കെ.എം. ബഷീറിന്‍റെ മരണം: സി.സി.ടി.വി ദൃശ്യങ്ങൾ ശ്രീറാം വെങ്കിട്ടരാമന് നൽകണമെന്ന് കോടതി
text_fieldsതിരുവനന്തപുരം: മാധ്യമപ്രവർത്തകനായ കെ.എം ബഷീറിനെ മദ്യപിച്ച് കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന് സി.സി.ടി.വി ദൃശ്യങ്ങളും അനുബന്ധ രേഖകളും നൽകണമെന്ന് തിരുവനന്തപുരം സി.ജെ.എം കോടതി. കവടിയാർ -മ്യൂസിയം റോഡിലെ ദൃശ്യങ്ങളാണ് ശ്രീറാമിന് പരിശോധനക്കായി നൽകുക. കേസിലെ പ്രതിയും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമന്‍റെ അപേക്ഷ പരിഗണിച്ചാണ് കോടതി ഉത്തരവ്.
കേസിൽ മൂന്നു തവണ ഹാജരാകാതിരുന്ന ശ്രീറാം വെങ്കിട്ടരാമന് കോടതി അന്ത്യശാസനം നൽകിയിരുന്നു. തുടർന്ന് കോടതിയിൽ ഹാജരായ ശ്രീറാം കുറ്റപത്രം വായിച്ചു കേട്ടു. പിന്നീട് കോടതി ജാമ്യം നൽകുകയായിരുന്നു. ശ്രീറാമിന്‍റെ സുഹൃത്തും കേസിലെ രണ്ടാം പ്രതിയുമായ വഫ ഫിറോസ് നേരത്തെ കോടതിയിൽ ഹാജരായി ജാമ്യമെടുത്തിരുന്നു.
മദ്യലഹരിയിലായിരുന്ന ശ്രീറാം അമിത വേഗത്തിൽ കാറോടിച്ച് കയറ്റി മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ കൊലപ്പെടുത്തിയെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നത്. കഴിഞ്ഞ ആഗസ്റ്റ് മൂന്നിന് പുലർച്ചെ മ്യൂസിയത്തിന് സമീപം പബ്ലിക്ഒാഫിസിന് മുന്നിൽ വെച്ചാണ് കാറിടിച്ച് ബഷീർ കൊല്ലപ്പെട്ടത്.
തുടർന്ന് അറസ്റ്റിലായ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാമിനെ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. സസ്പെൻഷൻ പിന്നീട് മൂന്ന് മാസത്തേക്ക് കൂടി നീട്ടി. പിന്നീട് സസ്പെൻഷൻ റദ്ദാക്കി സർവീസിൽ തിരിച്ചെടുത്ത സംസ്ഥാന സർക്കാർ ആരോഗ്യ വകുപ്പിൽ നിയമിച്ചു.