Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘വന്ദേമാതരത്തിൽ...

‘വന്ദേമാതരത്തിൽ തുടങ്ങി ചീഫ് സെക്രട്ടറി നിയമനം വരെ സർവം കാവി മയം...’; ‘ന്യൂനപക്ഷ വർഗീയത നിറഞ്ഞാടി’യെന്ന പരാമർശത്തിൽ വിശദീകരണവുമായി കെ.കെ. രാഗേഷ്

text_fields
bookmark_border
KK Ragesh
cancel
camera_alt

കെ.കെ. രാഗേഷ് 

കണ്ണൂർ: 'ന്യൂനപക്ഷ വർഗീയത നിറഞ്ഞാടിയ തെരഞ്ഞെടുപ്പ് എന്ന വിവാദ പരാമർശത്തിൽ വിശദീകരണവുമായി സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ. രാഗേഷ്. ഇടതുപക്ഷം പരാജയപ്പെട്ടതിന് വിവിധ കാരണങ്ങളുണ്ടെന്നും ഏതെങ്കിലും ഒറ്റക്കാരണം കൊണ്ടാണ് കേരളം മുഴുവൻ അത്തരത്തിൽ സംഭവിച്ചത് എന്ന് വിലയിരുത്താൻ കഴിയില്ലെന്നും രാഗേഷ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

വിവിധ പ്രദേശങ്ങളിൽ വിവിധ ഘടകങ്ങളുടെ സ്വാധീനം പരാജയത്തിൽ ഉണ്ടായിട്ടുണ്ട്. ആ കാരണങ്ങളെല്ലാം പാർട്ടി പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. താൻ പറഞ്ഞത് ന്യൂനപക്ഷവിഭാഗത്തിൽപെട്ട സാധാരണ മനുഷ്യർക്കെതിരാവുന്നത് എങ്ങനെയാണെന്നു ചോദിച്ച രാഗേഷ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മതത്തെ ഉപയോഗിച്ചെന്നും കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് ഘട്ടത്തിലും ശേഷവും നടത്തിയ ചില പരിശോധനകളിൽ ന്യൂനപക്ഷ വിഭാഗങ്ങളെ ഏകീകരിക്കുന്നതിന് വേണ്ടി എത്രയോ കടുത്ത വർഗീയ പ്രചരണങ്ങൾ വിവിധയിടങ്ങളിൽ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. പേരാമ്പ്ര മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ ചിത്രത്തിന്റെ പശ്ചാത്തലത്തിൽ അമ്പലത്തിന്റെ ഫോട്ടോയും യു.ഡി.എഫ് സ്ഥാനാർഥിയുടെ ചിത്രത്തിന്റെ പശ്ചാത്തലത്തിൽ പള്ളിയുടെ ചിത്രവും വെച്ചുകൊണ്ടാണ് വർഗീയവിഷം തുപ്പുന്ന പോസ്റ്ററുകൾ പ്രചരിപ്പിച്ചത്. മതം നോക്കി, പള്ളി നോക്കി വോട്ട് ചെയ്യണം എന്ന സന്ദേശം ആയിരുന്നില്ലേ അത്? ഇവിടെ കൃത്യമായും മതത്തെ രാഷ്ട്രീയ ആവശ്യത്തിനു വേണ്ടി ഉപയോഗിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും കുറിപ്പിൽ പറയുന്നു.

തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഉയർത്തിയതും സംഘപരിവാറുകൾ കേരളം മുഴുവൻ പ്രചരിപ്പിച്ചതുമായ ഒരു കാര്യം 2031ലെ തെരഞ്ഞെടുപ്പോടെ ഇടതുപക്ഷത്തെ കേരളത്തിൽ ഇല്ലാതാക്കും എന്നാണ്. പുതിയ മുഖ്യമന്ത്രി വി.ഡി. സതീശനാകട്ടെ സത്യപ്രതിജ്ഞാദിനം തൊട്ട് സംഘപരിവാറിന്റെ ആശ്രിതത്വത്തിലാണ് മുന്നോട്ട് പോയ്ക്കൊണ്ടിരിക്കുന്നത്. 'വന്ദേമാതര'ത്തിൽ തുടങ്ങി ചീഫ് സെക്രട്ടറിനിയമനം വരെ സർവം കാവി മയം! ഇത്തരം കാര്യങ്ങൾകൂടി ഇടതുപക്ഷത്തിന്റെ നിലപാടുകളെ വിമർശിക്കുന്ന നിഷ്‌കളങ്കർ ഓർത്തുവെക്കേണ്ടതാണ്. ആർ.എസ്.എസ് ഉയർത്തുന്ന ഭൂരിപക്ഷ വർഗീയതയാണ് ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. എന്നാൽ അതിനെ പ്രതിരോധിക്കേണ്ടത് മതനിരപേക്ഷ രാഷ്ട്രീയത്തിലൂടെയാണ്. കുപ്രചരണങ്ങളിൽ വീണുപോകാതെ, മതനിരപേക്ഷ കേരളം നിലനിർത്താൻ സി.പി.എമ്മിന് ശക്തിപകരുക എന്നതാണ് കാലം നമ്മിലേൽപിക്കുന്ന ദൗത്യമെന്നും കുറിപ്പിൽ പറയുന്നു.

കല്യാശ്ശേരിയിൽ നടന്ന ഇ.കെ. നായനാർ അനുസ്മരണ പരിപാടിയിൽ രാഗേഷ് വിവാദ പരാമർശം നടത്തിയത്. 'മതവും പള്ളിയും നോക്കിയെ വോട്ട് ചെയ്യാവൂ' എന്ന് മുസ്‍ലിം ലീഗും ജമാ അത്തെ ഇസ്‍ലാമിയും പ്രചരിപ്പിച്ചു. ഇടതുപക്ഷം ചെറിയ വോട്ടിന് ജയിക്കുന്നിടത്ത് ബി.ജെ.പി കോൺഗ്രസിന് വോട്ട് മറിച്ചെന്നും രാഗേഷ് ആരോപിച്ചിരുന്നു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം;

''ന്യൂനപക്ഷ വർഗ്ഗീയത നിറഞ്ഞാടിയ തെരഞ്ഞെടുപ്പ്'' എന്ന എന്റെ ഒരു പ്രസംഗത്തിലെ പരാമർശം എങ്ങിനെയാണ് ന്യൂനപക്ഷവിഭാഗത്തിൽപെട്ട സാധാരണ മനുഷ്യർക്കെതിരാവുന്നത്? കല്യാശ്ശേരിയിൽ നായനാർ ദിനത്തിന്റെ ഭാഗമായി ഞാൻ നടത്തിയ പ്രസംഗത്തിൽ വ്യക്തമായും രണ്ട് കാര്യങ്ങളാണ് അവതരിപ്പിക്കാൻ ശ്രമിച്ചത് എന്ന് അത് കേട്ടവർക്കറിയാം.

ഇടതുപക്ഷം പരാജയപ്പെട്ടതിന് വിവിധ കാരണങ്ങളുണ്ട്. ഏതെങ്കിലും ഒറ്റക്കാരണം കൊണ്ടാണ് കേരളം മുഴുവൻ അത്തരത്തിൽ സംഭവിച്ചത് എന്ന് വിലയിരുത്താൻ കഴിയില്ല. വിവിധ പ്രദേശങ്ങളിൽ വിവിധ ഘടകങ്ങളുടെ സ്വാധീനം പരാജയത്തിൽ ഉണ്ടായിട്ടുണ്ട്. ആ കാരണങ്ങളെല്ലാം പാർട്ടി പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഘട്ടത്തിലും ശേഷവും നടത്തിയ ചില പരിശോധനകളിൽ ന്യൂനപക്ഷ വിഭാഗങ്ങളെ ഏകീകരിക്കുന്നതിന് വേണ്ടി എത്രയോ കടുത്ത വർഗീയ പ്രചരണങ്ങൾ വിവിധയിടങ്ങളിൽ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. പേരാമ്പ്ര മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ചിത്രത്തിന്റെ പശ്ചാത്തലത്തിൽ അമ്പലത്തിന്റെ ഫോട്ടോയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ചിത്രത്തിന്റെ പശ്ചാത്തലത്തിൽ പള്ളിയുടെ ചിത്രവും വെച്ചുകൊണ്ടാണ് വർഗീയവിഷം തുപ്പുന്ന പോസ്റ്ററുകൾ പ്രചരിപ്പിച്ചത്. മതം നോക്കി, പള്ളി നോക്കി വോട്ട് ചെയ്യണം എന്ന സന്ദേശം ആയിരുന്നില്ലേ അത്? ഇവിടെ കൃത്യമായും മതത്തെ രാഷ്ട്രീയ ആവശ്യത്തിനു വേണ്ടി ഉപയോഗിക്കുകയാണ് ചെയ്തിരിക്കുന്നത്.

അഴീക്കോട് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായ കെ.വി. സുമേഷ് ക്ഷേത്രക്കുളങ്ങൾ നവീകരിക്കുന്നതിനുള്ള പദ്ധതി ആവിഷ്‌കരിച്ചിരുന്നു. ഇക്കാര്യത്തെ വിമർശിച്ചുകൊണ്ട് ക്ഷേത്രക്കുളങ്ങളിൽ മാത്രമേ സുമേഷിന് താല്പര്യമുള്ളൂ എന്ന് പറഞ്ഞുകൊണ്ട് സുമേഷിനെതിരായിട്ട് വർഗീയമായിട്ടുള്ള പ്രചരണം നടത്താൻ യുഡിഎഫിന്റെ സ്ഥാനാർത്ഥി തന്നെ മുൻകൈ എടുത്തില്ലേ. സ്‌ക്വാഡ് പ്രവർത്തനങ്ങളിലൂടെയും കുടുംബയോഗങ്ങളിലൂടെയും എന്തൊക്കെ നുണകളാണ് പ്രചരിപ്പിച്ചത്. എൽ ഡി എഫിന്റെ സ്ഥാനാർത്ഥിയായി ന്യൂനപക്ഷ മതവിഭാഗത്തിൽ പെട്ടവർ വരുമ്പോൾ അവർ 'മുനാഫിഖുകൾ' (കപടവിശ്വാസി) ആണെന്നും അവർ ഉമ്മയുടെ മയ്യത്ത് നമസ്‌കാരത്തിന് പങ്കെടുക്കാത്ത ആളുകൾ ആണ് എന്നും മറ്റും നികൃഷ്ടമായ പ്രചരണങ്ങളാണ് നടത്തിയത്.

എസ് ഐ ആർ നടപ്പിലാക്കിയത് പിണറായി വിജയൻ ആണ് എന്നും ബിജെപിയുമായി മുഖ്യമന്ത്രി ഒത്തുകളിക്കുകയാണ് എന്നും തുടർച്ചയായ പ്രചരണങ്ങൾ നടന്നു. ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ലീഗും നടത്തിയിട്ടുള്ള ഇത്തരത്തിലുള്ള പ്രചാരണങ്ങൾ ന്യൂനപക്ഷ വർഗീയതയെ ഇളക്കിവിടാനല്ലെങ്കിൽ മറ്റെന്തിനായിരുന്നു? അതുകൊണ്ടാണ് 'ന്യൂനപക്ഷ വർഗ്ഗീയത തിമർത്താടിയ തെരഞ്ഞെടുപ്പാണ് ഈ തെരഞ്ഞെടുപ്പ്' എന്ന് ഞാൻ തുടക്കത്തിൽ തന്നെ വ്യക്തമാക്കിയത്. അതിനർത്ഥം മുസ്ലീംലീഗും ജമാഅത്തെ ഇസ്ലാമിയും വർഗീയ പ്രചരണങ്ങളിലൂടെ ഉണ്ടാക്കിയ ന്യൂനപക്ഷ ഏകീകരണം കൊണ്ട് മാത്രമാണ് ഈ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം പരാജയപ്പെട്ടത് എന്നായിരുന്നില്ലെന്ന് പ്രസംഗത്തിന്റെ അടുത്തഭാഗം സാക്ഷ്യപ്പെടുത്തുന്നു.

ആർഎസ്എസ്സിന്റെ പിൻബലത്തോടെ പ്രവർത്തിക്കുന്ന ബിജെപി എന്ന നവഫാസിസ്റ്റ് സംഘടനക്ക് മതനിരപേക്ഷ കേരളത്തിൽ വേരുറപ്പിക്കുന്നതിന് അവരുടെ എക്കാലത്തെയും വലിയ ശത്രുവായ ഇടതുപക്ഷത്തെ തകർത്താൽ മാത്രമേ സാധിക്കുകയുള്ളൂ. ആ ലക്ഷ്യത്തിലെത്താൻ അവർ തീരുമാനിച്ച നിയമസഭാ മണ്ഡലങ്ങളിൽ സ്ട്രാറ്റജിക് വോട്ടിങ് നടത്തിയിട്ടുണ്ട്. അതായത് യുഡിഎഫുമായി തന്ത്രപരമായി കൂട്ടുകെട്ട് ഉണ്ടാക്കി കേരളത്തിന്റെ മതനിരപേക്ഷ അടിത്തറ തകർക്കാനുള്ള നീക്കം, ഒറ്റയ്ക്ക് നിന്നാൽ ഒരു മണ്ഡലത്തിലും ജയിക്കാൻ സാധ്യതയില്ലാത്ത ബിജെപിയുടെ ഭാഗത്തുനിന്നും ഉണ്ടായി. കൃത്യമായ ആസൂത്രണത്തോടെയാണ് ഇരുവിഭാഗങ്ങളിലെയും നേതാക്കൾ ഈ കാര്യങ്ങളൊക്കെ നടപ്പാക്കിയത്. പയ്യന്നൂരിൽ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ചതിനേക്കാൾ പതിനായിരത്തിലേറെ വോട്ട് ഈ തെരഞ്ഞെടുപ്പിൽ കാണാനില്ല. അത് നേരെ യുഡിഎഫിന്റെ സ്ഥാനാർഥിക്ക് മറിച്ചു നൽകുകയാണ് ചെയ്തത്. അതുപോലെതന്നെ പേരാവൂരിൽ ബിജെപിയുടെ എണ്ണായിരത്തോളം വോട്ടും യുഡിഎഫിന് മറിച്ചുനൽകി. ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ കഴിയുന്ന ഇടങ്ങളിൽ യു.ഡി.എഫിന് വോട്ട് ചെയ്യുകയും തങ്ങൾക്ക് ജയിക്കാൻ കഴിയുന്ന ഇടങ്ങളിൽ യുഡിഎഫിൽ നിന്ന് വോട്ടുവാങ്ങുകയും ചെയ്യുക എന്ന നിലപാട്, ബിജെപിയുടെ തന്നെ സ്വന്തം ഭാഷയിൽ പറഞ്ഞാൽ സ്ട്രാറ്റജിക് വോട്ടിങ്, ഈ തെരഞ്ഞെടുപ്പിൽ അവർ സ്വീകരിച്ചിട്ടുണ്ട്. യുഡിഎഫുമായി ധാരണ ഉണ്ടാക്കുമ്പോൾ തന്നെ, 'എൽഡിഎഫ് ബിജെപിയുമായി ഡീൽ ഉണ്ടാക്കിയിട്ടുണ്ട്' എന്ന പെരും നുണ മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും കോൺഗ്രസും ഒരേപോലെ പ്രചരിപ്പിക്കുകയും ചെയ്തു. ഒരു വിധത്തിൽ പറഞ്ഞാൽ ഉത്സവപ്പറമ്പിൽ മാല മോഷ്ടിച്ചോടുന്ന കള്ളന്റെ അതേ തന്ത്രം. കണ്ണൂർ ജില്ലയിൽ രണ്ട് മണ്ഡലങ്ങളിൽ കൃത്യമായി ഇത്തരത്തിലുള്ള സ്ട്രാറ്റജിക് വോട്ടിങ് നടന്നിട്ടുണ്ട്.

ഇന്ത്യയിലെ മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമായി കഴിഞ്ഞ 10 വർഷക്കാലം വർഗീയ അസ്വാസ്ഥ്യങ്ങൾ ഒന്നും ഇല്ലാതിരുന്ന ഒരു സംസ്ഥാനമായിരുന്നു കേരളം. ബംഗാളിൽ ചെയ്തതുപോലെ ഇടതുപക്ഷത്തെ ദുർബലപ്പെടുത്തിക്കൊണ്ട് വർഗീയതയെ ശക്തിപ്പെടുന്നതിന് വേണ്ടിയുള്ള കുതന്ത്രമാണ് ബിജെപി കേരളത്തിലും ആവിഷ്‌കരിച്ചിട്ടുള്ളത്. അതിന്റെ ഭാഗമായിട്ടാണ് തന്ത്രപരമായ വോട്ടിങ്ങിലൂടെ ഇടതുപക്ഷത്തെ പരാജയപ്പെടുത്താനും മറുഭാഗത്ത് കോൺഗ്രസ്സിന്റെയും യുഡിഎഫിന്റെയും വോട്ട് വാങ്ങി ചില മണ്ഡലങ്ങളിൽ വിജയം നേടാനും ബിജെപിക്ക് കഴിഞ്ഞത്. ബിജെപി ജയിച്ച മൂന്ന് മണ്ഡലങ്ങളിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോയിരിക്കുകയാണെന്ന് നാം കണ്ടു. കോൺഗ്രസ്സിന്റെ വോട്ട് ഈ മണ്ഡലങ്ങളിൽ ബിജെപിക്ക് മറിച്ച് നൽകുകയാണ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് നേമം മണ്ഡലത്തിൽ ഏഴായിരത്തോളം വോട്ട് കുറഞ്ഞു. ആ വോട്ടിന്റെ ബലത്തിലാണ് ഇടതുപക്ഷത്തെ പരാജയപ്പെടുത്തിക്കൊണ്ട് അവിടെ ബിജെപി ജയിക്കുന്ന സ്ഥിതി ഉണ്ടായത്. ഇതുതന്നെയാണ് മറ്റ് മണ്ഡലങ്ങളുടെയും സ്ഥിതി. കോൺഗ്രസ്സുമായി ഒത്തുചേർന്ന് ഇടതുപക്ഷത്തെ ദുർബലപ്പെടുത്തി കേരളരാഷ്ട്രീയത്തിൽ ഇടംനേടുന്നതിനു്വേണ്ടിയാണ് ബിജെപിയുടെ പരിശ്രമത്തിന് താൽക്കാലികലാഭത്തിനുവേണ്ടി കോൺഗ്രസ് എല്ലാ ഒത്താശയും നിർലജ്ജം ചെയ്തുകൊടുത്തു. മതേതരത്വത്തിലും ജനാധിപത്യത്തിലും വിശ്വാസമുള്ള കേരളജനത ഇത് തിരിച്ചറിയുക തന്നെ ചെയ്യും.

ഇത്രയുമായിരുന്നു നായനാർ അനുസ്മരണ പരിപാടിയിൽ ഞാൻ പറഞ്ഞതിന്റെ ചുരുക്കം. പൂർണമായും ശരിയാണ് അതെന്നാണ് നമ്മുടെ മുന്നിലുള്ള അനുഭവം. തങ്ങൾക്കെതിരെ വിമർശനം വരുമ്പോൾ, ജമാഅത്തെ ഇസ്ലാമിയും മുസ്ലിംലീഗും അത് ന്യൂനപക്ഷങ്ങൾക്ക് എതിരായിട്ടുള്ള വിമർശനമാണെന്ന വ്യാഖ്യാനമാണ് എല്ലായ്‌പോഴും അവതരിപ്പിക്കാറ്. അവർ കയ്യാളുന്ന മാധ്യമസ്ഥാപനങ്ങളും ആ വാദം സ്ഥാപിച്ചെടുക്കാൻ നിരന്തരം വാർത്തകൾ ചമച്ചുകൊണ്ടിരിക്കും. ആ പ്രചരണത്തിൽ വീണുപോകരുതെന്ന് വിനയത്തോടെ ഓർമപ്പെടുത്തട്ടെ. ബിജെപിയുടെയും ആർഎസ്എസിന്റെയും വർഗീയ സമീപനങ്ങളെ വിമർശിക്കുമ്പോൾ അത് ഹിന്ദുവിനെതിരായുള്ള വിമർശനമാണ് എന്ന് ചിത്രീകരിക്കാനാണ് ഇന്ത്യമുഴുവനും ആർഎസ്എസ് ശ്രമിച്ചിട്ടുള്ളത്. അതേ രീതിയാണ് ഇപ്പോൾ ജമാഅത്തെ ഇസ്ലാമിയും പിന്തുടരുന്നത്. അതിനൊപ്പമാണ് മുസ്ലിം ലീഗും. സിപിഐഎം ന്യൂനപക്ഷസംരക്ഷണത്തിന് പ്രതിജ്ഞാബദ്ധമായ ഒരു പ്രസ്ഥാനമാണ്. അതിനർത്ഥം ന്യൂനപക്ഷ വർഗീയതയുടെ സംരക്ഷകർ എന്നല്ല. ഭൂരിപക്ഷ വർഗീയതക്കും ന്യൂനപക്ഷ വർഗീയതക്കും എതിരായിട്ട് ശക്തമായ പോരാട്ടം നടത്തിക്കൊണ്ട് മാത്രമേ നാടിന്റെ മതേതരത്വം സംരക്ഷിക്കാൻ കഴിയൂ എന്ന് ഞങ്ങൾ ഉറച്ചുവിശ്വസിക്കുന്നു. കേരളജനതയും നമ്മുടെ ഉന്നതമായ പാരമ്പര്യം കാത്തുസംരക്ഷിക്കുന്നതിനു വേണ്ടി ഇരുവർഗീയതക്കും എതിരായിട്ട് രംഗത്ത് വരുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്.

ആർ എസ് എസ്സിന്റെ ഒരു നേതാവ് ഞാൻ പറഞ്ഞതിനെ അനുകൂലിച്ചു പ്രസ്താവനയിറക്കിയതു കണ്ടു. ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് ആർഎസ്എസ്സിനാൽ നയിക്കുന്ന ബിജെപിയുടെ നവഫാസിസ്റ്റ് നയങ്ങൾ. രാജ്യത്തെ മതന്യൂനപക്ഷങ്ങളെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്നവർ, ന്യൂനപക്ഷവർഗീയതക്കെതിരെ എന്ന വ്യാജേന ഇത്തരത്തിലുള്ള പ്രസ്താവനയുമായി രംഗത്തുവരുന്നത് പരിഹാസ്യമാണ്. ആ അജണ്ട കേരളത്തിലെ മതനിരപേക്ഷ സമൂഹത്തിന് കൃത്യമായും മനസ്സിലാകും.

തെരഞ്ഞെടുപ്പിന് ശേഷം ബിജെപി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഉയർത്തിയതും സംഘപരിവാറുകൾ കേരളം മുഴുവൻ പ്രചരിപ്പിച്ചതുമായ ഒരു കാര്യം 2031ലെ തെരഞ്ഞെടുപ്പോടെ ഇടതുപക്ഷത്തെ കേരളത്തിൽ ഇല്ലാതാക്കും എന്നാണ്. പുതിയ മുഖ്യമന്ത്രി വിഡി സതീശനാകട്ടെ സത്യപ്രതിജ്ഞാദിനം തൊട്ട് സംഘപരിവാറിന്റെ ആശ്രിതത്വത്തിലാണ് മുന്നോട്ട് പോയ്ക്കൊണ്ടിരിക്കുന്നതും. 'വന്ദേമാതര'ത്തിൽ തുടങ്ങി ചീഫ് സെക്രട്ടറിനിയമനം വരെ സർവ്വം കാവി മയം! ഇത്തരം കാര്യങ്ങൾകൂടി ഇടതുപക്ഷത്തിന്റെ നിലപാടുകളെ വിമർശിക്കുന്ന നിഷ്‌കളങ്കർ ഓർത്തുവെക്കേണ്ടതാണ്.

ആർ എസ് എസ് ഉയർത്തുന്ന ഭൂരിപക്ഷ വർഗീയതയാണ് ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. എന്നാൽ അതിനെ പ്രതിരോധിക്കേണ്ടത് മതനിരപേക്ഷ രാഷ്ട്രീയത്തിലൂടെയാണ്. ന്യൂനപക്ഷ വിഭാഗങ്ങളുടെ കണ്ണിൽപൊടിയിട്ട് വോട്ട് നേടി മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും നടത്തിക്കൊണ്ടിരിക്കുന്ന വർഗീയ പ്രചരണങ്ങൾ മതനിരപേക്ഷതയെ ദുർബലപ്പെടുത്തുകയാണ് ചെയ്യുക. ആ കുപ്രചരണങ്ങളിൽ വീണുപോകാതെ, മതനിരപേക്ഷ കേരളം നിലനിർത്താൻ സിപിഐ(എം)ന് ശക്തിപകരുക എന്നതാണ് കാലം നമ്മിലേൽപിക്കുന്ന ദൗത്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPMKK RageshPinarayi Vijayan
News Summary - K.K. Ragesh clarifies his remark
Next Story