കിഫ്ബി: പരസ്യ ധൂർത്തിന് 203 കോടി; വരവ് വെച്ചത് പദ്ധതിച്ചെലവ്
text_fieldsതിരുവനന്തപുരം: കിഫ്ബിയുടെ പേരിൽ ചട്ടവിരുദ്ധമായി പരസ്യങ്ങൾക്കും പ്രചാരണങ്ങൾക്കും പണം ചെലവിട്ടെന്നും പിന്നീട് ഇത് പദ്ധതിച്ചെലവിലേക്ക് മാറ്റിയെഴുതിയെന്നും വിദഗ്ധ സമിതി. 2026 ആഗസ്റ്റ് 11ന് ചേർന്ന കിഫ്ബിയുടെ ഓഡിറ്റ് കമ്മിറ്റി യോഗ റിപ്പോർട്ട് പരിശോധിച്ചപ്പോഴാണ് ഈ തിരിമറി വ്യക്തമായതെന്നാണ് സമിതി പരാമർശം.
കിഫ്ബിയുടെ പ്രവർത്തന ചെലവുകൾ കാണിക്കുന്ന ഔദ്യോഗിക പട്ടികയിൽ 2025-26 സാമ്പത്തിക വർഷം ‘പരസ്യ-പ്രചാരണ’ ചെലുവകൾക്കായി കാണിച്ചത് 21.16 കോടി മാത്രമാണ്. എന്നാൽ, ഓഡിറ്റ് പരിശോധനയിൽ കണ്ടെത്തിയത് ഈ വർഷം മാത്രം പ്രചാരണ പ്രവർത്തനങ്ങൾക്കായി 203.72 കോടി വിനിയോഗിച്ചതായാണ്. ഇത് ഔദ്യോഗികമായി കാണിച്ച ഭരണച്ചെലവിനേക്കാൾ പത്തിരട്ടിയോളം അധികമാണ്. മാത്രമല്ല, ഈ തുക കിഫ്ബിയുടെ സ്വന്തം ഭരണപരമോ പ്രചാരണ സംബന്ധമോ ആയ ചെലവുകളിൽ ഉൾപ്പെടുത്തുന്നതിന് പകരം ഇവയെ റോഡുകളോ പാലങ്ങളോ പോലുള്ള മറ്റു നിർമാണ പദ്ധതികളുടെ അക്കൗണ്ടുകളിലേക്ക് ഉൾപ്പെടുത്തി യഥാർഥ ചെലവ് മറച്ചുവെക്കുകയായിരുന്നു.
‘എന്റെ കേരളം’ പ്രചാരണ പരിപാടിയുടെ അടിസ്ഥാന സൗകര്യ ആവശ്യങ്ങൾക്കായി ചെലവഴിച്ച 96 കോടിയും ‘സി.എം വിത്ത് മി’ പരിപാടിയുടെ അടിസ്ഥാന സൗകര്യങ്ങൾക്കായി ചെലവഴിച്ചതിൽ 6.14 കോടിയും ഇത്തരത്തിൽ ചട്ടവിരുദ്ധമായി അടിസ്ഥാന സൗകര്യ പദ്ധതികളുടെ ചെലവുകളിലേക്കാണ് വകയിരുത്തിയത്. പുറമെ മറ്റു വിവിധ പദ്ധതികളിലേക്ക് നേരിട്ട് വകയിരുത്തിയത് 79.98 കോടിയുടെ പ്രചാരണ-പരസ്യച്ചെലവുകളാണ്. കിഫ്ബിയുടെ സാമ്പത്തിക റിപ്പോർട്ടിങ്ങിന്റെ സുതാര്യതയില്ലായ്മക്കും തെറ്റായ ചെലവ് ക്രമീകരണത്തിനും ഏറ്റവും വ്യക്തമായ തെളിവായാണ് സുധാപിള്ള കമ്മിറ്റി ഈ വിഷയത്തെ വിലയിരുത്തിയത്.
സമഗ്രമായ അന്വേഷണവും ഓഡിറ്റും പൂർത്തിയാകുന്നത് വരെ പരസ്യ-പ്രചാരണ പ്രവർത്തനങ്ങൾക്കായുള്ള കിഫ്ബിയുടെ എല്ലാ തുടർ നിർദേശങ്ങളും താൽക്കാലം തടഞ്ഞുവെക്കാൻ ഓഡിറ്റ് കമ്മിറ്റി നിർദേശിച്ചിരുന്നു. മാത്രമല്ല, ‘എന്റെ കേരളം’, ‘സി.എം വിത്ത് മി’ ഉൾപ്പെടെയുള്ള പരിപാടികൾക്കായി ചെലവഴിച്ച തുകയുടെ മുഴുവൻ ഇടപാടുകളിലും സമഗ്ര ഓഡിറ്റ് നടത്താൻ ഉത്തരവിട്ടു. കിഫ്ബി ഇത്തരം പ്രചാരണങ്ങൾ വൻതോതിൽ വെട്ടിച്ചുരുക്കണമെന്ന് 2026 മാർച്ച് 24ന് ചേർന്ന യോഗത്തിൽ സ്വതന്ത്ര ഡയറക്ടർമാർ ആവശ്യപ്പെട്ടിരുന്നു. കിഫ്ബിയുടെ സ്വന്തം വരുമാനവുമായി ബന്ധപ്പെടുത്തി പ്രചാരണ ചെലവുകൾക്ക് വാർഷിക പരിധി നിശ്ചയിക്കാനും ശിപാർശ ചെയ്തിരുന്നു. ഭാവിയിൽ ഇത്തരം പ്രചാരണ പ്രവർത്തനങ്ങൾ അതത് വകുപ്പുകൾക്കും ഏജൻസികൾക്കും വിട്ടുകൊടുക്കണമെന്നും നിർദേശമുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

