'ആരും മറിച്ചൊരു വിധി പ്രതീക്ഷിച്ചിട്ടുണ്ടാവില്ല; ജനാധിപത്യ കേരളം അവൾക്കൊപ്പം, നീതിക്കുവേണ്ടിയുള്ള സമരം അവസാനിക്കുന്നില്ല' -കെ.കെ രമ
text_fieldsകെ.കെ രമ
കോഴിക്കോട്: നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് ആർ.എം.പി നേതാവും എം.എൽ.എയുമായ കെ.കെ രമ. അതിക്രൂരമായ കുറ്റകൃത്യത്തിന് പിറകെ ഗൂഢാലോചന തെളിയിക്കുന്നതിൽ പൊലീസും പ്രോസിക്യൂഷനും പരാജയപ്പെട്ടതിന് പിറകിൽ ഉന്നത ഒത്തുതീർപ്പുകളുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് കെ.കെ. രമ ആരോപിച്ചു. വിധി നിരാശാജനകമെങ്കിലും നീതിക്കുവേണ്ടിയുള്ള സമരം അവസാനിക്കുകയില്ലെന്നും അവർ പ്രതികരിച്ചു.
കെ.കെ രമയുടെ ഫേസ്ബുക്ക് പോസ്റ്റ്
ചലച്ചിത്ര നടി ആക്രമിക്കപ്പെട്ട കേസിന്‍റെ നാൾവഴികൾ പിന്തുടർന്ന ആരും മറിച്ചൊരു വിധി പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ന്യായാധിപയെ സംബന്ധിച്ച് അതിജീവിതക്കുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ, കോടതിയുടെ സുരക്ഷയിലുണ്ടായിരുന്ന മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യൂ മാറിയത് തുടങ്ങി ഒട്ടനേകം സന്ദർഭങ്ങൾ നീതിബോധമുള്ള മനുഷ്യരെ ആശങ്കയിലാഴ്ത്തിരുന്നു.
അക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും നീതിപീഠത്തെ ചൂഴ്ന്നു നിൽക്കുന്ന കാർമേഘങ്ങൾ നീക്കണമെന്നും പറഞ്ഞത് ഹൈകോടതിയാണ്. അതിക്രൂരമായ ഈ കുറ്റകൃത്യത്തിന് പിറകെ ഗൂഢാലോചന തെളിയിക്കുന്നതിൽ പൊലീസും പ്രോസിക്യൂഷനും പരാജയപ്പെട്ടു. ഈ പരാജയത്തിനു പിറകിൽ കാണാമറയത്തെ ഉന്നത ഒത്തുതീർപ്പുകളുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
വിധി നിരാശാജനകമെങ്കിലും നീതിക്കുവേണ്ടിയുള്ള സമരം അവസാനിക്കുകയില്ല. ഇതിനുമുകളിലും കോടതികളുണ്ട്. കോടതി മുറികളിൽ സാങ്കേതികമായി പരാജയപ്പെട്ടാലും സമൂഹ മനഃസാക്ഷിയുടെ കോടതിയിലും മനുഷ്യഭാവിയുടെ പോർമുഖത്തും വിജയിച്ചു നിൽക്കുകയാണ് അതിജീവിത.
അവളുടെ ഉയർത്തെഴുന്നേൽപ്പ് ഒരു ചരിത്രമാണ്. അവൾ പരാജയപ്പെടുകയില്ല. ജനാധിപത്യ കേരളം അവൾക്കൊപ്പം അടിയുറച്ചു നിൽക്കും. സ്നേഹാഭിവാദ്യങ്ങൾ പ്രിയപ്പെട്ടവളേ..
കെ.കെ രമ
കേസിൽ നടൻ ദിലീപ് ഉൾപ്പെടെ 10 പ്രതികളായിരുന്നു. ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളുടെ ശിക്ഷ ഡിസംബർ 12ന് പ്രഖ്യാപിക്കും. മറ്റുള്ളവരെ കോടതി വെറുതെ വിട്ടു. എൻ.എസ് സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. എട്ടാം പ്രതിയായിരുന്നു ദിലീപ്. ദിലീപ് കുറ്റകൃത്യത്തിൽ പങ്കെടുത്തതിന് തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി.എം വർഗീസാണ് കേസിൽ വിധി പ്രസ്താവിച്ചത്.
ഒന്നു മുതൽ ആറ് വരെ പ്രതികൾക്കെതിരെ ചുമത്തിയ ബലാത്സംഗം ഉൾപ്പടെയുള്ള കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞു. എന്നാൽ, ഏഴ് മുതലുള്ള പ്രതികൾക്കെതിരെ ചുമത്തിയ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ദിലീപിനൊപ്പം ഏഴാം പ്രതി ചാർളി തോമസ്, ഒമ്പതാം പ്രതി സനിൽകുമാർ, പത്താം പ്രതി ശരത് ജി നായർ എന്നിവരെയാണ് കോടതി വെറുതെവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

