കോഴിക്കോട്: കേരളത്തിലെ ലക്ഷണമൊത്തൊരു ദേശീയ മുസ്‌ലിമാണ് കെ.എന്‍.എ ഖാദറെന്ന് ബി.ജെ.പി ദേശിയ വൈസ് പ്രസിഡന്റ് എ.പി അബ്ദുല്ലക്കുട്ടി. മുസ്‌ലിം തീവ്ര ഗ്രൂപ്പുകളുടെ കയ്യടി വാങ്ങാനാണ് മുസ്‌ലിം ലീഗ് കെ.എന്‍.എ ഖാദറിനെ തള്ളി പറയുന്നത്. ഖാദറിനെ പുറത്താക്കാൻ ലീഗിന് ധൈര്യം ഇല്ലെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. കോഴിക്കേട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർ.എസ്.എസ് പരിപാടിയിൽ കെ.എൻ.എ. ഖാദർ സംബന്ധിച്ചതുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസിനോട് സഹകരിക്കുന്നത് ലീഗ് നയമല്ലെന്ന് ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞിരുന്നു. സംഭവത്തിൽ കെ.എൻ.എ ഖാദറിനോട് ലീഗ് വിശദീകരണവും ആവശ്യപ്പെട്ടിരുന്നു. സാദിഖലി തങ്ങൾ നടത്തുന്നത് മതസൗഹാർദ പരിപാടിയിൽ ആർ.എസ്.എസുകാരെ വിളിക്കാറില്ലെന്നും പി.എം.എ. സലാം വ്യക്തമാക്കി
ഒരു പരിപാടിക്ക് ക്ഷണിച്ചാൽ അതിനെക്കുറിച്ച് മനസിലാക്കണം. കെ.എൻ.എ ഖാദർ നൽകിയ വിശദീകരണത്തിലും ആക്ഷേപമുണ്ട്. ആർ.എസ്.എസിനെക്കുറിച്ച് മുസ് ലിം ലീഗിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഇന്ത്യയുടെ സമാധാനം കെടുത്താൻ ശ്രമിക്കുന്നവരാണവർ, ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നു. ആർ.എസ്.എസുമായി ഒരുനിലക്കും സഹകരിക്കാൻ പാടില്ലെന്ന പഴയ നിലപാടിൽ ഒരുമാറ്റവുമില്ലെന്നും പി.എം.എ സലാം പറഞ്ഞു.