ബഷീറിെൻറ മരണം: ശ്രീറാമിനും വഫക്കും കുറ്റപത്രം നൽകി
text_fieldsതിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ യുവ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസിനും കുറ്റപത്രം നൽകി.
രണ്ടു പ്രതികളും നേരിട്ട് ഹാജരാകാത്തതിനാൽ ഇവരുടെ അഭിഭാഷകർക്കാണ് കുറ്റപത്രം കോടതി കൈമാറിയത്. കേസ് ഏപ്രിൽ 16ന് വീണ്ടും പരിഗണിക്കും.
തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് കേസ് പരിഗണിക്കുന്നത്. 2019 ആഗസ്റ്റ് മൂന്നിന് പുലർച്ച ഒന്നിനാണ് 2013 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ചിരുന്ന കാറിടിച്ച് മാധ്യമ പ്രവർത്തകനായ ബഷീർ കൊല്ലപ്പെട്ടത്.
കുറ്റപത്രം കോടതി അംഗീകരിച്ചെങ്കിലും ചില സുപ്രധാന കണ്ടെത്തലുകൾ കുറ്റപത്രത്തിൽ കാണുന്നില്ല. മനഃപൂർവമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കൽ, മോട്ടോർ വാഹന നിയമ ലംഘനം, പൊതുമുതൽ നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. പത്തു വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ.
