മോദിയെ മര്യാദ പഠിപ്പിക്കാൻ ബി.ജെ.പിയെ തോൽപിക്കണം –കേരളത്തോട് കർഷക സമര നേതാവ്
text_fieldsകുട്ടനാട്: മോദി സർക്കാറിനെ മര്യാദ പഠിപ്പിക്കാൻ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തോൽപിക്കണമെന്ന് സംയുക്ത കിസാൻ മോർച്ച കോർ കമ്മിറ്റി അംഗം ബൽദേവ് സിങ് സിർസ. ദൽഹിയിലെ കർഷകസമരത്തിെൻറ തുടർച്ചയായി കുട്ടനാട്ടിൽ സംഘടിപ്പിച്ച കേരള കിസാൻ മഹാപഞ്ചായത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാർഷിക പരിഷ്കരണ നിയമത്തിനെതിരായ പ്രക്ഷോഭം വിജയത്തിലെത്താൻ ബി.ജെ.പിയുടെ പരാജയം അനിവാര്യമാണ്. നിയമം കർഷകരെ മാത്രം ബാധിക്കുന്നതാണെന്ന് പറഞ്ഞ് മോദിയും കൂട്ടരും തെറ്റിദ്ധരിപ്പിക്കുകയാണ്. ഇത് എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കും. കുത്തകകൾ ഭക്ഷ്യസാധനങ്ങൾ വൻതോതിൽ സംഭരിക്കുന്നത് പൊതുവിതരണ സമ്പ്രദായത്തെ തകർക്കും. പ്രക്ഷോഭം മുന്നോട്ടുകൊണ്ടുപോകുന്നതിന് അനുകൂലമല്ല സുപ്രീംകോടതി നിലപാട്. ആർ.എസ്.എസ് ഗുണ്ടകളെ ഉപയോഗിച്ച് ചതിയിലൂടെ സമരത്തെ അടിച്ചമർത്താനാണ് കേന്ദ്രസർക്കാർ ശ്രമിച്ചത്. ആ ചതിക്ക് തെരഞ്ഞെടുപ്പിലൂടെ മറുപടി നൽകണമെന്നും അദ്ദേഹം പറഞ്ഞു.
കർഷകനേതാക്കളും സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിനാളുകളാണ് പ്രതിഷേധവുമായി ഒത്തുകൂടിയത്. റാലിക്കുശേഷം പുളിങ്കുന്ന് പള്ളിക്കൂട്ടുമ്മ ഫാത്തിമമാതാ പാരിഷ് ഹാളിൽ ചേർന്ന മഹാപഞ്ചായത്തിൽ സംയുക്ത കിസാൻ മോർച്ച കോർ കമ്മിറ്റി അംഗം ജഗ്വീർസിങ് ചൗഹാനും പങ്കെടുത്തു. സമരം കൂടുതൽ ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജോസ് ജോൺ വെങ്ങാന്തറ അധ്യക്ഷത വഹിച്ചു.
കെ. അജിത, യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർകൂറിലോസ് മെത്രാപ്പോലീത്ത, കുര്യാക്കോസ് മാർ സേവറിയൂസ്, ചങ്ങനാശ്ശേരി ആർച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, ഫാ. ഫ്രാൻസിസ്, ടി.പി. ബൈജു, എം.ഡി. ഓമനക്കുട്ടൻ, കെ.വി. ബിജു, പി.ആർ. സതീശൻ, എൻ. സുബ്രഹ്മണ്യൻ, അഡ്വ. ബിനോയ് തോമസ്, ഡോ. ജോസ്കുട്ടി ഒഴുകയിൽ, പി.ടി. ജോൺ, ശരത് ചേലൂർ തുടങ്ങിയവർ സംസാരിച്ചു.
'ഫാഷിസ്റ്റ് കളകൾ ഉഴുതുമറിക്കുന്ന കർഷകൻ' പുസ്തകവും ബൽദേവ് സിങ് സിർസ പ്രകാശനം ചെയ്തു. രാമങ്കരി സമരകേന്ദ്രത്തിൽ നിന്നായിരുന്നു റാലി. പ്രമുഖരായ 100 ചിത്രകാരന്മാർ വരച്ച 100 ചിത്രങ്ങളുടെ പ്രദർശനം, ജനകീയ കലാപരിപാടികൾ എന്നിവയുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

