'കിഴക്കമ്പലവും ആരുടേയും പിതൃസ്വത്തല്ല, മനസ്സിലാക്കിയാൽ നന്ന്'; സാബു ജേക്കബിന് മറുപടിയുമായി ശ്രീനിജിൻ എം.എൽ.എ
text_fieldsകൊച്ചി: കിറ്റെക്‌സ് എം.ഡി സാബു എം. ജേക്കബിന് മറുപടിയുമായി അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ. 'കിഴക്കമ്പലവും ആരുടേയും പിതൃസ്വത്തല്ല, മനസ്സിലാക്കിയാൽ നന്ന്' എന്നാണ് ശ്രീനിജിൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. സാബു എം. ജേക്കബിനെയോ മറ്റാരെയെങ്കിലുമോ പരാമർശിച്ചുകൊണ്ടല്ലെങ്കിലും കഴിഞ്ഞ ദിവസത്തെ സാബു എം. ജേക്കബിന്‍റെ പ്രസ്താവനക്കുള്ള മറുപടിയായാണ് വിലയിരുത്തൽ. കേരളം ആരുടെയും പിതൃസ്വത്തല്ലെന്ന് ഇന്നലെ സാബു എം. ജേക്കബ് പറഞ്ഞിരുന്നു.
'കേരളം എന്നത് ഇന്ത്യ രാജ്യത്തെ സംസ്ഥാനമാണ്. ആ സംസ്ഥാനത്ത് ജനിച്ച് വളര്‍ന്നവരാണ് ഞാനും നിങ്ങളും ഈ പറയുന്നവരുമൊക്കെ. അത് ആരുടേയും പിതൃസ്വത്ത് അല്ല' എന്നായിരുന്നു സാബുവിന്‍റെ വാക്കുകൾ. സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമുയർത്തിയിരുന്നു. 'കേരളത്തില്‍ ഇനിയും കിറ്റെക്‌സ് പ്രവര്‍ത്തനം തുടരും. അതിന് പിണറായി വിജയന്റേയോ മന്ത്രി പി. രാജീവിന്റേയോ അനുവാദം വേണ്ട. അദ്ദേഹം (പി. രാജീവ്) പറഞ്ഞ ഒരു കാര്യമുണ്ട്. കിറ്റെക്‌സ് വളര്‍ന്നത് കേരളത്തിന്‍റെ മണ്ണിലാണെന്നും അത് മറക്കരുതെന്നും കേരളത്തില്‍ നിന്നാണ് ഈ പൈസ മുഴുവന്‍ ഉണ്ടാക്കിയതെന്നും. ഇത് കേട്ടാല്‍ നമുക്ക് തോന്നും കേരളം ആരുടെയൊക്കയോ സ്വത്താണെന്നും അവര്‍ തീറ് എഴുതി വാങ്ങിച്ച് വ്യവസായം നടത്തുന്നത് പോലെയാണെന്നും' -സാബു എം. ജേക്കബ് പറഞ്ഞു.
ഇതിന് മറുപടിയായാണ് കിഴക്കമ്പലത്തെ പരാമർശിച്ചുള്ള പി.വി. ശ്രീനിജിൻ എം.എൽ.എയുടെ പോസ്റ്റ്. കിറ്റക്സ് ഗ്രൂപ്പ് നേതൃത്വം നൽകുന്ന ട്വന്‍റി20യാണ് കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

