ഇഷ്ടപ്പെട്ടു; ഇൗ വട്ടപ്പട്ടം
text_fieldsതിരുവനന്തപുരം: നേർത്ത വെള്ളച്ചരടിന് പകരം കപ്പലുകളിലുപയോഗിക്കുന്ന നൈലോൺ കയർ, ഉയർത്തിവിടാനും നിയന്ത്രിക്കാനും 15 പേർ... പട്ടം പറത്തലിെൻറ പതിവ് സങ്കൽപങ്ങളെ അപ്രസക്തമാക്കി ശംഖുംമുഖം കടൽത്തീരത്ത് ഉത്രാടപ്പാച്ചിലിനിടെ അത്ഭുതപ്രകടനമൊരുക്കിയത് രാജ്യത്തെ ആദ്യത്തെ കൈറ്റ് ക്ലബ് ആയ വൺ ഇന്ത്യ കൈറ്റ് ടീമാണ്. മഴവില്ലഴകിൽ 45 അടി വ്യാസത്തിലൊരുക്കിയ വട്ടപ്പട്ടത്തിന് 11.5 കിലോയാണ് ഭാരം.
പറക്കണമെങ്കിൽ മണിക്കൂറിൽ ആറുമുതൽ 18 വരെ കിലോമീറ്റർ വേഗം കാറ്റിന് വേണം. 300 വായു അറകളാണ് പട്ടത്തിലുള്ളത്. കാറ്റ് കയറിയതോടെ ഭാരം 1000 കിലോയോടടുത്തു. പട്ടം നിയന്ത്രിക്കാൻ നിന്ന 15 പേർക്ക് പ്രോത്സാഹനവുമായി നൂറുകണക്കിന് കാഴ്ചക്കാർ ചേർന്നതോടെ പട്ടവിസ്മയം 45 അടിയോളം ഉയർന്ന് പാറി. വൈകീട്ട് നാലിന് തുടങ്ങിയ പറത്തൽ മൂന്ന് മണിക്കൂറോളം നീണ്ടു.
പാരച്യൂട്ട് നിർമിക്കാൻ ഉപേയാഗിക്കുന്ന റിപ് സ്റ്റോപ് നൈലോൺ ഉപയോഗിച്ചാണ് പട്ടമുണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ട് 15 -20 വർഷം വരെ ഇതിന് കേട് വരില്ല. ഒരു മീറ്റർ റിപ് സ്റ്റോപ് നൈലോണിന് 5000 രൂപയാണ് ഇപ്പോൾ വില. 45 ദിവസം വരെ വേണ്ടി വന്ന നിർമാണത്തിന് ചെലവായത് 2.25 ലക്ഷം രൂപയാണ്. പ്രശസ്ത പട്ടം നിർമാതാവ് പീറ്റർ ലിനിെൻറ സാേങ്കതിക സഹായത്തോടെ കോഴിക്കോട് കുറ്റിച്ചിറ സ്വദേശി അബ്ദുല്ല മാളിയേക്കലാണ് ഭീമൻ പട്ടം നിർമിച്ചത്. ശംഖുംമുഖത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പട്ടം പറത്തൽ ഉദ്ഘാടനം ചെയ്തു.
മൊബൈൽ ഫോണുകൾക്കുള്ളിൽ കുരുങ്ങിപ്പോയ പുതുതലമുറയെ പുറത്തെ ലോകവുമായി സംവദിപ്പിക്കുക, സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പട്ടം പറത്തൽ സംഘടിപ്പിച്ചതെന്ന് അബ്ദുല്ല മാളിയേക്കൽ പറഞ്ഞു. നേരത്തേ മൂന്നു വട്ടം ലോക പട്ടം പറത്തൽ മത്സരത്തിൽ വിജയിച്ചവരാണ് വൺ ഇന്ത്യ കൈറ്റ് ടീം. 110 അടി വലുപ്പമുള്ള കഥകളിപ്പട്ടം, 30 അടിയുള്ള താറാവ് എന്നിവയാണ് ഇതിനു മുമ്പ് സംഘം പറത്തിയിട്ടുള്ളത്.
2018ൽ അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിവൽ തലസ്ഥാനത്ത് നടത്തുന്നതിന് മുന്നോടിയായാണ് ശംഖുംമുഖത്ത് പട്ടം പറത്തൽ നടന്നത്. കെ. മുബശ്ശിർ, അലി വെസ്റ്റ്ഹിൽ, മുഹമ്മദ് ഷിനോജ് മനോളി, മഹേഷ് ചന്ദ്രൻ, കെ.ടി. രാജീവ് , പ്രശാന്ത് പിള്ള, സിജി, നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
