കെ.കെ. രമയുടെ കൈക്ക് വീണ്ടും പ്ലാസ്റ്ററിട്ടു
text_fieldsതിരുവനന്തപുരം: നിയമസഭയിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ കെ.കെ. രമ എം.എൽ.എയുടെ കൈക്ക് വീണ്ടും പ്ലാസ്റ്ററിട്ടു. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിയാണ് രണ്ടാമത് പ്ലാസ്റ്ററിട്ടത്. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത് വ്യാജ എക്സ്റേയാണെന്ന് ഡോക്ടർമാർ പറഞ്ഞതായി കെ.കെ. രമ മാധ്യമങ്ങളോട് പ്രതികരിച്ചു. തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ കൂടുതൽ നടപടി സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
മൂന്നു ദിവസത്തിനുശേഷം വരാൻ ഡോക്ടർ പറഞ്ഞിരുന്നു. ആദ്യത്തെ പ്ലാസ്റ്റർ നീക്കിയപ്പോൾ നീര് കുറഞ്ഞിട്ടില്ല, വേദനയുമുണ്ട്. ഒരാഴ്ചത്തേക്കുകൂടി പ്ലാസ്റ്ററിടാൻ ഡോക്ടർ നിർദേശിച്ചു. കഴിഞ്ഞദിവസം നിയമസഭയിലെ സ്പീക്കറുടെ ഓഫിസിന് മുന്നിൽ നടന്ന സംഘർഷത്തെ തുടർന്ന് പരിക്കേറ്റ രമ തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ് ചികിത്സ തേടിയത്. എന്നാൽ, കൈയിലെ ഒടിവ് സംബന്ധിച്ച് വ്യാജ പ്രചാരണങ്ങളുണ്ടായി.
കൈക്ക് പൊട്ടലില്ലെന്ന നിലയിലുള്ള എക്സ്റേ ഉൾപ്പെടെ പ്രചരിക്കപ്പെട്ടു. ആശുപത്രിയിൽനിന്ന് എക്സ്റേ ചോർന്നില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയതായി രമ പറയുന്നു. അതിനിടെ നിയമസഭയിൽ തെളിവെടുപ്പും മൊഴിയെടുപ്പും നടത്താനുള്ള പൊലീസ് നീക്കം പരാജയപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് നിയമസഭാ സെക്രട്ടറിക്ക് പൊലീസ് കത്ത് നൽകിയെങ്കിലും അനുമതി ലഭിച്ചില്ലെന്നാണ് വിവരം. അങ്ങനെയെങ്കിൽ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുക പൊലീസിന് വെല്ലുവിളിയാകും. ഏഴ് പ്രതിപക്ഷ എം.എൽ.എമാർക്കും രണ്ട് ഭരണപക്ഷ എം.എൽ.എമാർക്കും വാച്ച് ആൻഡ് വാർഡുമാർക്കുമെതിരെയാണ് കേസുകൾ.