വീടുകളില്‍ മോദിയുടെ പടം വെക്കുന്നതില്‍ കുഴപ്പമില്ല -കെ.എം. ഷാജി; ‘എന്തുപറ്റി ഷാജിയേട്ടാ...’ എന്ന് എസ്.എഫ്.ഐ
text_fieldsതിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം പണിയുന്ന വീടുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം അടങ്ങുന്ന എംബ്ലം പതിക്കുന്നതില്‍ ഒരു കുഴപ്പവുമില്ലെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.എം. ഷാജി.
‘അങ്ങനെ ഒരു എംബ്ലം വീടുകളില്‍ വെക്കുന്നതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പൈസ കളയേണ്ട കാര്യമില്ല. അന്ന് കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്തും അത്തരത്തില്‍ പല പേരുകള്‍ വന്നിട്ടുണ്ട്. ഇന്ദിര ആവാസ് യോജന എന്നൊക്കെ പേരിലുള്ള പദ്ധതികളാണ് വന്നത്. അതുപോലെ ഇപ്പോഴും വരുന്നുണ്ട് എന്ന് കരുതി അതിനെ തടുക്കേണ്ട കാര്യമില്ല. അതുകൊണ്ട് കേന്ദ്രസര്‍ക്കാറുമായി അണ്‍ഹെല്‍ത്തി ആയിട്ടുള്ള ഒരു ഡിബേറ്റിലേക്ക് പോകാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല’ -കെ.എം. ഷാജി മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ, മന്ത്രിയുടെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് എസ്.എഫ്.ഐ പ്രസിഡന്റ് എം. ശിവപ്രസാദ് രംഗത്തെത്തി. അധികാരം മനുഷ്യനെ മയക്കുമെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍, ചേര തോല്‍ ഉരിയുന്നത് പോലെ ഇത്രയുംനാള്‍ പറഞ്ഞ രാഷ്ട്രീയം ഉരിഞ്ഞു കളഞ്ഞ് സുന്ദരക്കുട്ടനായി നില്‍ക്കുന്ന ലീഗ് നേതാവിനെ കാണുമ്പോള്‍ കൗതുകം തോന്നിപ്പോവുകയാണെന്ന് ശിവപ്രസാദ് പറഞ്ഞു. മന്ത്രിയായ ശേഷം ഷാജി, വിദ്യാർഥികളോട് നിങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിനൊന്നും പോയി സമയം കളയരുത് എന്ന് ഉപദേശിക്കുന്നത് കേട്ടിരുന്നുവെന്നും ശിവപ്രസാദ് ഫേസ്ബുക്കിൽ കുറിച്ചു.
‘അധികാരം തലക്ക് പിടിച്ച് നടുവെ ഓടുകയാണ് ലീഗ് നേതാവ് ചെയ്യുന്നത്. ന്യൂനപക്ഷ രാഷ്ട്രീയം ഈ നേതാവിന് അധികാരത്തിലേക്കുള്ള ചവിട്ടുപടി മാത്രമാണ്. അധികാരം കിട്ടിയാല്‍ പിന്നെ എന്ത് ന്യൂനപക്ഷ അവകാശങ്ങള്‍? എന്ത് സംഘപരിവാര്‍? എന്ത് പോരാട്ടം?
വീട് ഏതൊരു മനുഷ്യന്റെയും ആത്മാഭിമാനത്തിന്റെ കൂടി മുഖമാണ്. അതുകൊണ്ടാണ് കേരളത്തില്‍ വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായി പണിയുന്ന ഒരു വീടിനു മുന്നിലും പ്രത്യേകമായ ഒരു ലോഗോയും പതിക്കേണ്ടതില്ലെന്ന് ഇടതുപക്ഷ ഗവണ്‍മെന്റ് തീരുമാനം എടുത്തത്. ആ തീരുമാനം മാതൃകാപരവും ആയിരുന്നു‘ -അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തില്‍ അധികാരത്തില്‍ എത്താന്‍ കഴിയാതെ പോയ സംഘപരിവാരിന് കൂടി വേണ്ടിയാണ് തങ്ങള്‍ ഭരിക്കുന്നതെന്ന് ലീഗ് മന്ത്രി പ്രഖ്യാപിക്കുന്നത് ഗൗരവത്തോടെ കാണണം. എന്തുപറ്റി ഷാജിയേട്ടാ.. എന്ന് ചോദിക്കാന്‍ ലീഗിന്റെ അണികള്‍ ഇപ്പോഴെങ്കിലും തയാറാവുന്നത് നല്ലതാണെന്നും ശിവപ്രസാദ് എഴുതി.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് നാല് വിഭാഗങ്ങളിലായാണ് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം സഹായം അനുവദിക്കുന്നത്. ചേരി നിർമാര്‍ജനത്തിന് ഒരുലക്ഷം രൂപയും ഗുണഭോക്താക്കള്‍ നേരിട്ട് നിർമിക്കുന്ന വീടുകള്‍ക്ക് ഒന്നര ലക്ഷം രൂപ വീതവും വായ്പയെടുത്ത് വീട് നിർമിക്കുന്നവര്‍ക്ക് 2.67 ലക്ഷം രൂപ പലിശ സബ്‌സിഡിയുമാണ് നല്‍കുന്നത്.
കേന്ദ്ര സഹായത്തോടെ പൂര്‍ത്തിയാക്കുന്ന വീടുകള്‍ക്ക് പ്രത്യേകം ലോഗോ വേണമെന്നതാണ് കേന്ദ്ര നിർദേശം. ഇത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് കഴിഞ്ഞ എൽ.ഡി.എഫ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. ബ്രാൻഡിങ് നല്‍കുന്നത് വിവേചനത്തിന് ഇടയാക്കും എന്നതായിരുന്നു കഴിഞ്ഞ സര്‍ക്കാറിന്റെ നിലപാട്. എല്ലാ ഭവന നിർമാണ പദ്ധതികളും ഒരൊറ്റക്കുടക്കീഴിലാക്കിയാണ് എൽ.ഡി.എഫ് സര്‍ക്കാര്‍ ലൈഫ് മിഷന്‍ എന്ന ഒറ്റ പദ്ധതി ആവിഷ്‌കരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

