കിഫ്ബി ടോള്‍ പിരിവ് ജനങ്ങളെ കൊള്ളയടിക്കൽ; കിഫ്ബി ദുരന്തമായി മാറുമെന്ന് പ്രതിപക്ഷം പറഞ്ഞത് സര്‍ക്കാരും സമ്മതിച്ചു -വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: കിഫ്ബി റോഡുകളില്‍ നിന്നും ടോള്‍ പിരിക്കുന്നത് ജനങ്ങളെ കൊള്ളയടിക്കുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ടോള്‍ പിരിക്കാനുള്ള നീക്കത്തെ തടയും. ജനങ്ങളുടെ നികുതിപ്പണവും ഇന്ധന സെസും ഉപയോഗിച്ചാണ് കിഫ്ബി റോഡ് നിര്‍മിക്കുന്നത്. ആ റോഡിന് ജനങ്ങളില്‍ നിന്നും വീണ്ടും ടോള്‍ വാങ്ങുന്നതിന് എന്ത് ന്യായീകരണമാണുള്ളത്? കിഫ്ബി നിലനില്‍ക്കില്ലെന്ന് അത് തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം പറഞ്ഞതാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.
ബജറ്റിന് പുറത്തുള്ള കിഫ്ബിയും കടമെടുപ്പിന്‍റെ പരിധിയില്‍ വരും. അതോടെ സംസ്ഥാനത്തിന് തന്നെ ബാധ്യതയാകുമെന്നും അന്തിമമായി കിഫ്ബിയുടെ കടബാധ്യത സംസ്ഥാന സര്‍ക്കാര്‍ തന്നെ തീര്‍ക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കിയതാണ്. ഇപ്പോള്‍ കിഫ്ബിയെ മുന്നോട്ട് കൊണ്ടു പോകാനാകാത്ത അവസ്ഥയാണ്.
എന്നിട്ടാണ് സര്‍ക്കാറിന്‍റെ നയപരമായ പാളിച്ചയുടെ ബാധ്യത ജനങ്ങളുടെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുന്നത്. കിഫ്ബി കൊണ്ട് ഒരു ഗുണവും ഉണ്ടായില്ല. ജനങ്ങളുടെ തലയിലേക്ക് കിഫ്ബിയുടെ പാപഭാരം കെട്ടിവെക്കാനുള്ള നീക്കമാണ് ടോള്‍ പിരിവ്. കിഫ്ബി റോഡുകളില്‍ നിന്നും ടോള്‍ പിരിക്കില്ലെന്ന് നിയമസഭയില്‍ നല്‍കിയ ഉറപ്പിന്‍റെ ലംഘനം കൂടിയാണിത്.
കിഫ്ബി പ്രഖ്യാപിച്ചപ്പോള്‍ പ്രതിപക്ഷം പറഞ്ഞതു തന്നെയാണ് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ സി.എ.ജി റിപ്പോര്‍ട്ടില്‍ വന്നത്. ഇന്ന് അത് യാഥാർഥ്യമായിരിക്കുന്നു. കിഫ്ബി ബാധ്യതയാണെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നു. ആയിരക്കണക്കിന് കോടിയുടെ ബാധ്യതയാണ് ഈ സര്‍ക്കാര്‍ വരുത്തിവച്ചിരിക്കുന്നത്. ജല്‍ജീവന്‍ മിഷന് 4,500 കോടി രൂപയാണ് നല്‍കാനുള്ളത്.
സംസ്ഥാന വിഹിതം നല്‍കാത്തതിനാല്‍ കേന്ദ്രത്തില്‍ നിന്നും സഹായം ലഭിക്കുന്നില്ല. റോഡുകള്‍ മുഴുവന്‍ വെട്ടിപ്പൊളിച്ചു. ദുരിതപൂര്‍ണമായ സാഹചര്യത്തിലേക്കാണ് കേരളം പോകുന്നത്. ബജറ്റില്‍ പൊടിക്കൈ കാണിച്ചിട്ടും രക്ഷയില്ലാത്ത സ്ഥിതിയിലേക്ക് കേരളത്തെ എത്തിച്ചു. കിഫ്ബി സംസ്ഥാനത്തിന് ദുരന്തമായി മാറുമെന്ന് പ്രതിപക്ഷം പറഞ്ഞത് ഇപ്പോള്‍ സര്‍ക്കാരും സമ്മതിച്ചെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.