കെ.കെ. കൊച്ച്: രോഗക്കിടക്കയിലും സജീവമായ ബൗദ്ധിക ഇടപെടൽ
text_fieldsകോട്ടയം: രോഗാവസ്ഥയിലും സമൂഹ മാധ്യമങ്ങളിലൂടെ സജീവമായ ബൗദ്ധിക ഇടപെടൽ നടത്തിയിരുന്നു കെ.കെ. കൊച്ച്. ഒരുവർഷത്തോളമായി രോഗം തളർത്തിയെങ്കിലും തളരാത്ത മനസ്സുമായി അദ്ദേഹം വിഷയങ്ങളിൽ ഇടപെട്ടു. ആശയപരമായി എതിരുനിൽക്കുന്നവരോടുപോലും ആദരവോടും സ്നേഹത്തോടെയും പെരുമാറാൻ കഴിഞ്ഞുവെന്നതാണ് അദ്ദേഹത്തിന്റെ സവിശേഷത. അതിനാൽ വലിയൊരു സുഹൃദ് വലയം നിലനിർത്താനും അദ്ദേഹത്തിന് സാധിച്ചു.
ഓരോ വിഷയത്തിലും വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്ന അദ്ദേഹം അത് എവിടെയും വ്യക്തമാക്കാൻ മടി കാണിച്ചിരുന്നില്ല. ചർച്ചകളിൽ എതിർപക്ഷത്തുനിന്ന് പ്രകോപനമുണ്ടായാൽ അതിനെ സൗമ്യമായി നേരിടുമായിരുന്നു. ബി.ജെ.പിയുടെ ‘അച്ഛാദിൻ’ ഉൾപ്പെടെ വാദങ്ങളെ ഇഴകീറി വിമർശിച്ചു. രാഷ്ട്രീയംപോലെ പാരിസ്ഥിതിക വിഷയങ്ങളിലും വ്യക്തമായ നിലപാടുണ്ടായിരുന്നു.
ദലിത്-പിന്നാക്ക വിഭാഗങ്ങളുടെ ജീവൽപ്രശ്നങ്ങൾ പൊതുജനമധ്യത്തിൽ കൊണ്ടുവരുന്നതിന് കൊച്ച് നടത്തിയ ശ്രമങ്ങൾ വളരെ വലുതാണ്. രോഗം ശരീരത്തെ ബാധിച്ചെങ്കിലും സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെടുന്ന വിഭാഗങ്ങൾക്കായി ഇനിയും ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്ന ഉറച്ചവിശ്വാസത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ.
കെ.കെ. കൊച്ചിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് കടുത്തുരുത്തിയിലെ വീട്ടിലേക്ക് കൊണ്ടുപോകുന്നു
ദലിത് ആത്മകഥ ചരിത്രത്തിലും കൊച്ചേട്ടന്റെ ‘തിരുത്തൽ’
കോട്ടയം: ‘കേരള ചരിത്രവും സമൂഹരൂപീകരണവും’ എന്ന പുസ്തകത്തിലൂടെ ദലിത് സമുദായത്തിന് സ്വന്തമായി ചരിത്രം രചിച്ച കെ.കെ. കൊച്ച് ആത്മകഥയിലൂടെ വീണ്ടും സമുദായത്തെ ‘തിരുത്തി’. കല്ലേന്‍ പൊക്കുടൻ, സി.കെ. ജാനു, സെലീന പ്രക്കാനം എന്നിവരെല്ലാം ആത്മകഥകൾ പുറത്തിറക്കിയെങ്കിലും അവയെല്ലാം കേട്ടെഴുതപ്പെട്ടവയായിരുന്നു. പൂര്‍ണമായ ജീവിതാനുഭവങ്ങളെന്ന് വിശേഷിപ്പിക്കാനും കഴിയുമായിരുന്നില്ല. ഇതിനിടയിലേക്കാണ് ആത്മകഥ പൂര്‍ണമായി, പരസഹായമില്ലാതെ എഴുതി അദ്ദേഹം സ്വന്തം ഇടം കണ്ടെത്തിയത്. ദലിത് ചരിത്രത്തിലെ ഇത്തരത്തിലുള്ള ആദ്യ ഇടപെടൽകൂടിയായിരുന്നു ഇത്.
അടുപ്പമുള്ളവർ കൊച്ചേട്ടനെന്ന് വിളിക്കുന്ന കൊച്ച്, വ്യക്തിഗതമായ ജീവിതാനുഭവങ്ങള്‍ക്ക് പകരം സാമൂഹിക അനുഭവങ്ങളാണ് ആത്മകഥയില്‍ കൂടുതലായും പങ്കിടുന്നത്. ഇത് കേരളീയ ദലിത് ജീവിതത്തിന്റെ യഥാർഥ അടയാളപ്പെടുത്തൽ കൂടിയായിരുന്നു. ആദ്യം ഇടതുപക്ഷ ആശയങ്ങളിലും പിന്നീട് ദലിത് പ്രസ്ഥാനങ്ങളിലും സജീവമായ അദ്ദേഹം ദലിത് സമുദായം എന്ന സ്വപ്നമാണ് എക്കാലവും പങ്കിട്ടിരുന്നത്. വേർതിരിവുകളില്ലാത്ത ദലിത് സമൂഹമെന്ന ആശയമായിരുന്നു സമുദായമെന്ന ചിന്തക്ക് പിന്നിൽ. തന്റെ ചിന്തകളെ പൊതുസമൂഹത്തിലും ചർച്ചയാക്കാൻ കഴിഞ്ഞുവെന്നതും അദ്ദേഹത്തെ ശ്രദ്ധേയനാക്കി. ഭൂപരിഷ്കരണത്തിനെതിരായ കൊച്ചിന്റെ ഇടപെടൽ കേരളീയ പൊതുസമൂഹം ഏറ്റെടുത്ത ഒന്നാണ്. ഭൂപരിഷ്കരണത്തിലൂടെ കുടികിടപ്പുകാരായ ദലിതർക്ക് ഒരു പ്രയോജനവും കിട്ടിയില്ലെന്ന് വിശദീകരിച്ച് 1985ല്‍ കെ.കെ. കൊച്ച് ലഘുലേഖ പുറത്തിറക്കിയത് വലിയ ചർച്ചകളിലേക്ക് നയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.