തിരുവനന്തപുരം: ദത്ത് നൽകിയ കുഞ്ഞ് അനുപമയുടേതാണെന്ന ഡി.എൻ.എ ഫലത്തോട് പ്രതികരിച്ച് ആർ.എം.പി നേതാവ് കെ.കെ. രമ എം.എൽ.എ. ഒരു അമ്മയുടെയും അച്ഛന്‍റെയും സഹന സമരത്തിന്‍റെ വിജയമാണിതെന്ന് കെ.കെ. രമ പറഞ്ഞു.
ഒരു കുഞ്ഞിന് വേണ്ടി ഒരമ്മ തെരുവിൽ വന്ന് കിടക്കേണ്ട സാഹചര്യം സൃഷ്ടിച്ചത് ഭരണകൂടമാണ്. മുഖ്യമന്ത്രി ചെയർമാനായ ചൈൽഡ് വെൽഫെയർ കമ്മിറ്റിയിലെ ആളുകളാണ് അനുപമക്ക് ഈ ഗതി വരുത്തിയത്. ഇത്തരത്തിൽ ഒരു സമരം ഇന്ത്യയിൽ കേട്ടിട്ടില്ലെന്നും കെ.കെ. രമ മാധ്യമങ്ങളോട് വ്യക്തമാക്കി.
കുഞ്ഞ് അനുപമയുടേതാണെന്ന് തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ബയോടെക്നോളജിയിൽ നടത്തിയ ഡി.എൻ.എ പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. കുഞ്ഞ്, അനുപമ, ഭർത്താവ് അജിത്കുമാർ എന്നീ മൂന്നു പേരുടെയും ഡി.എൻ.എ ഫലം പോസിറ്റീവ് ആണ്.
കുഞ്ഞിനെ കാണാൻ അനുപമക്ക് ചൈൽഡ് വെൽഫെയർ കമ്മിറ്റി അനുമതി നൽകി. ഇതേതുടർന്ന് കുന്നുകുഴിയിലെ നിർമല ശിശു ഭവനിലെത്തി കുഞ്ഞിനെ കണ്ടു. പ്രസവിച്ച് മൂന്നാംനാൾ മാറ്റപ്പെട്ട കുഞ്ഞിനെ ഒരു വർഷത്തിന് ശേഷമാണ് അനുപമ കാണുന്നത്.