പിണറായി ഭക്തിമൂത്ത് വി.എസിനെ പിതൃശൂന്യനെന്ന് വിളിച്ചയാളാണ് സ്വരാജ്; യുദ്ധവിരുദ്ധ നിലപാട് ഇപ്പോഴുമുണ്ടോ എന്ന് കെ.എം. ഷാജി
text_fieldsകോഴിക്കോട്: നിലമ്പൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിനെ രൂക്ഷമായി വിമർശിച്ച് മുസ് ലിം ലീഗ് നേതാവ് കെ.എം. ഷാജി. പിണറായി ഭക്തിമൂത്ത് വി.എസിനെ പിതൃശൂന്യനെന്ന് വിളിച്ചയാളാണ് സ്വരാജ് എന്ന് കെ.എം. ഷാജി മാധ്യമങ്ങളോട് പറഞ്ഞു.
നിലമ്പൂരിൽ വരുന്നതിന് മുമ്പ് വി.എസ്. അച്യുതാനന്ദനെ സന്ദർശിച്ച് സ്വരാജ് മാപ്പ് ചോദിക്കണം. അത്രയും വലിയ പാതകമാണ് സ്വരാജ് ചെയ്തത്. സ്വരാജ് പൊതുപ്രവർത്തനം ആരംഭിക്കുന്നത് ശരീരത്തിൽ പിണറായി മാനറിസം ആവാഹിച്ചാണെന്നും ഷാജി ചൂണ്ടിക്കാട്ടി.
യുദ്ധത്തെ കുറിച്ചുള്ള സ്വരാജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വലിയ ചർച്ചയായിരുന്നു. യുദ്ധം അനാവശ്യമായിരുന്നുവെന്ന നിലപാട് സ്ഥാനാർഥിയായ സ്വരാജിന് ഇപ്പോൾ ഉണ്ടോ എന്ന് വ്യക്തമാക്കണം. രാഷ്ട്രീയ മത്സരത്തിന് അപ്പുറമുള്ള സാധ്യതയാണ് നിലമ്പൂരിൽ സി.പി.എം നേരത്തെ പരിശോധിച്ചിരുന്നത്. എന്നാൽ, സ്വരാജ് വരുന്നതോടെ രാഷ്ട്രീയ മത്സരത്തിന്‍റെ സാധ്യത കൂടുകയാണ്.
കേരള രാഷ്ട്രീയത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയാകുക എന്നതാണ് ആര്യാടൻ ഷൗക്കത്തിന്‍റെ പ്ലസ് പോയിന്‍റ്. പി.വി. അൻവർ ഉയർത്തിയ രാഷ്ട്രീയ വിഷയങ്ങളും നിലപാടുമാണ് തെരഞ്ഞെടുപ്പിന് ഹേതുവായത്. അൻവർ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഉയർത്തിയ രാഷ്ട്രീയം ചർച്ചയാകും. യു.ഡി.എഫ് നിലപാടിനെ അംഗീകരിക്കുന്നവർ സ്ഥാനാർഥിയെയും അംഗീകരിക്കണമെന്നും കെ.എം. ഷാജി വ്യക്തമാക്കി.
അൻവർ മത്സരിക്കുമ്പോഴും സ്വരാജ് നിലമ്പൂരുകാരനാണ്. പിന്നെ എന്തിനാണ് അൻവറിനെ നിർത്തിയത്. സ്വരാജിനെ എന്തിനാണ് തൃപ്പൂണിത്തുറയിൽ കൊണ്ടു പോയി മത്സരിപ്പിച്ചത്. റിയാസിന് സ്ഥാനങ്ങൾ കിട്ടണമെങ്കിൽ സ്വരാജ് പാടില്ലെന്ന അദ്ദേഹം തീരുമാനിച്ചാൽ മറ്റ് നിവൃത്തിയില്ല. അദ്ദേഹമാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. സ്വരാജിനെ നിലമ്പൂരിൽ നിർത്തിയത് എന്തിനാണെന്ന് കണ്ടറിയണമെന്നും കെ.എം. ഷാജി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

