'പാർട്ടി തന്നെ തിരുത്തിയാലും ശത്രു പാളയത്തിൽ പോകില്ല'; ലീഗ് യോഗത്തിൽ വിമർശനമെന്ന വാർത്ത തള്ളി കെ.എം. ഷാജി
text_fieldsമസ്കത്ത്: മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതി യോഗത്തിൽ തനിക്കെതിരെ വിമർശനമുണ്ടായെന്ന ആരോപണം തള്ളി സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി. ലീഗ് യോഗത്തിൽ തനിക്കെതിരെ വിമർശനമുണ്ടായിട്ടില്ലെന്ന് കെ.എം. ഷാജി വ്യക്തമാക്കി. ഒമാനിലെ മസ്കത്ത് കെ.എം.സി.സി അൽ ഖൂദ് ഏരിയ സംഘടിപ്പിച്ച 'ഉദയം 2022' പരിപാടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ശത്രു പാളയത്തിൽ അടയിരുന്ന് ആനുകൂല്യം പറ്റുന്നവരുടെ കൂട്ടത്തിൽ താനുണ്ടാകില്ല. പാർട്ടി തന്നെ തിരുത്തിയാലും ശത്രു പാളയത്തിൽ പോകില്ലെന്നും ഷാജി വ്യക്തമാക്കി.
നേതാക്കന്മാർക്കിടയിൽ ചർച്ചയും ആലോചനയും അഭിപ്രായവും അഭിപ്രായ വ്യത്യാസവുമുണ്ടാകും. ലീഗ് യോഗത്തിൽ കെ.എം. ഷാജിക്കെതിരെ വലിയ വിമർശനമുണ്ടായെന്ന് ഇന്നലെ വാർത്തകൾ വന്നു. ലീഗിനകത്ത് വിമർശനമൊക്കെയുണ്ടെന്ന് നിങ്ങൾ സമ്മതിച്ചതിൽ സന്തോഷമുണ്ട്.
എന്നാൽ, യോഗത്തിൽ അങ്ങനെ വിമർശനമൊന്നും തനിക്കെതിരെ നടന്നിട്ടില്ലെന്ന് പാർട്ടി സെക്രട്ടറിയും ചുമതലക്കാരുമെല്ലാം പറഞ്ഞതെന്നും കെ.എം. ഷാജി വ്യക്തമാക്കി.
കെ.എം. ഷാജി പാർട്ടി വേദികളിലല്ലാതെ പാർട്ടിക്കെതിരെ വിമർശനം ഉന്നയിക്കുന്നുണ്ടെന്നും നടപടി വേണമെന്നും മലപ്പുറത്ത് ചേർന്ന ലീഗ് പ്രവർത്തകസമിതി യോഗത്തിൽ ആവശ്യമുയർന്നിരുന്നു. ഉംറ നിർവഹിക്കാൻ സൗദിയിലെത്തിയ അദ്ദേഹം പൊതുപരിപാടിയിലും പാർട്ടിയെ വിമർശിച്ചതായി പരാതിയുണ്ട്.
പത്ര-ദൃശ്യമാധ്യമങ്ങൾ, പൊതുവേദികൾ, സമൂഹമാധ്യമങ്ങൾ എന്നിവിടങ്ങളിൽ പാർട്ടിക്കെതിരെ വിമർശനം ഉന്നയിക്കുന്നതിന് തടയിടാൻ ലീഗ് യോഗം തീരുമാനിച്ചിരുന്നു. നേതാക്കളോ കമ്മിറ്റികളോ പാർട്ടിക്കെതിരെ വിമർശനം ഉന്നയിക്കുന്നത് പരിശോധിക്കാൻ ചെയർമാൻ ഉൾപ്പെടെയുള്ള അഞ്ചംഗ സമിതി രൂപവത്കരിക്കും.
കോഴിക്കോട്ട് ഒക്ടോബർ അഞ്ചിന് ചേരുന്ന സംസ്ഥാന കൗൺസിലാണ് അച്ചടക്ക സമിതിയെ തീരുമാനിക്കുക. ഇതിന് റിപ്പോർട്ട് സമർപ്പിക്കാൻ ദേശീയ ജനറൽ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറിനെ യോഗം ചുമതലപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

