കെ.എൻ. പണിക്കർ ഇനി ഓർമ
text_fieldsതിരുവനന്തപുരം: ചരിത്രവഴികളിലൂടെ നടക്കാൻ ഇനി കെ.എൻ. പണിക്കരില്ല. രാജ്യം കണ്ട മഹാചരിത്രകാരന് നാട് വിട നൽകി. അദ്ദേഹത്തിന്‍റെ ഭൗതിക ശരീരം ചൊവ്വാഴ്ച തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു. ഇന്ത്യൻ മതനിരപേക്ഷതയുടെ കാവലാളായി നിന്ന ‘ആധുനികതയുടെ ചരിത്രകാരൻ’ ഇനി ചരിത്രം. അദ്ദേഹത്തിന് അന്ത്യാഭിവാദ്യമർപ്പിക്കാൻ സമൂഹത്തിന്‍റെ നാനാതുറയിലുള്ള പ്രമുഖരടക്കം അനേകർ അദ്ദേഹത്തിന്‍റെ വസതിയിലും തൈക്കാട് ശ്മശാനത്തിലുമെത്തി. കെ.എൻ. പണിക്കരുടെ തൊണ്ണൂറാം ജന്മദിനം അന്തർദേശീയ ചരിത്ര സംഭവവമായി 25, 26 തീയതികളിൽ കെ.സി.എച്ച്.ആർ ആഘോഷിക്കാനിരിക്കെയാണ് വിടവാങ്ങിയത്. ഔദ്യോഗിക ബഹുമതികൾ ഒന്നുമില്ലാതെയാണ് സംസ്കാര ചടങ്ങുകൾ നടന്നത്.
ചൊവ്വാഴ്ച രാവിലെ കവടിയാറിലുള്ള ഫ്ലാറ്റിൽ പൊതുദർശനത്തിന്വെച്ച ഭൗതികശരീരം ഒരുനോക്ക് കാണാൻ നിരവധി പേരാണ് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ സജി ചെറിയാൻ, ഡോ. ആർ. ബിന്ദു, വി.എൻ. വാസവൻ, വി. ശിവൻകുട്ടി, എം.ബി. രാജേഷ്, പി. രാജീവ് തുടങ്ങിയവർ വസതിയിലെത്തി അന്തിമോപചാരമർപ്പിച്ചു. പി.കെ. ശ്രീമതി, സി.പി. നാരായണൻ, ഡോ. എം.എ. ഉമ്മൻ, സുനിൽ പി. ഇളയിടം, വി.എൻ. മുരളി, വി.കെ. രാമചന്ദ്രൻ, കേരള ഹിസ്റ്ററി കോൺഗ്രസ് പ്രസിഡന്‍റ് വി. കാർത്തികേയൻ നായർ, ജനറൽ സെക്രട്ടറി ഡോ. ടി. മുഹമ്മദലി, ഭാരവാഹി റോബിൻസൺ ജോസ് തുടങ്ങി പ്രമുഖരുടെ നീണ്ടനിരയാണ് വസതിയിലെത്തിയത്.
വൈകിട്ട് 3.35ഓടെ കവടിയാറിലെ വസതിയിൽനിന്ന് വിലാപയാത്രയായി തൈക്കാട് ശാന്തികവാടത്തിലെത്തിച്ചു. ഡൽഹിക്ക് ശേഷം അദ്ദേഹത്തിന്‍റെ ജീവിതത്തിലെ രണ്ടാംതട്ടകമായ അന്തപുരിയോട് എന്നേക്കുമായി വിടപറയുകയായിരുന്നു. എ.എ. റഹീം എം.പി, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനിൽകുമാർ, സി.പി.ഐ നേതാവ് മാങ്കോട് രാധാകൃഷ്ണൻ തുടങ്ങി നിരവധി പേർ ശാന്തികവാടത്തിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

