Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമദ്യവില വർധനവും ഇന്ധന...

മദ്യവില വർധനവും ഇന്ധന സെസും പർവതീകരിച്ചു; ന്യായീകരിച്ച് കെ.എൻ ബാലഗോപാൽ

text_fields
bookmark_border
kn balagopal
cancel

തിരുവനന്തപുരം: മദ്യത്തിന് ചെറിയതോതിൽ വില വർധിപ്പിക്കാനും പെട്രോളിനും ഡീസലിനും മേൽ രണ്ട് രൂപ സെസ് ചുമത്താനുമുള്ള തീരുമാനത്തെ പർവതീകരിച്ചുവെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. സംസ്ഥാന സർക്കാർ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കേന്ദ്രസർക്കാർ അർഹമായ നികുതിവിഹിതം പോലും വെട്ടിച്ചുരുക്കുന്നു. ഇത് അധിക വിഭവസമാഹരണം നടത്തേണ്ടത് അനിവാര്യമാക്കി. കടമെടുക്കാനുള്ള സംസ്ഥാനത്തിന്റെ അധികാരം കൂടി കേന്ദ്രസർക്കാർ പരിമിതപ്പെടുത്തി. ഈ സാഹചര്യത്തിലാണ് ചില മേഖലകളിൽ അധിക നികുതി ഏർപ്പെടുത്തേണ്ടി വന്നതെന്ന് ധനമന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ധനമ​ന്ത്രിയുടെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

2023-24 ലേക്കുള്ള സംസ്ഥാന ബജറ്റ് ഇന്നലെ അവതരിപ്പിക്കുകയുണ്ടായി. ഭാവി കേരളത്തിനു വേണ്ടിയുള്ള നിരവധി പദ്ധതികളും ആശയങ്ങളുമാണ് ബജറ്റിൽ ഉൾക്കൊള്ളിച്ചിരുന്നത്.

അറിവിനെ ഉത്പാദനമൂല്യത്തിലേക്ക് പരിവർത്തനം ചെയ്യാനുതകുന്ന വിധത്തിൽ വിജ്ഞാന സമ്പദ് വ്യവസ്ഥയെ സൃഷ്ടിക്കുക എന്നതായിരുന്നു കഴിഞ്ഞ ബജറ്റിന്റെ ഫോക്കസെങ്കിൽ വ്യാവസായിക വളർച്ചയും തൊഴിലവസരങ്ങളും വർദ്ധിപ്പിച്ച് സംസ്ഥാനത്തിന്റെ വളർച്ച ത്വരിതപ്പെടുത്തുക എന്നതിലായിരുന്നു ഇത്തവണത്തെ ബജറ്റിന്റെ ഊന്നൽ. മേക് ഇൻ കേരള പദ്ധതിയിലൂടെ തദ്ദേശീയമായ ഉത്പാദനം വർദ്ധിപ്പിക്കുകയും വിഴിഞ്ഞം തുറമുഖത്തെ കേരളത്തിന്റെ ഭാവി വികസനത്തിന്റെ കവാടമായി മാറ്റുകയും ചെയ്യുക എന്നതുൾപ്പെടെ കേരളത്തെ സംബന്ധിച്ചിടത്തോളം നിർണ്ണായകമായ പല പ്രഖ്യാപനങ്ങളും ഉണ്ടായിരുന്നു. വടക്ക് -തെക്ക് ജലപാത, സംസ്ഥാനമാകെ വർക്ക് ഫ്രം ഹോം സംവിധാനങ്ങൾ, ഐടി രംഗത്തെ അടിസ്ഥാന സൗകര്യ വികസനം, ഗ്രീൻ ഹൈഡ്രജൻ ഹബ്ബ് ഉൾപ്പെടെ പാരമ്പര്യേതര ഊർജ്ജോൽപാദനം മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ തുടങ്ങി നിരവധി പദ്ധതികളാണ് അവതരിപ്പിക്കപ്പെട്ടത്.

കാൽ നൂറ്റാണ്ടിനുള്ളിൽ കേരളത്തെ ഏതൊരു വികസിത രാജ്യത്തോടും സമാനമായ അടിസ്ഥാന സൗകര്യ വികസനത്തിലേക്കും ജീവിതസൗകര്യങ്ങളിലേക്കും ഉയർത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യമാണ് എൽഡിഎഫ് സർക്കാരിനുള്ളത്. ആ ലക്ഷ്യം മുൻനിർത്തിയാണ് ബജറ്റ് തയ്യാറാക്കപ്പെട്ടതും.

എന്നാൽ ബജറ്റിന്റെ ഭാഗമായി അവതരിപ്പിച്ച നികുതി നിർദേശങ്ങളിൽ മദ്യത്തിന് ചെറിയതോതിൽ വില വർദ്ധിപ്പിക്കാനും പെട്രോളിനും ഡീസലിനും മേൽ രണ്ട് രൂപ രണ്ടു രൂപ സെസ് ചുമത്തി സാമൂഹ്യ സുരക്ഷ സീഡ് ഫണ്ടിലേക്ക് വകയിരുത്താനുമുള്ള നിർദ്ദേശങ്ങളും ഉണ്ടായിരുന്നു. അതിനെ പർവതീകരിച്ചുകൊണ്ടുള്ള റിപ്പോർട്ടുകളും അവലോകനങ്ങളും പൊതുവെ കാണുന്നുണ്ട് . വിശദമായി തന്നെ വിഷയം പറയാം.

സംസ്ഥാന സർക്കാരിന്റെ വരുമാനത്തിൽ വലിയ കുറവാണ് നടപ്പ് സാമ്പത്തിക വർഷത്തിൽ ഉണ്ടായിരിക്കുന്നത്. കേരളത്തിന് നൽകേണ്ട അർഹമായ വിഹിതത്തിൽ ഏകദേശം 24000 കോടി രൂപയുടെ വെട്ടിക്കുറവാണ് കേന്ദ്രം വരുത്തിയിരിക്കുന്നത്. കോവിഡിന്റെ പ്രതിസന്ധികളിൽനിന്ന് സംസ്ഥാന സമ്പദ് വ്യവസ്ഥ കരകയറി വന്നപ്പോഴാണ് അങ്ങേയറ്റം പ്രതിലോമകരമായ ഈ സമീപനം കേന്ദ്രം സ്വീകരിച്ചത്.

ഇത് സംസ്ഥാനത്ത് ധനഞെരുക്കം ഉണ്ടാക്കി എന്നത് യാഥാർത്ഥ്യമാണ്. അടുത്ത വർഷവും സ്ഥിതി ഇതുതന്നെ ആകാനാണ് സാധ്യത. പലതവണ മാധ്യമങ്ങളോടും ജനങ്ങളോടും ഈ വസ്തുത തുറന്നു പറഞ്ഞിട്ടുള്ളതാണ്.

ബുദ്ധിമുട്ടുകളുണ്ടെങ്കിലും അതൊന്നും നമ്മുടെ നാട്ടിലെ വികസന- ക്ഷേമ പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. സർക്കാരുദ്യോഗസ്ഥരുടെ ശമ്പളവും പെൻഷനും നൽകാൻ ഒരു വർഷം വേണ്ടത് 70000 ഓളം കോടി രൂപയാണ്. ക്ഷേമപെൻഷൻ നൽകാൻ 11000 കോടി വേണം. വിവിധ ക്ഷേമ പദ്ധതികൾക്കും വികസന പദ്ധതികൾക്കും അനേകം കോടികൾ വേറെയും വേണം. ഇതുകൂടാതെ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ കുതിച്ചുചാട്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആശുപത്രികളിലും വിദ്യാലയങ്ങളിലും ഉണ്ടാകുന്ന മാറ്റം ഏവർക്കും അറിയുന്നതാണ്. വൻകിട പദ്ധതികളും റോഡ് വികസനവും എല്ലാം അനുസ്യൂതമായി നടന്നുവരികയാണ്. ഒന്നിനും സർക്കാർ യാതൊരു മുടക്കവും വരുത്തിയിട്ടില്ല.

എന്നാൽ ഒരു വശത്ത് വരുമാനത്തിൽ വലിയ ഇടിവുണ്ടാവുകയും മറുവശത്ത് സാമ്പത്തിക ഉത്തരവാദിത്തങ്ങൾ വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കൂടുതൽ വിഭവസമാഹരണം നടത്തേണ്ടത് അനിവാര്യമാകുന്നു. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ തന്നെ പരമാവധി വരുമാനം വർദ്ധിപ്പിക്കാനുള്ള പരിശ്രമങ്ങൾ ഒരു വശത്ത് നടത്തി വരുന്നുണ്ട്. ജിഎസ്ടി വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വകുപ്പ് പുന സംഘടിപ്പിച്ചു. അതുൾപ്പെടെ വരുമാനം ലഭിക്കുന്ന മറ്റെല്ലാ സംവിധാനങ്ങളെയും കാര്യക്ഷമമാക്കുന്നു. ഇതിന്റെയെല്ലാം ഭാഗമായാണ് സംസ്ഥാന സർക്കാരിന്റെ തനിതു വരുമാനത്തിൽ കഴിഞ്ഞവർഷം 13000 കോടി രൂപയുടെ വർദ്ധനവ് ഉണ്ടായത്. ഈ വർഷം 13000 കോടിയിലധികം രൂപയുടെ കൂടി വർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

2016 ഉമ്മൻചാണ്ടി സർക്കാർ അധികാരമൊഴിയുമ്പോൾ കേരളത്തിലെ ക്ഷേമപെൻഷൻ 600 രൂപയായിരുന്നു. 33 ലക്ഷം ആളുകൾക്ക് മാത്രമാണ് അത് നൽകിവന്നിരുന്നത്. എന്നാൽ ഇന്ന് മാസംതോറും 1600 രൂപ വീതം 63 ലക്ഷം ജനങ്ങൾക്ക് നൽകുകയാണ്. ഇതിൽ 50.66 ലക്ഷം പേർക്ക് സാമൂഹ്യ ക്ഷേമ പെൻഷൻ എന്ന നിലയിലും 6.73 ലക്ഷം പേർക്ക് ക്ഷേമനിധി പെൻഷൻ എന്ന നിലയിലും സർക്കാർ നൽകുകയാണ്. വരുമാനമുള്ള ക്ഷേമനിധി ബോർഡുകൾ 4.28 ലക്ഷം പേർക്ക് പെൻഷൻ നൽകിവരുന്നു. അതായത് 57 ലക്ഷത്തിലധികം ആളുകൾക്ക് സർക്കാർ നേരിട്ടാണ് ക്ഷേമപെൻഷൻ നൽകുന്നത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പ്രതിമാസം 200 കോടി രൂപയായിരുന്നു സാമൂഹ്യ ക്ഷേമ പെൻഷൻ നൽകാൻ വേണ്ടിവരുന്ന ചെലവ് എങ്കിൽ ഇന്നത് 950 കോടി രൂപയാണ്.

വരവും ചെലവും തമ്മിലുള്ള അനുപാതത്തിൽ ഇപ്പോൾ സംഭവിച്ചിരിക്കുന്ന വിടവ് നികത്താൻ കൂടുതൽ കടമെടുത്തു കൂടെ എന്ന് ചോദിക്കുന്നവരുണ്ട്. എന്നാൽ സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധിയിലും കേന്ദ്രം നിയന്ത്രണം വരുത്തിയിരിക്കുന്നു. ബജറ്റിനു പുറത്തുനിന്ന് ധനം സമാഹരിച്ച് പ്രവർത്തിക്കുന്ന കിഫ്ബി, പെൻഷൻ കമ്പനി എന്നിവയുടെ ബാധ്യതയും സംസ്ഥാനത്തിന്റെ പൊതു കടമായി കേന്ദ്രം പരിഗണിക്കുന്നു. അങ്ങനെയും നമ്മുടെ വിഭവ സമാഹരണത്തിൽ ശോഷണം സംഭവിക്കുന്നു. ബജറ്റ് അവതരിപ്പിക്കുന്നതിന്റെ തലേദിവസം സംസ്ഥാനത്തിന്റെ അർഹമായ കടമെടുപ്പ് തുകയിൽ 2700 കോടി കൂടി വെട്ടിക്കുറച്ചു.

സമാനതകളില്ലാത്ത ഈ പ്രതിസന്ധിയുടെ ഘട്ടത്തിലാണ് ചെറിയ രീതിയിൽ എങ്കിലും ചില മേഖലകളിൽ നികുതി വർദ്ധിപ്പിക്കാനും പെട്രോളിയം ഉൽപ്പന്നങ്ങളുടെ മേൽ സെസ് ഏർപ്പെടുത്താനും സർക്കാർ തീരുമാനിച്ചത്. സാമൂഹ്യ ക്ഷേമ പെൻഷൻ ഉൾപ്പെടെയുള്ള ഒന്നും ഒരു കാരണവശാലും തടസ്സപ്പെടാൻ പാടില്ല എന്നതാണ് സർക്കാരിന്റെ നയം. ആ ഉദ്ദേശം കൊണ്ടു കൂടിയാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനായി ഒരു സീഡ് ഫണ്ട് രൂപീകരിച്ച് അതിലേക്ക് ഇന്ധന സെസ് വകയിരുത്താൻ സർക്കാർ തീരുമാനിച്ചത്

ജിഎസ്ടി നടപ്പിലായതോടുകൂടി സംസ്ഥാനങ്ങൾക്ക് ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും മേൽ നികുതി ചുമത്താനുള്ള അധികാരം നഷ്ടപ്പെട്ടു. പെട്രോൾ,ഡീസൽ, മദ്യം എന്നിവയിൽ മാത്രമാണ് സംസ്ഥാന സർക്കാരിന് നികുതി ചുമത്താൻ അധികാരം ഉള്ളത്.

സെസും സർചാർജും പിരിക്കുന്നത് ഇടതുനയമാണോ എന്ന് ചോദിക്കുന്നവരുണ്ട്. പെട്രോളിയം ഉൽപ്പന്നങ്ങൾക്കുമേൽ കേന്ദ്രം ചുമത്തുന്ന സെസുകൾക്കും സർചാർജുകൾക്കും ഇപ്പോഴും ഇടതുപക്ഷം എതിരുതന്നെയാണ്. ആ നിലപാടിൽ യാതൊരു മാറ്റവുമില്ല. കാരണം പെട്രോളും ഡീസലും സംസ്ഥാനങ്ങൾക്ക് നികുതി ചുമത്താൻ അധികാരമുള്ള ഉത്പന്നങ്ങളാണ്. സംസ്ഥാനങ്ങളുടെ അധികാരത്തിൽ കടന്നുകയറി നികുതിക്ക് മേൽ നികുതി എന്ന പേരിൽ സംസ്ഥാനങ്ങളുമായി വീതം വെക്കേണ്ടതില്ലാത്ത സെസുകളും സർചാർജുകളും ചുമത്തുന്നതിൽ യാതൊരു ന്യായവുമില്ല.

ഒരു ലിറ്റർ പെട്രോളിന്മേൽ കേന്ദ്രം ചുമത്തുന്ന സെസ് 20 രൂപയോളമാണ്. വിലവർധനയുടെ യഥാർത്ഥ കാരണമിതാണ്. സംസ്ഥാന വിൽപ്പന നികുതിയുടെ പരിധിയിൽ വരുന്ന ഒരു ഉൽപ്പന്നത്തിന്മേൽ കടന്നു കയറി സർചാർജും സെസും ചുമത്തുന്ന കേന്ദ്രത്തിന്റെ നടപടി തന്നെ തെറ്റാണ്. അതാണ് പിൻവലിക്കേണ്ടത്.

സംസ്ഥാനത്തിന്റെ നികുതി അധികാരങ്ങൾ അങ്ങേയറ്റം പരിമിതമായ സാഹചര്യവും സംസ്ഥാന വിഹിതം വെട്ടി കുറയ്ക്കുന്ന കേന്ദ്രത്തിന്റെ സമീപനവും ചേർന്നു സൃഷ്ടിച്ച ധനഞെരുക്കത്തെത്തുടർന്ന് സംസ്ഥാന ഗവൺമെന്റ് സ്വീകരിച്ച നടപടിയുടെ പശ്ചാത്തലം ജനങ്ങൾക്ക് ബോധ്യപ്പെടുക തന്നെ ചെയ്യും എന്നുറപ്പുണ്ട്.

കൂടുതൽ വികസന ക്ഷേമ പ്രവർത്തനങ്ങളുമായി എൽ ഡി എഫ് സർക്കാർ മുന്നോട്ടു പോകും. അതിനുള്ള സമീപന രേഖയാണ് ഈ ബജറ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KN BalagopalanKerala Budget 2023
News Summary - KN Balagopal on budget announcement
Next Story