മന്ത്രി രാമകൃഷ്ണനെ വെട്ടിലാക്കി ഇ.പി. ജയരാജൻ; ബ്രൂവറി കത്തുന്നു
text_fieldsഇല്ലാത്ത ഭൂമിയിൽ മേദ്യാൽപാദനത്തിന് അനുമതി നൽകിയ സര്‍ക്കാര്‍ തീരുമാനം വിവാദത്തിൽ. ഇല്ലാത്ത ഭൂമിയിൽ വ്യവസായം ആരംഭിക്കാനാണ് എക്സൈസ് വകുപ്പ് തൃശൂരിലും കളമശേരിയിലും കമ്പനികൾക്ക് അനുമതി നല്‍കിയതെന്ന വിവരമാണ് പുറത്തുവരുന്നത്.
ബ്രൂവറി (മദ്യനിർമാണശാല) ആരംഭിക്കാൻ പവര്‍ ഇന്‍ഫ്രാടെക്കിന് കളമശേരി കിന്‍ഫ്ര പാര്‍ക്കില്‍ ഭൂമി നല്‍കിയിട്ടില്ലെന്ന് വ്യവസായ കേന്ദ്രം രേഖയും വ്യവസായ മന്ത്രിയുടെ പ്രതികരണവും വ്യക്തമാക്കുന്നു. എന്നാൽ, കമ്പനിക്ക് പത്തേക്കര്‍ അനുവദിച്ചെന്നാണ് എക്സൈസ് ഉത്തരവിൽ. ഇല്ലാത്ത ഭൂമിയിൽ എങ്ങനെ ബ്രൂവറി അനുവദിച്ചു എന്ന ചോദ്യം ഉയരുകയാണ്. കളമശ്ശേരി കിൻഫ്ര പാർക്കിൽ കമ്പനിക്ക് ഭൂമി നൽകിയിട്ടില്ലെന്ന് വ്യവസായമന്ത്രി ഇ. പി. ജയരാജൻ തന്നെ വ്യക്തമാക്കിയത് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനെ വെട്ടിലാക്കിയിരിക്കുകയാണ്.
കളമശ്ശേരി കിന്‍ഫ്ര പാര്‍ക്കില്‍ ഭൂമിക്ക് അനുമതി തേടിയ രണ്ട് കമ്പനികളില്‍ ബ്രൂവറി അനുമതി ലഭിച്ച പവര്‍ ഇന്‍ഫ്രാടെക് ഇല്ലെന്ന് ഭൂമി അനുവദിക്കേണ്ട ജില്ല വ്യവസായ കേന്ദ്രം രേഖകൾ വ്യക്തമാക്കുന്നു. തൃശൂരില്‍ ശ്രീചക്ര ഡിസ്റ്റിലറീസിനും സ്ഥലം ലഭിച്ചിട്ടില്ലെന്നാണ് എക്സൈസ് വൃത്തങ്ങൾ പറയുന്നത്. അതിനാലാണ് എക്സൈസ് അനുമതിയിൽ തൃശൂരിൽ എവിടെയാണ് യൂനിറ്റ് എന്ന് വ്യക്തമാക്കാത്തത്. കളമശ്ശേരി കിന്‍ഫ്ര പാര്‍ക്കില്‍ വ്യവസായങ്ങള്‍ക്ക് നീക്കിയിട്ട അമ്പതേക്കറില്‍ അവശേഷിക്കുന്നത് ഇരുപതേക്കറാണ്. വ്യവസായ യൂനിറ്റുകള്‍ നല്കുന്ന പദ്ധതി പരിഗണിച്ച് ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജറായ കമ്മിറ്റിയാണ് സ്ഥലം അനുവദിക്കുന്നത്. പവര്‍ ഇന്‍ഫ്രാടെക് സ്ഥലം ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടില്ല.
ശ്രീചക്ര ഡിസ്റ്റിലറീസിന് തൃശൂരിൽ ബോട്ട്ലിങ് യൂനിറ്റ് തുടങ്ങാൻ അനുമതി നല്കി എക്സൈസ് കമീഷണറുടെ ഉത്തരവ് ജൂലൈ12ന് എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍, സ്ഥലം സംബന്ധിച്ച വിവരം ഇല്ല.
കൊച്ചിയിൽ ഭൂമി അനുവദിച്ചിട്ടില്ലെന്ന് മന്ത്രി ഇ.പി. ജയരാജൻ പ്രതികരിച്ചതോടെ എക്സൈസ് ഉത്തരവ് ദുരൂഹമാകുകയാണ്. അതേ സമയം ബ്രൂവറിക്ക് അനുമതി നൽകുമ്പോള് സ്ഥലം പരിശോധിച്ചിട്ടില്ലെന്ന് മന്ത്രി ടി.പി. രാമകൃഷ്ണനും സമ്മതിച്ചു.
നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് ബ്രൂവറിക്ക് അനുമതി നൽകിയതെന്നാണ് അഡീഷനൽ ചീഫ് സെക്രട്ടറി ആശാ തോമസ് സെപ്റ്റംബർ അഞ്ചിനു ഇറക്കിയ ഉത്തരവിൽ പറയുന്നത്.
കമ്പനിയുടെ കൈവശമില്ലാത്ത ഭൂമിയിൽ എങ്ങനെ പരിശോധന നടത്തി, എങ്ങനെ സാധ്യതാപഠനം നടത്തി എന്നതു ദുരൂഹമാണ്.
ബിയർ നിർമാണത്തിനു വൻതോതിൽ ജലം ആവശ്യമായതിനാൽ ജലം ഊറ്റുന്നതു കൊണ്ടുണ്ടാകുന്ന പാരിസ്ഥിതികപഠനം അടക്കം നടത്തേണ്ടതുണ്ട്. ഇതെല്ലാം നടത്തിയെന്ന് കൃത്രിമരേഖകൾ ഉണ്ടാക്കിയതായാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
