കൊലയാളികളുടെ കുത്ത്: കടന്നലുകളുടെയും തേനീച്ചകളുടെയും ആക്രമണത്തിൽ കേരളത്തിൽ മരണനിരക്കേറുന്നു
text_fieldsകോഴിക്കോട്: ഏറെക്കാലമായി വന്യമൃഗങ്ങളുടെ ആക്രമണത്തോടു പൊരുതുകയാണ് കേരളം. എന്നാലിപ്പോൾ ആ പട്ടികയിലേക്ക് കടന്നലുകളും തേനീച്ചകളും കടന്നുവന്നിരിക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ട്.
വിദഗ്ധരുടെ അഭിപ്രായത്തിൽ, കടന്നലുകളുടെയും തേനീച്ചകളുടെയും കുത്തേറ്റവർക്ക് ജീവൻ അപായപ്പെടുംവിധം രക്തസമ്മർദ്ദം കുറയുകയും ശ്വാസനാളങ്ങൾ അടയുകയും ചെയ്യുന്നവിധം അലർജിയിലേക്ക് നയിക്കുന്നു. ‘അനാഫൈലക്റ്റിക്’ പ്രതികരണം മൂലമാവാം ഇതെന്ന് അവർ പറയുന്നു.
കടന്നലുകളുടെയും തേനീച്ചകളുടെയും കുത്തേറ്റവർക്ക് സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകാൻ തുടങ്ങിയിട്ടുണ്ടെങ്കിലും തേനീച്ചക്കൂടുകൾ നശിപ്പിക്കാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ‘ദ ടെലഗ്രാഫ്’ ഓൺലൈനിൽ പ്രസിദ്ധീകരിച്ച സിന്ധ്യ ചന്ദ്രൻ തയ്യാറാക്കിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഈ മാസം ആദ്യം, കോഴിക്കോട് മരുതോങ്കര നിവാസിയും 60 വയസ്സുകാരനുമായ രാഘവൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കടന്നൽ ആക്രമണത്തിൽ മരിച്ചു. അതിനും നാലു ദിവസം മുമ്പായിരുന്നു മറ്റൊരു സംഭവം. നെടുമങ്ങാട് സബ് ട്രഷറിയിൽ പ്രതിമാസ പെൻഷൻ എടുക്കാൻ പോയതായിരുന്നു ഒരു കൂട്ടം മുതിർന്ന പൗരന്മാർ. സമീപത്തെ റവന്യൂ ടവറിലെ ഒരു തേനീച്ചക്കൂട് കഴുകൻ ആക്രമിച്ചതിനെ തുടർന്നുള്ള ആക്രമണത്തിൽ അതിലെ ഏഴ് വയോധികർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു.
കഴിഞ്ഞ മാസം, എറണാകുളം ജില്ലയിലെ ഐക്കരനാട് പഞ്ചായത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾ ഉൾപ്പെടുന്ന ഡസനോളം പേർക്ക്, കുറ്റിക്കാടുകൾ വൃത്തിയാക്കുന്നതിനിടെ, കടന്നൽ ആക്രമണത്തിൽ പരിക്കേറ്റു.
തിരുവനന്തപുരത്തെ നഗരൂർ പഞ്ചായത്തിലെ കോട്ടക്കലിൽ പത്ത് സ്ത്രീകൾക്ക് പരിക്കേറ്റു. കഴിഞ്ഞ നവംബറിൽ, കോട്ടയത്തെ മുണ്ടക്കയത്തിനടുത്ത്, കുരുമുളകിന്റെ ചെടിയിൽ വീണ ഉണങ്ങിയ തെങ്ങോല പറിച്ചെടുക്കാൻ ശ്രമിക്കവെ കുഞ്ഞിപ്പെണ്ണിനും അമ്മയെ രക്ഷിക്കാൻ ശ്രമിച്ച മകൾ തങ്കമ്മക്കും ഒരു കൂട്ടം കടന്നലുകളുടെ കുത്തേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ച് മൂന്ന് ദിവസത്തിനുള്ളിൽ ഇരുവരും മരിച്ചു. അവരെ രക്ഷിക്കാൻ ശ്രമിച്ച മറ്റ് ചില നാട്ടുകാരെയും കടന്നലുകൾ ലക്ഷ്യം വച്ചു.
കീടശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, നഗരങ്ങളിൽ പോലും ഈ മാരകമായ പ്രാണികളുടെ എണ്ണം കുതിച്ചുയരുന്നുവെന്നാണ്. തലസ്ഥാന നഗരമായ തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്ത് താമസിക്കുന്ന 68 കാരിയായ ലതികയും ചെറുമകൾ ദീപ്തിയും കടന്നലുകളിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

