‘‘മാഹി പറഞ്ഞുവന്നപ്പോൾ ഗോവയായി; പരാമർശം തിരുത്തുന്നു’’
text_fieldsതിരുവനന്തപുരം: ബി.ബി.സി വേൾഡ് വാർത്ത ചാനലിൽ കഴിഞ്ഞ ദിവസം നടന്ന അഭിമുഖത്തിനിടെയുള്ള വിവാദ പരാമർശത്തിൽ വിശദീകരണവുമായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ. കേരളത്തില്‍ മൂന്നുമരണമാണ് ഉണ്ടായതെന്നും നാലാമത്തെ മരണം ചികിത്സ തേടി കേരളത്തിലെത്തിയ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹി സ്വദേശിയുടേതായിരുന്നു എന്നാണ് പറയാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ പറഞ്ഞു വന്നപ്പോള്‍ അത് ഗോവ എന്നായിപ്പോയി. തെറ്റായ പരാമര്‍ശം തിരുത്തുകയാണെന്നും കെ.കെ ശൈലജ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളം കൈവരിച്ച മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിരുന്നു ബി.ബി.സിയിൽ വന്ന ചർച്ച. കോവിഡ് പ്രതിരോധത്തില്‍ പ്രവര്‍ത്തിക്കുന്ന ഓരോരുത്തര്‍ക്കുമുള്ള അഭിമാന നിമിഷമായിരുന്നു അത്. തുടര്‍ന്നും എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ കൂട്ടിച്ചേർത്തു.
