കിണാശ്ശേരി സ്വദേശിയെ തട്ടിക്കൊണ്ടുപോയ കേസ്; യുവാവിനെ കള്ളക്കേസിൽ കുടുക്കിയെന്ന് പരാതി
text_fieldsമലപ്പുറം: കള്ളക്കടത്ത് സ്വർണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് കിണാശ്ശേരി സ്വദേശിയെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ യുവാവിനെ കൊണ്ടോട്ടി പൊലീസ് കള്ളക്കേസിൽ കുടുക്കി ജയിലിലാക്കിയെന്ന് ആരോപണം. കഴിഞ്ഞ ദിവസം കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്ത മോങ്ങം പാറക്കാട് വീട്ടിൽ വി. ഷെമീറിന്റെ സഹോദരനാണ് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തുവന്നത്.
തട്ടിക്കൊണ്ടുപോകലുമായി ഒരു ബന്ധവുമില്ലാത്ത ഷെമീറിനെ കള്ളക്കേസിലാണ് മഞ്ചേരി സബ്ജയിലിൽ തടങ്കലിലാക്കിയതെന്ന് സഹോദരൻ വി. സുലൈമാൻ ആരോപിച്ചു. കഴിഞ്ഞ 13നാണ് കേസിനാസ്പദമായ സംഭവം. ഷെമീറിന്റെ നാട്ടുകാരനായ വള്ളുവമ്പ്രം സ്വദേശി മൻസൂർ വിമാനത്താവളത്തിൽ പോകാൻ കാർ വേണമെന്ന് ആവശ്യപ്പെട്ടു. യൂസഡ് കാർ വിൽപനക്കാരനായ സഹോദരൻ തന്റെ പക്കലുണ്ടായിരുന്ന 2018 മോഡൽ സ്വിഫ്റ്റ് കാർ മൻസൂർ പറഞ്ഞുവിട്ട വ്യക്തിക്ക് കൈമാറി. എന്നാൽ, ഈ വാഹനം ഉപയോഗിച്ച് മറ്റൊരു വ്യക്തിയെ ആക്രമിക്കാനുള്ള പദ്ധതിയാണെന്ന് സഹോദരന് അറിവില്ലായിരുന്നെന്ന് സുലൈമാൻ പറയുന്നു. മൻസൂർ അനിയനെ വഞ്ചിച്ച് ഈ കാർ കുറ്റകൃത്യത്തിന് ഉപയോഗിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി പൊലീസ് വിളിപ്പിച്ചപ്പോൾ അന്വേഷണത്തിന് ആവശ്യമായ സി.സി.ടി.വി ദൃശ്യങ്ങൾ നൽകിയും മറ്റ് വിവരങ്ങൾ കൈമാറിയും ഷെമീർ സഹകരിച്ചതാണ്. പ്രാഥമികാന്വേഷണത്തിൽ തനിക്ക് കേസിൽ പങ്കില്ലെന്ന് ബോധ്യമായെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞതായും സഹോദരൻ അറിയിച്ചിരുന്നു. എന്നാൽ, കൊണ്ടോട്ടി പൊലീസ് മനപ്പൂർവം കള്ളക്കേസ് എടുത്ത് ജയിലിൽ അടക്കുകയാണുണ്ടായത്. കൊണ്ടോട്ടി പൊലീസിനെതിരെ ഷെമീറിന്റെ സഹോദരങ്ങൾ എ.ഡി.ജി.പിക്കും ജില്ല കലക്ടർക്കും പരാതി നൽകി. വരും ദിവസങ്ങളിൽ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമീഷനും പരാതി നൽകും.
ഷെമീറിന്റെ നിരപരാധിത്വം തെളിയിക്കാൻ നുണ പരിശോധനക്കുൾപ്പെടെ ശാസ്ത്രീയ അന്വേഷണവുമായി സഹകരിക്കാൻ തങ്ങൾ തയാറാണെന്നും കുടുംബം പറഞ്ഞു. ജൂലൈ 13ന് പുളിക്കൽ ആലുങ്ങൽ ഭാഗത്ത് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന കിണാശ്ശേരി സ്വദേശിയെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന കേസിലാണ് ഷെമീറും അറസ്റ്റിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

