കേന്ദ്ര സർക്കാർ രഹസ്യനീക്കം: നീതി ആയോഗ് സി.ഇ.ഒയുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതെന്ന് കെ.എൻ ബാലഗോപാൽ
text_fieldsതിരുവനന്തപുരം: സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട ഫണ്ട് വെട്ടിക്കുറക്കാൻ കേന്ദ്ര സർക്കാർ രഹസ്യനീക്കം നടത്തിയെന്ന നിതി ആയോഗ് സി.ഇ.ഒ ബി.വി.ആർ സുബ്രഹ്മണ്യത്തിന്റെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതും ആശങ്കജനകവുമാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സംസ്ഥാനങ്ങളുടെ സാമ്പത്തിക അവകാശങ്ങൾ വെട്ടിക്കുറക്കാൻ രഹസ്യനീക്കം നടത്തിയെന്ന് കേന്ദ്ര സർക്കാറിന്റെ ഉന്നത സ്ഥാനത്തുള്ള ആളാണ് വ്യക്തമാക്കിയത്. ധന കമീഷൻ ശിപാർശകൾ പോലും അട്ടിമറിക്കാൻ ശ്രമിക്കുന്നതായാണ് വാർത്ത. കേന്ദ്ര നികുതി വിഹിതത്തിൽ 42 ശതമാനം സംസ്ഥാനങ്ങൾക്ക് നൽകണമെന്ന നിർദേശത്തിനു പകരം അത് 32 ശതമാനമായി കുറക്കണമെന്ന് നിർബന്ധം പിടിച്ചെന്ന വെളിപ്പെടുത്തൽ ആശങ്ക ഉയർത്തുന്നു. നികുതി വിഹിതം കുറക്കണമെന്ന കടുംപിടിത്തം പരാജയപ്പെട്ട സാഹചര്യത്തിൽ വിവിധ കേന്ദ്ര പദ്ധതികൾക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറക്കാനായി കേന്ദ്ര ബജറ്റ് പൊളിച്ചെഴുതിയെന്നാണ് റിപ്പോർട്ട്.
പിന്നീട്, സെസും സർചാർജും വലിയ തോതിൽ ഉയർത്താൻ തുടങ്ങി. കേന്ദ്ര നികുതി വരുമാനത്തിന്റെ 28 ശതമാനം വരെയാണ് സെസും സർചാർജും വർധിപ്പിച്ചത്. ഇതിലൂടെ സംസ്ഥാനങ്ങൾക്ക് നൽകുന്ന കേന്ദ്ര നികുതി വിഹിതം കുറക്കുകയെന്ന ഗുഢതന്ത്രമാണ് നടപ്പാക്കിയത്. കേരളം വർഷങ്ങളായി കേന്ദ്ര സർക്കാറിനെതിരെ ഉന്നയിക്കുന്ന ധനകാര്യ വിഷയങ്ങൾ ശരിയാണെന്ന് തെളിയിക്കുന്നതാണ് ബി.വി.ആർ. സുബ്രഹ്മണ്യത്തിന്റെ വെളിപ്പെടുത്തൽ. ഭരണഘടന സ്ഥാപനമായ ധനകാര്യ കമീഷന്റെ പ്രവർത്തനത്തിലും ശിപാർശകളിലും ഇടപെടുന്നെന്നത് മാത്രമല്ല, ദൈനംദിന സാമ്പത്തിക കാര്യങ്ങളെ ബാധിക്കുന്ന തീരുമാനങ്ങളും നടപ്പാക്കുന്നെന്നതും ഗൗരവതരമാണ്. അർഹമായത് സംസ്ഥാനത്തിന് നൽകാതെ ശ്വാസം മുട്ടിക്കുന്നെന്ന സംസ്ഥാന സർക്കാർ വാദം സത്യമാണെന്ന് ഇത്തരം വസ്തുതകളും വ്യക്തമാക്കുന്നെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സി.ഇ.ഒയുടെ വെളിപ്പെടുത്തൽ
സാമ്പത്തിക ആസുത്രണ രംഗത്തെ പ്രവർത്തിക്കുന്ന എൻ.ജി.ഒ ആയ സെന്റർ ഫോർ സോഷ്യൽ ആൻഡ് ഇക്കണോമിക് പ്രോഗ്രസ് കഴിഞ്ഞവർഷം നടത്തിയ ഒരു സെമിനാറിലാണ് ബി.വി.ആർ സുബ്രഹ്മണ്യം വിവാദ പരാമർശം നടത്തിയത്. ‘സംസ്ഥാനങ്ങൾക്കുള്ള നികുതി നിർദേശം 42 ശതമാനമാക്കുന്നതിനെ മോദി എതിർത്തു.
ധനകാര്യ കമീഷൻ വിസമ്മതിച്ചതോടെ ബജറ്റ് 48 മണിക്കൂർകൊണ്ട് മാറ്റേണ്ടി വന്നു’ -ഇതായിരുന്നു സി.ഇ.ഒയുടെ വാക്കുകൾ. മോദിയും നീതി ആയോഗ് ചെയർമാൻ വൈ.വി റെഡ്ഡിയും ഒന്നിച്ച് സംസ്ഥാനങ്ങളെ സാമ്പത്തിക വിധേയത്വത്തിലേക്ക് കൊണ്ടുവരാനായി നടത്തിയ നീക്കമായിരുന്നു ഇത്. ആ സമയം പ്രധാനമന്ത്രിയുടെ ഓഫിസിലെ ജോയിന്റ് സെക്രട്ടറിയായിരുന്നു ബി.വി.ആർ സുബ്രഹ്മണ്യം. റിപ്പോർട്ടേഴ്സ് കളക്ടീവ് എന്ന മാധ്യമകൂട്ടായ്മയാണ് സുബ്രഹ്മണ്യത്തിന്റെ പ്രസംഗം പുറത്തുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

