കെ.എം ഷാജി വിജിലൻസിന് മുന്നിൽ; ചോദ്യം ചെയ്യലിന് ഹാജരായി
text_fieldsകോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എം.എൽ.എയെ വിജിലൻസ് ചോദ്യം ചെയ്യുന്നു. വെള്ളിയാഴ്ച രാവിലെ പത്തോടെ കോഴിക്കോട് തൊണ്ടയാടുള്ള വിജിലൻസ് ഓഫിസിലാണ് ചോദ്യംചെയ്യലിന് ഹാജരായത്.
വിജിലൻസ് പരിശോധനയിൽ വീട്ടിൽനിന്ന് രേഖകളില്ലാതെ പിടികൂടിയ അരക്കോടിയോളം രൂപ ആരിൽനിന്ന് ലഭിച്ചു, അനധികൃത സ്വത്തായി കണ്ടെത്തിയ 1.47 കോടി രൂപയുടെ സ്രോതസ്സ്, 28 തവണ വിദേശയാത്ര നടത്തിയത് എന്തിന് എന്നതടക്കം കാര്യങ്ങളാണ് ഷാജിയിൽനിന്ന് അറിയാനുള്ളത്. ഇത് മുൻനിർത്തിയുള്ള പ്രത്യേക ചോദ്യാവലി ഉദ്യോഗസ്ഥർ തയാറാക്കിയിട്ടുണ്ട്. എസ്.പി എസ്. ശശിധരെൻറ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം െചയ്യുന്നത്.
രണ്ടു ദിവസങ്ങളിലായി ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളിൽ നടത്തിയ പരിശോധനയുെട റിപ്പോർട്ടും തെളിവുകളും അന്വേഷണ സംഘം ഇന്നലെ വിജിലൻസ് പ്രത്യേക കോടതിയിൽ സമർപ്പിച്ചിരുന്നു. കണ്ണൂരിലെ വീടിെൻറ കിടപ്പുമുറിയിലെ കട്ടിലിനടിയിലുള്ള രഹസ്യ അറയിൽ കണ്ടെത്തിയ രേഖകളില്ലാത്ത 47,35,500 രൂപയും 60 ഗ്രാം സ്വർണാഭരണങ്ങളും കോഴിക്കോട്ടെ വീട്ടിൽനിന്ന് പിടിച്ച 491 ഗ്രാം സ്വർണാഭരണവും 30,000 രൂപയും രണ്ടു വീട്ടിൽനിന്നുമായി പിടിച്ച 77 രേഖകളും സംബന്ധിച്ച റിപ്പോർട്ടാണ് കോടതിക്ക് കൈമാറിയത്.
ഷാജിയുെടയും ഭാര്യ ആശയുടെയും പേരിലുള്ള ഭൂമി, വീടുകൾ, വീട്ടിലെ ആഡംബര ഫർണിച്ചർ, ഗൃഹോപകരണങ്ങൾ എന്നിവയടക്കമുള്ളവയുടെ മൂല്യമുൾപ്പെടെ കണക്കാക്കിയാണ് വിജിലൻസ് റിപ്പോർട്ട് തയാറാക്കിയത്. ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, നിക്ഷേപങ്ങൾ, ബിസിനസ് പങ്കാളിത്തം എന്നിവയും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.