മാണിഗ്രൂപ് നിലപാട് ദൂരവ്യാപക രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്കിടയാക്കും
text_fieldsതിരുവനന്തപുരം: സി.പി.എമ്മുമായി ചേർന്ന്, കോൺഗ്രസിനെ തറപറ്റിച്ച് കോട്ടയം ജില്ല പഞ്ചായത്ത് ഭരണം സ്വന്തമാക്കിയ മാണിഗ്രൂപ് നിലപാട് ദൂരവ്യാപക രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.യു.ഡി.എഫ് വിട്ടപ്പോൾപോലും മാണിയോട് മൃദുസമീപനം സ്വീകരിച്ച കോൺഗ്രസ് നേതൃത്വം അവരുടെ ഇപ്പോഴത്തെ തീരുമാനത്തെ നിശിതമായാണ് വിമർശിച്ചത്. അതേസമയം, ബാർകോഴയുടെയും ബജറ്റ് വിൽപനയുടെയും പേരിൽ ശത്രുപക്ഷത്ത് നിർത്തിയിരുന്ന മാണിയെ പിന്തുണച്ച സി.പി.എം നിലപാട് ഇടതുമുന്നണിയിലും പ്രശ്നങ്ങൾ സൃഷ്ടിക്കും. കോൺഗ്രസുമായുണ്ടായിരുന്ന ധാരണ ലംഘിച്ച് സി.പി.എം പിന്തുണയോടെ ജില്ല പഞ്ചായത്ത് ഭരണം പിടിച്ച പാർട്ടി നിലപാടിനോട് എം.എൽ.എമാർ ഉൾപ്പെടെ മാണിഗ്രൂപ്പിലെ ഒരുവിഭാഗം നേതാക്കളും യോജിക്കുന്നില്ല.
ഇക്കാര്യത്തിൽ പഴയ ജോസഫ് പക്ഷക്കാരെ കൂടാതെ മാണിയുടെ വിശ്വസ്തരായ ഒേട്ടറെ പ്രമുഖർക്കും എതിർപ്പുണ്ട്. പാർട്ടിക്കുള്ളിലെ അസ്വസ്ഥത മോൻസ് ജോസഫ് എം.എൽ.എ പരസ്യമായി പ്രകടിപ്പിച്ചുകഴിഞ്ഞു. ഇത് പാർട്ടിയെ വീണ്ടുമൊരു പിളർപ്പിലേക്ക് പോലും നയിച്ചേക്കാം. ജനപ്രതിനിധികളെ സംബന്ധിച്ചിടത്തോളം പരിധിവിടാൻ കൂറുമാറ്റ നിരോധന നിയമം തടസ്സമാണെങ്കിലും നേതൃത്വത്തിന് തലവേദനയുണ്ടാക്കാൻ സാധിക്കും. പാർട്ടിയിൽ ജോസ് കെ. മാണി പിടിമുറുക്കുന്നതിനെതിരെ നേരത്തെതന്നെ ശക്തമായ വികാരം ഉണ്ട്. സി.പി.എമ്മുമായി ഇപ്പോൾ ഉണ്ടാക്കിയ കൂട്ടുകെട്ടിന് പിന്നിൽ അദ്ദേഹത്തിെൻറ താൽപര്യം ആണെന്ന വിമർശനവും ഉയരുന്നുണ്ട്.
കോട്ടയം ജില്ല പഞ്ചായത്തിലെ രാഷ്ട്രീയ അട്ടിമറിയെ കേവലം പ്രാദേശിക വിഷയമായി മാത്രം കാണാൻ കോൺഗ്രസ് തയാറല്ല. മാണിഗ്രൂപ്പിെൻറ ചാഞ്ചാട്ടം തിരിച്ചറിഞ്ഞ് അവരെ അനുനയിപ്പിച്ച് ഒപ്പം നിർത്താൻ മുൻനിര നേതാക്കൾ ഉൾപ്പെടെയുള്ളവരെ കോൺഗ്രസ് നേതൃത്വം കോട്ടയത്തേക്ക് അയച്ചിരുെന്നങ്കിലും ഫലം കണ്ടില്ല. ഇടതുമുന്നണിയിലേക്കുള്ള മാണിയുടെ ചുവടുമാറ്റത്തിെൻറ തുടക്കമായാണ് ഇൗ നീക്കത്തെ പാർട്ടി കാണുന്നത്. അതിനാൽത്തന്നെയാണ് കടുത്തപ്രതികരണം മുതിർന്ന നേതാക്കളിൽനിന്ന് തന്നെ ഉണ്ടായത്. രാഷ്ട്രീയ വഞ്ചന കാട്ടിയ മാണിഗ്രൂപ്പിെൻറ യു.ഡി.എഫിലേക്കുള്ള മടങ്ങിവരവ് അടഞ്ഞ അധ്യായമായെന്ന സൂചനയാണ് കോൺഗ്രസ് നേതാക്കൾ നൽകുന്നത്. അതിന് കാരണക്കാരൻ മാണിയാണെന്ന് വ്യക്തമാക്കാനും അവർ മടിക്കുന്നില്ല.
ഗുരുതരമായ ആരോപണങ്ങൾ ഉയർത്തി ഇക്കാലമത്രയും ശത്രുപക്ഷത്ത് നിർത്തിയിരുന്ന മാണിഗ്രൂപ്പിനെയാണ് സി.പി.എം അപ്രതീക്ഷിതമായി പിന്തുണച്ചിരിക്കുന്നത്. ഇത് ഇടതുമുന്നണിയിലും പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. ഇൗ നീക്കത്തോട് സി.പി.െഎ യോജിക്കുന്നില്ല. അത് അവർ പ്രകടിപ്പിക്കുകയും ഇടതുമുന്നണിയിലേക്ക് വരാമെന്ന മോഹം വേെണ്ടന്ന സൂചനയും നൽകുന്നു. ഇക്കാര്യത്തിൽ പൊതുസമൂഹത്തോട് എന്ത് വിശദീകരണം നൽകുമെന്നതായിരിക്കും ഇടതുമുന്നണി നേരിടുന്ന പ്രധാന വെല്ലുവിളി.
ഇതിന് സി.പി.എം ഏറെ പാടുപെടേണ്ടിവരുമെങ്കിലും രാഷ്ട്രീയമായി അവർക്ക് ഗുണകരമാണ്. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പ് വരെയെങ്കിലും മാണിഗ്രൂപ് യു.ഡി.എഫിന് പുറത്തുനിൽക്കണമെന്നാണ് സി.പി.എം ആഗ്രഹിക്കുന്നത്. ഇപ്പോഴെത്ത നിലപാടിലൂടെ യു.ഡി.എഫിലേക്കുള്ള മാണിയുടെ തിരിച്ചുപോക്കിന് തടയിടാൻ അവർക്ക് സാധിച്ചിട്ടുണ്ട്. ഇടതുമുന്നണി പ്രവേശമെന്ന മോഹംനൽകി മാണിയെ ഒപ്പംനിർത്തുകയെന്ന തന്ത്രമായിരിക്കും സി.പി.എം സ്വീകരിക്കുക. എന്നാൽ സി.പി.െഎയുടെയും വി.എസ്. അച്യുതാനന്ദെൻറയും കടുത്ത എതിർപ്പ് മറികടന്ന് എൽ.ഡി.എഫ് പ്രവേശനം ഉറപ്പാക്കാൻ അവർ പാടുപെടേണ്ടിയും വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
