കെ.എം. ബഷീർ വധക്കേസ്: രഹസ്യമൊഴി നൽകിയ ദൃക്സാക്ഷി കൂറുമാറി
text_fieldsകെ.എം. ബഷീർ
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ നിർണായക ദൃക്സാക്ഷി കോടതിയിൽ കൂറുമാറി. രഹസ്യമൊഴി നൽകിയ മൂന്നാം സാക്ഷിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ ഷഫീഖാണ് വിചാരണവേളയിൽ പ്രതിക്ക് അനുകൂലമായി മൊഴി തിരുത്തിയത്. തിരുവനന്തപുരം നാലാം അഡിഷണൽ സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുന്നത്. കാർ അമിതവേഗതയിൽ വന്ന് ബഷീറിന്റെ ബൈക്കിൽ ഇടിക്കുന്നത് കണ്ടെന്നും, വാഹനം ഓടിച്ചിരുന്നത് താടിവെച്ച ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനാണെന്ന് തിരിച്ചറിഞ്ഞെന്നുമായിരുന്നു ഷഫീഖ് നേരത്തെ പൊലീസിനും മജിസ്ട്രേറ്റിനും നൽകിയ രഹസ്യമൊഴി. എന്നാൽ, വിചാരണാവേളയിൽ സാക്ഷി ഈ നിലപാട് തിരുത്തുകയായിരുന്നു.
ബഷീറിനെ ഇടിച്ച കാറോടിച്ചത് ആരാണെന്ന് അറിയില്ലെന്നും പ്രതിക്കൂട്ടിൽ നിൽക്കുന്ന ആളെ അറിയില്ലെന്നും ഷഫീഖ് പറഞ്ഞു. സംഭവസമയത്ത് ഒരു സ്ത്രീയും പുരുഷനും സ്ഥലത്തുണ്ടായിരുന്നെന്നും ഇയാൾ മൊഴി നൽകി. എന്നാൽ, നാലാം സാക്ഷിയായ പി.ഡബ്ല്യു.ഡി ഓഫീസിലെ വാച്ച്മാൻ അനിൽ കുമാർ പ്രോസിക്യൂഷന് അനുകൂലമായ മൊഴി നൽകി. അപകടസമയത്ത് ശബ്ദംകേട്ട് പുറത്തുവന്നപ്പോൾ വാഹനം ഇടിച്ചു കിടക്കുന്നത് കണ്ടെന്നും, നാട്ടുകാരും പോലീസും ചേർന്ന് വാഹനം ഓടിച്ചത് ശ്രീറാമാണെന്ന് പറയുന്നതു കേട്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. അന്ന് അപകടസ്ഥലത്തു കണ്ട അതേ ശ്രീറാം തന്നെയാണ് ഇന്ന് കോടതിയിൽ ഹാജരായിരിക്കുന്നതെന്നും സാക്ഷി വ്യക്തമാക്കി.
കേസിന്റെ വിചാരണ ആരംഭിച്ച ശേഷം ഇതുവരെ നാല് സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ദൃക്സാക്ഷിയാണ് ഇപ്പോൾ കൂറുമാറിയിരിക്കുന്നത്. മനഃപൂർവമല്ലാത്ത നരഹത്യ, അപകടകരമായ രീതിയിലും മദ്യപിച്ചും വാഹനമോടിക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. 2019 ആഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ചിരുന്ന കാറിടിച്ച് കെ. എം. ബഷീർ കൊല്ലപ്പെടുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ബി.എസ്. രാജേഷ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

