടതി നിരീക്ഷിച്ചു. ഭേദഗതി ചെയ്യുന്നതിനു അനുവദിക്കുന്ന ഭരണഘടനയിലെ 160ാം വകുപ്പ് 98ാം വകുപ്പിൽ പറഞ്ഞിരിക്കുന്ന നിബന്ധനകൾക്ക് വിധേയമെന്നും ഉത്തരവിൽ പറയുന്നു. രണ്ടാഴ്ച എല്ലാ കക്ഷികളുടെയും വാദം വിശദമായി കേട്ടതിനു ശേഷമാണ് മുൻസിഫ് കോടതി നിരോധന ഉത്തരവ് അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

