ജി.ഐ.ഒയുടെ ഫലസ്തീൻ അനുകൂല പ്രകടനം മതസ്പർധയുണ്ടാക്കിയെന്ന എഫ്.ഐ.ആർ; തലക്ക് വെളിവില്ലാത്ത പൊലീസുകാരനാണ് അതെഴുതിയത് -കെ.കെ രാഗേഷ്
text_fieldsകോഴിക്കോട്: ജി.ഐ.ഒയുടെ ഫലസ്തീൻ അനുകൂല പ്രകടനത്തിനെതിരെ കേസെടുത്ത സംഭവത്തിൽ വിമർശനവുമായി സി.പി.എം നേതാവ് കെ.കെ രാഗേഷ്. പ്രകടനം മതസ്പർധയുണ്ടാക്കിയെന്ന എഫ്.ഐ.ആർ എഴുതിയത് തലക്ക് വെളിവില്ലാത്ത പൊലീസുകാരനാണെന്ന് കെ.കെ രാഗേഷ് പറഞ്ഞു. അതിനൊടൊന്നും സി.പി.എമ്മിന് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
എക്കാലത്തും ഫലസ്തീന് വേണ്ടി നിലകൊണ്ടിട്ടുള്ള രാഷ്ട്രീയപ്രസ്ഥാനമാണ് സി.പി.എമ്മെന്നും അദ്ദേഹം പറഞ്ഞു. മുസ്‍ലിം പ്രീണനത്തിന് വേണ്ടിയാണ് ഫലസ്തീൻ വിഷയം സി.പി.എം ഉയർത്തുന്നതെന്നാണ് ബി.ജെ.പി പറയുന്നത്. മുസ്‍ലിംകളുടെ വോട്ട് കിട്ടാനാണ് സി.പി.എം ഇതുപറയുന്നതെന്നാണ് ജമാഅത്തെ ഇസ്‍ലാമി വിമർശനം. ഇക്കാര്യത്തിൽ ആർ.എസ്.എസിന്റേയും ജമാഅത്തെ ഇസ്‍ലാമിയുടേയും സർട്ടിഫിക്കറ്റ് സി.പി.എമ്മിന് ആവശ്യമില്ലെന്ന് കെ.കെ രാഗേഷ് പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമി അമീർ ആർഎസ്എസ് നേതാക്കളെ സന്ദർശിച്ച് ഡീൽ ഉണ്ടാക്കി. ആ ഡീലിന്റെ ഭാഗമാണ് മാടായിപാറയിലെ പ്രതിഷേധം എന്നും രാഗേഷ് ആരോപിച്ചു. ആർഎസ്എസിന്റെ മറുവാക്കാണ് ജമാഅത്തെ ഇസ്‌ലാമിയെന്നും സംഘപരിവാറിന് നേട്ടം ഉണ്ടാക്കാൻ അവസരം ഉണ്ടാക്കിക്കൊടുക്കുന്ന പണിയാണ് ജമാഅത്തെ ഇസ്‌ലാമി ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വലിയ ഫാസിസ്റ്റ് വേട്ടക്ക് ഇരയായവരാണ് ജൂതർ. 1917കളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അവർ കുടിയേറി. തുടർന്ന് ജൂതർക്ക് ഒരു രാഷ്ട്രം വേണമെന്ന സിയോണിസ്റ്റ് പ്രസ്ഥാനം ശക്തമാവുകയും അവർ ഫലസ്തീനിലേക്ക് കുടിയേറുകയും ചെയ്തു. ഫലസ്തീനികൾ അവരെ സ്വാഗതം ചെയ്യുകയാണ് ചെയ്തത്. എന്നാൽ, ഒടുവിൽ ഒട്ടകത്തിന് സ്ഥലം കൊടുത്തത് പോലെയായി അത്. 1945 കഴിയുമ്പോഴേക്കും ഫലസ്തീനിലെ ജൂതരുടെ എണ്ണം 38 ശതമാനമായി ഉയർന്നുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

