കെ.എം ഷാജി നിയമസഭാംഗമല്ലാതായി
text_fieldsതിരുവന്തപുരം: കെഎം ഷാജി നിയമസഭാംഗം അല്ലാതായെന്ന് വ്യക്തമാക്കി നിയമസഭാ സെക്രട്ടറിയുടെ അറിയിപ്പ്. 24ാം തീയതിയാണ് അറിയിപ്പ് പുറത്തിറക്കിയത്. ഹൈക്കോടതി വിധിക്കുള്ള സ്റ്റേ അവസാനിച്ചതിനാലും സുപ്രീം കോടതി സ്റ്റേ നീട്ടാത്തതിനാലും ഷാജി നിയമാസഭാംഗം അല്ലാതായെന്നു അറിയിപ്പിൽ പറയുന്നു.
ഷാജിയുടെ അപ്പീൽ ഇന്നും കോടതിയുടെ പരിഗണനക്ക് എത്തിയില്ല. ഇതോടെ നാളെ നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ ഷാജിക്ക് കഴിയില്ല. കേസ് നാളെ കോടതിയുടെ പരിഗണക്കായി ലിസ്റ്റ് ചെയ്യിക്കാനാണ് അഭിഭാഷകരുടെ ശ്രമം.
ലഘുലേഖകളിലൂടെ മതവികാരം ഉണർത്തിയും എതിർസ്ഥാനാർഥിയെ അപകീർത്തിപ്പെടുത്തിയും ക്രമക്കേട് നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് മുസ്ലിം ലീഗിലെ കെ.എം. ഷാജിയുടെ തെരഞ്ഞെടുപ്പ് ഹൈകോടതി റദ്ദാക്കിയത്. തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന തൊട്ടടുത്ത എതിർ സ്ഥാനാർഥിയും ഹരജിക്കാരനുമായ സി.പി.എമ്മിലെ എം.വി. നികേഷ്കുമാറിന്റെ ആവശ്യം തള്ളിയ കോടതി ഹരജിക്കാരന് കോടതിച്ചെലവായി 50,000 രൂപ ഷാജി നൽകണമെന്നും ഉത്തരവിട്ടിരുന്നു. തുടർന്ന്, അപ്പീൽ നൽകാൻ സമയം നൽകുന്നതിന്റെ ഭാഗമായി ഉത്തരവ് നടപ്പാക്കുന്നത് ഇതേ ബെഞ്ച് രണ്ടാഴ്ചത്തേക്ക് തടയുകയും ചെയ്തു.
മതസ്പർധ അഴിച്ചുവിടുന്ന പ്രചാരണം നടത്തിയാണ് കെ.എം. ഷാജി 2016ലെ തെരഞ്ഞെടുപ്പിൽ ജയിച്ചതെന്നും തന്നെ അപകീർത്തിപ്പെടുത്തുന്ന ലഘുലേഖകൾ മണ്ഡലത്തിൽ വ്യാപകമായി വിതരണം ചെയ്തെന്നുമായിരുന്നു നികേഷ്കുമാർ വാദിച്ചത്. ‘ദൈവത്തിനടുക്കൽ അമുസ്ലിമിന് സ്ഥാനമില്ലെന്നും മുസ്ലിമായ തന്നെ വോട്ട് നൽകി അനുഗ്രഹിക്കണമെന്നും’ പറയുന്ന ലഘുലേഖയാണ് ഷാജിക്കുവേണ്ടി മണ്ഡലത്തിൽ വ്യാപകമായി പ്രചരിപ്പിച്ചത്. ഇതിനുപുറമെ നികേഷിനെ അപമാനിക്കുന്ന ആരോപണങ്ങളടങ്ങുന്ന ലഘുലേഖകളും മണ്ഡലത്തിൽ വിതരണം ചെയ്തിരുന്നു.
ഇത്തരം നടപടികൾ സ്ഥാനാർഥിയുടെയോ തെരഞ്ഞെടുപ്പ് ഏജൻറിന്റെയോ അറിവോടെ തന്നെയാണെന്ന് വിലയിരുത്തിയ കോടതി ജനപ്രാതിനിധ്യ നിയമത്തിലെ 123 (3), 123 (4) വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കുമെന്ന് കണ്ടെത്തി. തുടർന്നാണ് തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. അതേസമയം, എതിർ സ്ഥാനാർഥിക്ക് വോട്ട് ചെയ്താൽ സമുദായഭ്രഷ്ട് അടക്കമുള്ള നടപടികളുണ്ടാകുമെന്ന തരത്തിലെ ഭീഷണിയോ നിർബന്ധപൂർവമുള്ള പ്രേരണകളോ ഉണ്ടായിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി ഹരജിക്കാരന്റെ ഇതുസംബന്ധിച്ച ആരോപണം തള്ളിയിരുന്നു.