‘കെ.കെ. രാഗേഷിനെ ജില്ല സെക്രട്ടറിയായി നിയമിച്ചതല്ല, തെരഞ്ഞെടുത്തത്’ -ആരോപണങ്ങൾ തള്ളി സി.പി.എം കണ്ണൂർ ജില്ല സെക്രട്ടേറിയറ്റ്
text_fieldsസി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ. രാഗേഷ്
കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ. രാഗേഷിനെ ലക്ഷ്യമിട്ട് വലതുപക്ഷ മാധ്യമങ്ങൾ തുടർച്ചയായി വ്യാജ വാർത്തകൾ സൃഷ്ടിക്കുകയാണെന്ന് പാർട്ടി ജില്ല സെക്രട്ടേറിയറ്റ്.
‘ജില്ല കമ്മിറ്റി ഐകകണ്‌ഠേനയാണ് ജില്ല സെക്രട്ടറിയെ തെരഞ്ഞെടുത്തത്. ജില്ല സെക്രട്ടറിയെ ‘നിയമിച്ചതിനെതിരെ’ ദേശീയ നേതൃത്വത്തിന് ജില്ലയിലെ ചില നേതാക്കൾ പരാതി നൽകി എന്നാണ് പുതിയ വ്യാജ നിർമിതി. ആരാണ് പരാതി അയച്ചത്, ആർക്കാണയച്ചത് എന്നൊന്നും വെളിപ്പെടുത്താതെ, ഏതോ കേന്ദ്രത്തിൽ നിന്ന് ബോധപൂർവം വാർത്തകൾ ഉൽപാദിപ്പിക്കുകയാണ്. സി.പി.എമ്മിൽ ജില്ല സെക്രട്ടറിയെ നിയമിക്കലല്ല, ജനാധിപത്യപരമായി തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്’ -ജില്ല സെക്രട്ടേറിയറ്റ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
സി.പി.എം സംഘടനാരീതിയെ അപഹസിക്കുന്ന നിലയിൽ വാർത്തകളുണ്ടാക്കുന്നത് ബോധപൂർവമാണ്. പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ദിനാചരണവുമായി ബന്ധപ്പെട്ട് ജില്ല സെക്രട്ടറി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ വലിയ വിമർശനം എന്ന നിലയിൽ കഴിഞ്ഞദിവസം വാർത്തയുണ്ടായി. പോസ്റ്റിലെ കമന്റ് ഭാഗം പൂട്ടി എന്നുവരെ ചിലർ വാർത്ത നൽകി.
പാർട്ടി പ്രവർത്തകർ എന്ന വ്യാജേന ഉണ്ടാക്കിയ പ്രൊഫൈലുകളിലൂടെയും അല്ലാതെയും പാർട്ടി ശത്രുക്കൾ നടത്തിയ സൈബർ ബുള്ളിയിങ്ങിനെയാണ് ‘ജില്ലാ സെക്രട്ടറിക്കെതിരെ പാർട്ടി പ്രവർത്തകർ’ എന്ന നിലയിൽ ആധികാരിക വാർത്തയാക്കി അവതരിപ്പിച്ചത്. എന്നാൽ, അതിൽ വ്യാജ വിമർശകരെക്കാളും ഇരട്ടി, പിന്തുണക്കുന്നവർ ഉണ്ടായിരുന്നു എന്ന വസ്തുത ബോധപൂർവം ഇക്കൂട്ടർ മറച്ചുവെച്ചു. അതിന് പിന്നാലെയാണ് ഇപ്പോഴത്തെ വിവാദം.
മുമ്പും ഇത്തരത്തിൽ വ്യാജ വാർത്തകളുടെ കുത്തൊഴുക്കുണ്ടായിരുന്നു. ജില്ലാ സെക്രട്ടറി, ന്യൂനപക്ഷ വർഗീയതയെ വിമർശിച്ചതിനെ ന്യൂനപക്ഷങ്ങളെയാകെ അധിക്ഷേപിച്ചു എന്ന നിലയിൽ വളച്ചൊടിച്ചു. ‘ബി.ജെ.പി സാധീനമുണ്ടാക്കാൻ കൂടുതൽ ലക്ഷ്യം വെക്കുന്നത് സി.പി.എമ്മിനെ’ എന്നു പറഞ്ഞതിനെ, ‘ബി.ജെ.പിക്ക് സ്വാധീനിക്കാൻ കഴിയുന്നത് സി.പി.എമ്മിനെ’ എന്ന രീതിയിലും വക്രീകരിച്ചു.
ഇതിനെല്ലാം പിന്നിൽ പാർട്ടിയെ അപഹാസ്യമാക്കുക എന്ന ബോധപൂർവമായ അജണ്ടയുണ്ട്. സാമൂഹ്യമാധ്യമങ്ങളിൽ ഇടതുപക്ഷം എന്ന് തോന്നിക്കുന്ന വ്യാജ പ്രൊഫൈലുണ്ടാക്കിയാണ് ആക്രമണം. ഇതിനെ മുഖ്യധാര മാധ്യമങ്ങൾ ആഘോഷിക്കുന്നതിന് പിന്നിൽ കൃത്യമായ അജണ്ടയുണ്ട്. നേതൃത്വത്തിനെതിരെയുള്ള പൊതുബോധ നിർമിതിയാണ് നടക്കുന്നത്. ഇക്കാര്യം പാർട്ടി പ്രവർത്തകരും ബന്ധുക്കളും തിരിച്ചറിയണമെന്നും സെക്രട്ടറിയറ്റ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
കണ്ണൂർ ജില്ല കമ്മിറ്റിയിൽ ഒരിക്കൽ പോലും അംഗമല്ലാത്ത ഒരാളെ ജില്ല സെക്രട്ടറിയായി നിയമിച്ചത് പാർട്ടി ഭരണഘടനക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി, ഒരു വിഭാഗം നേതാക്കൾ സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിക്ക് പരാതി നൽകിയെന്ന് വാർത്ത പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് ജില്ല സെക്രട്ടേറിയറ്റ് പ്രസ്താവനയിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

