കാഫിർ സ്ക്രീൻഷോട്ട്: വർഗീയ ധ്രുവീകരണം ഉണ്ടായിട്ടില്ലെന്ന് കെ.കെ. ശൈലജ; ‘ഞാൻ സ്വാഗതം ചെയ്താലും ഇല്ലെങ്കിലും അന്വേഷണം നടക്കില്ലേ?’
text_fieldsതിരുവനന്തപുരം: വിവാദമായ കാഫിർ സ്ക്രീൻ ഷോട്ട് കേസ് അന്വേഷിക്കാൻ എസ്.ഐ.ടിയെ നിയോഗിച്ചതിൽ പ്രതികരണവുമായി വടകരയിലെ അന്നത്തെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജ. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതിനെ സ്വാഗതം ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ‘ഞാൻ സ്വാഗതം ചെയ്താലും ഇല്ലെങ്കിലും അന്വേഷണം നടക്കില്ലേ?’ എന്നായിരുന്നു ശൈലജയുടെ പ്രതികരണം. കാഫിർ സ്ക്രീൻ ഷോട്ടിലൂടെ വർഗീയധ്രുവീകരണം നടന്നിട്ടില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
‘ഞാൻ സ്വാഗതം ചെയ്താലും ഇല്ലെങ്കിലും അന്വേഷണം നടക്കൂലേ? അന്വേഷണം നടക്കട്ടെ. അത്തരത്തിലുള്ള എല്ലാ കാര്യങ്ങളും ഇങ്ങനെ അന്വേഷിച്ചു കണ്ടുപിടിക്കട്ടെ. ഞാൻ അവിടെ ഒരു സ്ഥാനാർഥിയായി എന്നുള്ളതല്ലേ ഉള്ളൂ. ഇതാരാ എന്നുള്ളത് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ അന്വേഷിച്ചു കണ്ടുപിടിക്കട്ടെ. വർഗീയ ധ്രുവീകരണം ഒന്നും ഉണ്ടായിട്ടില്ല. അങ്ങനെയുള്ള ശ്രമം എല്ലാ തെരഞ്ഞെടുപ്പിലും നടക്കാറില്ലേ. ഇത് ആരാണെന്നുള്ളത് കണ്ടുപിടിക്കട്ടെ’ -ശൈലജ പറഞ്ഞു.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലായിരുന്നു വടകര മണ്ഡലത്തിൽ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ‘കാഫിർ സ്ക്രീൻ ഷോട്ട്’ വിവാദം ഉടലെടുത്തത്. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ തലേദിവസമായിരുന്നു വിവാദ സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. വടകര എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന കെ.കെ. ശൈലജക്കെതിരെ മത്സരിച്ച യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെ ഇടതുപക്ഷ സൈബർ ഗ്രൂപ്പുകളിലാണ് ‘കാഫിർ സ്ക്രീൻഷോട്ട്’ എന്ന പേരിൽ സന്ദേശം പ്രചരിപ്പിച്ചത്. ‘മറ്റേതോ കാഫിറായ സ്ത്രീ സ്ഥാനാർഥി... ആർക്കാണ് നമ്മൾ വോട്ട് ചെയ്യേണ്ടത്... നമ്മളിൽ പെട്ടവനല്ലേ... ചിന്തിച്ചു വോട്ട് ചെയ്യുക...’ എന്ന രീതിയിലായിരുന്നു സ്ക്രീൻഷോർട്ട് പ്രചരിച്ചത്. പി.കെ. മുഹമ്മദ് കാസിം എന്നയാൾ വാട്സ്ആപ്പിൽ അയച്ചെന്ന് വരുത്തിതീർത്താണ് വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത്.
എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഇതു സംബന്ധിച്ച് പൊലീസിന് നൽകിയ പരാതിയിൽ എം.എസ്.എഫ് നേതാവ് മുഹമ്മദ് കാസിമിന്റെ പേരിൽ കേസെടുത്തിരുന്നു. എന്നാൽ, അന്വേഷണം ചെന്നെത്തിയത് ഡി.വൈ.എഫ്.ഐ നേതാവിലേക്കായിരുന്നു. ഇടത് സൈബർ ഗ്രൂപ്പുകളായ ‘പോരാളി ഷാജി’യുടെ അഡ്മിൻ, ‘അമ്പാടിമുക്ക് സാഖാക്കൾ’ പേജിന്റെ അഡ്മിൻ എന്നിവരും സന്ദേശം പ്രചരിപ്പിച്ചെന്ന് കണ്ടെത്തി. ഇവരുടെ ഫോണുകൾ ഫോറൻസിക് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈകോടതി ഉത്തരവിട്ടെങ്കിലും പൊലീസ് അന്വേഷണം അവസാനിപ്പിക്കുന്നതായി വടകര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണസംഘം റിപ്പോർട്ട് നൽകുകയായിരുന്നു.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ വലിയ വിവാദം സൃഷ്ടിച്ച സംഭവത്തിൽ സ്ക്രീൻഷോട്ട് ആര് സൃഷ്ടിച്ചുവെന്നത് കണ്ടെത്താൻ പൊലീസിനായില്ല. ഇതിന് പിന്നിലുള്ള ഗൂഢാലോചന സംബന്ധിച്ചും അന്വേഷണ സംഘത്തിന് കണ്ടെത്താൻ സാധിച്ചില്ല. പുതിയ സാഹചര്യത്തിൽ ഫോണുകളുടെ ഫോറൻസിക് റിപ്പോർട്ട് ലഭിക്കാൻ വീണ്ടും അപേക്ഷ നൽകി കേസിൽ തുടർനടപടികൾ സ്വീകരിക്കാനാണ് പൊലീസ് നീക്കം.
കോഴിക്കോട് റൂറൽ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ടി. മനോഹരനാണ് എസ്.ഐ.ടി തലവൻ. കണ്ണൂർ റേഞ്ച് ഡി.ഐ.ജിക്കാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല. കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും സംഘത്തിന്റെ പ്രവർത്തനം. വടകര ഇൻസ്‌പെക്ടർ എ.വി. ദിനേശ്, എസ്.ഐ കെ.രഞ്ജിത്ത്, ക്രൈബ്രാഞ്ച് എസ്.സി.പി.ഒമാരായ കെ.ബി വിജേഷ്, കെ.സുധീഷ്, വടകര സ്റ്റേഷനിലെ ശ്രീജ, സൈബർ സെല്ലിലെ റിജേഷ്, സരേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
കേസ് പ്രത്യേക അന്വേഷണസംഘത്തിന് വിട്ട നടപടിയെ പാറക്കൽ അബ്ദുല്ല എം.എൽ.എ സ്വാഗതം ചെയ്തു. കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ സി.പി.എം എപ്പോഴെങ്കിലും കോടതിയിൽ പോവുകയോ അന്വേഷിക്കുകയോ ചെയ്തിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. ‘സി.പി.എമ്മിന് ഈ കേസിൽ എന്താണ് നിലപാട്? ഇതിന് പിന്നിൽ മുസ്‍ലിം ലീഗ് ആണ്, യു.ഡി.എഫ് ആണ്, മുഹമ്മദ് കാസിം ആണ് എന്ന് അവരാണല്ലോ പറയുന്നത്. ആളെ ഐഡന്റിഫൈ ചെയ്തതായും ഇന്നയാളുടെ ഫോണിൽ നിന്നാണ് വന്നത് എന്നുമൊക്കെ അവർ പറഞ്ഞു. മുഹമ്മദ് കാസിം എന്ന് പറയുന്ന ചെറിയ പയ്യനെ പിറ്റേദിവസം മുതൽ ഒരു ഭീകരനായാണ് ജനം കണ്ടത്. വലിയ പ്രശ്നമായിരുന്നു അവൻ നേരിട്ടത്. പുറത്തിറങ്ങാൻ പറ്റുന്നില്ല, ചെറിയൊരു ബിസിനസ് നടത്തുന്ന അവന് അവിടെ പോകാൻ കഴിയുന്നില്ല, കല്യാണ വീടുകളിലോ മരണവീടുകളിലോ പോകാൻ പറ്റുന്നില്ല. എല്ലാവരും അവനെ എന്തോ ഒരു അപകടകാരിയെന്ന പോലെയാണ് കണ്ടത്. അത് മാത്രമല്ല വടകരയിലെ രാഷ്ട്രീയം അനുസരിച്ച് ഏത് സമയവും ഇതിന്റെ പേരിൽ ആക്രമിക്കപ്പെടാം എന്ന ഒരു സാഹചര്യവും ഉണ്ടായിരുന്നു. അതിനാൽ, ഇതിൽ ഞങ്ങൾ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. ആരാണോ ഇത് ചെയ്തത്, അത് പുറത്തുവരണം. എങ്കിലേ എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ഇതുപോലുള്ള നരേറ്റീവ് ഉണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഏർപ്പാട് നിർത്താനും സമാധാനത്തോടെ ജീവിക്കാനും കഴിയൂ’ -പാറക്കൽ അബ്ദുല്ല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

