കെ.എം. ഷാജി: ലീഗിന്റെ ക്രൗഡ് പുള്ളർ
text_fieldsകെ.എം. ഷാജിയും കുടുംബവും
മലപ്പുറം: കെ.എം. ഷാജി, മുസ്ലിം ലീഗിൽ പി.കെ. കുഞ്ഞാലിക്കുട്ടി കഴിഞ്ഞാലുള്ള ക്രൗഡ് പുള്ളർ. അണികളുടെ തീപ്പൊരി നേതാവ്. വാഗ്മിയും എഴുത്തുകാരനും. യുവാക്കളെ ഏറ്റവും കൂടുതൽ സ്വാധീനിക്കാൻ കഴിയുന്നയാൾ. എം.എൽ.എയാകുന്നത് ഇത് മൂന്നാം തവണ. ഒടുവിൽ അർഹതക്കുള്ള അംഗീകാരമായി മന്ത്രിസ്ഥാനവും.
കണിയാമ്പറ്റ ഗവ. ഹൈസ്കൂളിൽനിന്ന് എം.എസ്.എഫിലൂടെയാണ് വിദ്യാർഥിരാഷ്ട്രീയത്തിൽ സജീവമായത്. തുടർന്ന് യൂത്ത് ലീഗിന്റെയും പിന്നീട് മുസ്ലിം ലീഗിന്റെയും സംസ്ഥാന നേതൃത്വത്തിലെത്തി. കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയൻ ചെയർമാനായും സ്വന്തം നാടായ വയനാട് കണിയാമ്പറ്റയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും പദവികൾ വഹിച്ചു. കണിയാമ്പറ്റ പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡന്റ്, കൽപറ്റ മണ്ഡലം എം.എസ്.എഫ് വൈസ് പ്രസിഡന്റ്, വയനാട് ജില്ല എം.എസ്.എഫ് പ്രസിഡന്റ്, എം.എസ്.എഫ് സംസ്ഥാന ട്രഷറർ, യൂത്ത് ലീഗ് വയനാട് ജില്ല ജനറൽ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന യൂത്ത് ലീഗ് ട്രഷറർ, ജനറൽ സെക്രട്ടറി, പ്രസിഡന്റ്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ, ലീഗ് സംസ്ഥാന സെക്രട്ടറിയാണ്.
എം.എസ്.എഫ് ജില്ല സെക്രട്ടറിയായിരിക്കെ കണിയാമ്പറ്റ പഞ്ചായത്തിലേക്ക് മത്സരിച്ച് ജയിച്ചു. പിന്നീട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചു. നിയമസഭയിലേക്ക് ആദ്യം കൊല്ലം ഇരവിപുരത്ത് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2011ൽ അഴീക്കോട് മണ്ഡലത്തിൽ മത്സരിച്ച് ജയിച്ചു. 2016ൽ അഴീക്കോട് മണ്ഡലത്തിൽതന്നെ വീണ്ടും ജനവിധി തേടുകയും വിജയിക്കുകയും ചെയ്തു. 2016ലെ തെരഞ്ഞെടുപ്പിൽ വര്‍ഗീയമായ തരത്തില്‍ പ്രചാരണം നടത്തിയെന്ന പരാതിയെതുടർന്ന് ഹൈകോടതി ഷാജിയുടെ ജയം അസാധുവാക്കിയെങ്കിലും സുപ്രീംകോടതി ഈ വിധി സ്റ്റേ ചെയ്തു. 2021ൽ അഴീക്കോട് മണ്ഡലത്തിൽ വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
1971ൽ വയനാട് കണിയാമ്പറ്റയിൽ കെ.എം. ബീരാൻകുട്ടിയുടെയും പി.സി. ആയിഷക്കുട്ടിയുടെയും മകനായാണ് ജനനം. കോഴിക്കോട് മാലൂർകുന്ന് എ.ആർ ക്യാമ്പിന് സമീപമാണ് ഇപ്പോൾ താമസം. വിദ്യാഭ്യാസം: പ്രീഡിഗ്രി, ബി.ബി.എ (പൂർത്തിയാക്കിയില്ല). ഭാര്യ: കെ.എം. ആശ. മക്കൾ: ഫാത്തിമ ഹന, റിഹാൻ മുഹമ്മദ്, ഹംദാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

