ചട്ടലംഘന ആക്ഷേപം ബാക്കി: കെ.കെ രാഗേഷിന്‍റെ ഭാര്യക്ക് അസോ. പ്രഫസറായി നിയമനം; റാങ്ക്‍ലിസ്റ്റിന് സിൻഡിക്കേറ്റിന്റെ അംഗീകാരം
text_fieldsകണ്ണൂർ: മതിയായ അധ്യാപന പരിചയമില്ലെന്ന ആക്ഷേപം നിലനിൽക്കെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ നിയമനം. കഴിഞ്ഞ നവംബറിൽ തയാറാക്കിയ റാങ്ക് പട്ടികയിൽ ഒന്നാം റാങ്കുകാരിയായ പ്രിയയുടെ നിയമനം രാഷ്ട്രീയ വിവാദങ്ങളെ തുടർന്ന് മരവിപ്പിക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യക്ക് മതിയായ യോഗ്യതകളില്ലാതെ അനധികൃത നിയമന നീക്കം നൽകുന്നുവെന്നായിരുന്നു ആദ്യം മുതലേയുള്ള ആക്ഷേപം. റാങ്ക് പട്ടിക നിലവിൽവന്ന് ഏഴു മാസത്തിനുശേഷം തിങ്കളാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗമാണ് ഇതിന് അംഗീകാരം നൽകിയത്. മലയാളം വിഭാഗം അസോസിയേറ്റ് പ്രഫസറായാണ് ഇവർ ജോലിയിൽ പ്രവേശിക്കുക. അസോ. പ്രഫസർ തസ്തികക്ക് യു.ജി.സി വ്യവസ്ഥയനുസരിച്ചുള്ള എട്ടു വർഷത്തെ അധ്യാപന പരിചയം പ്രിയക്ക് ഇല്ലെന്നായിരുന്നു ആരോപണം.
ചട്ടം അനുസരിച്ച് അസോ. പ്രഫസര്‍ക്ക് ഗവേണഷ ബിരുദവും എട്ടു വര്‍ഷം അസി. പ്രഫസര്‍ തസ്തികയിലുള്ള അധ്യാപന പരിചയവുമാണ് യോഗ്യത. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമന തസ്തികയിലേക്കുള്ള വിജ്ഞാപനത്തിലും ഈ യോഗ്യതയുടെ കാര്യം പ്രത്യേകം പരാമര്‍ശിച്ചിരുന്നു. 2012ൽ തൃശൂർ, കേരളവർമ കോളജിൽ മലയാളം അസി. പ്രഫസറായി നിയമനം ലഭിച്ച പ്രിയ സർവിസിലിരിക്കെ മൂന്നുവർഷത്തെ അവധിയിൽ ഗവേഷണം നടത്തിയാണ് പിഎച്ച്.ഡി ബിരുദം നേടിയത്. യു.ജി.സി നിയമം അനുസരിച്ച് ഗവേഷണ ബിരുദം നേടുന്നതിന് വിനിയോഗിച്ച കാലയളവ് അധ്യാപന പരിചയമായി കണക്കുകൂട്ടാൻ പാടില്ലെന്നാണ് വ്യവസ്ഥ.
ഗവേഷണം കഴിഞ്ഞ് 2019 മുതല്‍ രണ്ടു വര്‍ഷം കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡന്റ് സർവിസ് ഡയറക്ടറായും ഇവര്‍ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തിരുന്നു. ഭരണപരമായ ഉത്തരവാദിത്തം മാത്രമായതിനാല്‍ ഈ തസ്തികയും അധ്യാപന പരിചയത്തില്‍ ഉള്‍പ്പെടുത്താനാകില്ല. എന്നിട്ടും എല്ലാ യോഗ്യതയും ഉണ്ടെന്നു കാണിച്ചാണ് പ്രിയ ഒന്നരലക്ഷം രൂപ മാസ ശമ്പളമുള്ള തസ്തികയിലേക്ക് അപേക്ഷിച്ചത്.
ചുരുക്കപട്ടികയിലെ ആറുപേർ പങ്കെടുത്ത അഭിമുഖത്തിൽ 27 വർഷത്തെ അധ്യാപന പരിചയമുള്ള ജോസഫ് സക്കറിയക്കാണ് കൂടുതൽ യോഗ്യതയെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. എന്നാൽ, ഓൺലൈൻ അഭിമുഖത്തിനുശേഷം തയാറാക്കിയ പട്ടികയിൽ പ്രിയ ഒന്നാമതെത്തി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയായതിനാലാണ് നിയമനത്തിന് നീക്കമെന്നായിരുന്നു പരാതി. ഇതെല്ലാം അവഗണിച്ചാണ് ഇപ്പോൾ നിയമനം. സ്വർണക്കടത്ത് അടക്കമുള്ള ആരോപണങ്ങളിൽപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസ് പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ഓഫിസിലെ ഉന്നതന്‍റെ ഭാര്യക്ക് വഴിവിട്ട് നിയമനം നടത്തുന്നത്. പ്രിയ വർഗീസിന് നിയമനം നൽകാനുള്ള തീരുമാനം വി.സി നിയമനത്തിനുള്ള പ്രത്യുപകാരമാണെന്ന് സെനറ്റ് അംഗം ഡോ. ആർ.കെ. ബിജു ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

