വ്യക്തിവിവരങ്ങൾക്കുമേൽ കോർപറേറ്റുകൾക്ക് പൂർണ സ്വാതന്ത്ര്യം നൽകരുതെന്ന് കിരൺ ചന്ദ്ര
text_fieldsതിരുവനന്തപുരം: വ്യക്തികളുടെ വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കോർപറേറ്റുകൾക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകുന്നതാണ് ഇന്ന് രാജ്യത്ത് നിലവിലുള്ള സൈബർ നിയമങ്ങളെന്ന് ഫ്രീ സോഫ്റ്റ്‌വെയർ മൂവ്മെന്റ് ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി കിരൺ ചന്ദ്ര. ഫ്രീഡം ഫെസ്റ്റ് 2023 ന്റെ ഭാഗമായി 'സൈബറിടങ്ങളിലെ പുതിയ നിയന്ത്രണങ്ങൾ: വെല്ലുവിളികളും സാധ്യതകളും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർക്കും എളുപ്പത്തിൽ ദുരുപയോഗം ചെയ്യാവുന്ന തരത്തിലുള്ളതാണ് രാജ്യത്തെ സൈബർ നിയമങ്ങൾ. ഈ അവസ്ഥ മാറുന്നതിനുള്ള പ്രതിഷേധം രാജ്യത്ത് ഉയർന്നുവരണമെന്നും അദ്ദേഹം പറഞ്ഞു.
ഡാറ്റയെ ഒരു സമ്പത്തായി കാണുന്ന ഈ കാലഘട്ടത്തിൽ വിവരങ്ങളുടെ വിതരണം, ഉപയോഗം, ഉടമസ്ഥത തുടങ്ങിയവ സംബന്ധിച്ച് ഒരു ചട്ടക്കൂട് രൂപീകരിക്കേണ്ടത് അനിവാര്യമാണെന്ന് ഡിജിറ്റൽ സൊസൈറ്റി ആക്ടിവിസ്റ്റായ പർമീന്ദർ ജീത് സിംഗ് പറഞ്ഞു. വിവരങ്ങളുടെ ഉടമസ്ഥത സ്വകാര്യ വ്യക്തികളിൽ ഒതുക്കുന്നത് സമ്പദ്‌വ്യവസ്ഥക്ക് ഗുണം ചെയ്യില്ല. വിവരങ്ങൾക്ക് മേലുള്ള സാമൂഹിക അവകാശം ഉറപ്പു വരുത്താനുള്ള ശ്രമങ്ങൾ നടക്കേണ്ടതാണെന്നും പർമീന്ദർ ജീത് സിംഗ് പറഞ്ഞു.
സോഫ്റ്റ്‌വെയർ ഫ്രീഡം ലോ സെൻ്റർ ലീഗൽ ഡയറക്ടർ പ്രശാന്ത് സുഗതൻ, ഫ്രീ സോഫ്റ്റ്‌വെയർ മൂവ്മെന്റ് ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി കിരൺ ചന്ദ്ര, തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു. ഐസിഫോസ് ഡയറക്ടർ ടി.ടി സുനിൽ മോഡറേറ്ററായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

