ടോൾ പിരിക്കാനുള്ള സർക്കാർ നീക്കം; ചുങ്കപ്പിരിവിന് പേരുമാറ്റം
text_fieldsതിരുവനന്തപുരം: കിഫ്ബി റോഡുകളിൽനിന്ന് ടോൾ പിരിക്കാനുള്ള സർക്കാർ ആലോചനകൾ കടുത്ത പ്രതിഷേധത്തിനിടയാക്കിയതോടെ, പേരുമാറ്റി പരീക്ഷണം. ‘ടോളി’ന് പകരം ‘യൂസർ ഫീ’ എന്ന പേരിൽ പണം ഈടാക്കാനാണ് തീരുമാനം.
ടോൾ ബൂത്തുകൾ തയാറാക്കി പണം പിരിക്കുന്ന നിലവിലെ ദേശീയപാതകളിലെ രീതി ഒഴിവാക്കാനും ആലോചനയുണ്ട്. മുഖ്യമന്ത്രിയും ധന, നിയമ മന്ത്രിമാരും ഉൾപ്പെട്ട മന്ത്രിതല സമിതിയുടെ യൂസർ ഫീ ശിപാർശ, മന്ത്രിസഭ യോഗത്തിന്റെ അംഗീകാരത്തിനുശേഷം ബജറ്റ് സമ്മേളനത്തില്‍ തന്നെ ബില്ലായി നിയമസഭയിലെത്തുമെന്നാണ് വിവരം.
50 കോടി രൂപക്ക് മുകളിൽ ചെലവഴിച്ച് പണിയുന്ന റോഡുകളിലാണ് യൂസർ ഫീ പിരിക്കാൻ ആലോചിക്കുന്നത്. വിഷയം മന്ത്രിസഭ കടമ്പ കടക്കുംമുമ്പ് തന്നെ കെൽട്രോണിന്റെ സഹായത്തോടെ, കിഫ്ബി സാധ്യതാ പഠനവും ആരംഭിച്ചു. കെല്‍ട്രോണിന്റെ നേതൃത്വത്തിൽ നടത്തുന്ന പഠനത്തിലൂടെ ഫീസ് പിരിക്കാനുള്ള മാര്‍ഗം ആസൂത്രണം ചെയ്യുമെന്നാണ് വിവരം.
കിഫ്ബിയുടെ സഹായത്തോടെ, പൊതുമരാമത്ത് വകുപ്പ് നടപ്പാക്കുന്ന 616 പദ്ധതികളിൽ അധികവും റോഡുകളും പാലങ്ങളുമാണ്. ഇതിൽ ഭൂരിഭാഗവും 50 കോടിക്ക് മുകളിൽ ചെലവ് വരുന്നവയും. ഫലത്തിൽ മലയോര, തീരദേശ ഹൈവേകൾ ഉൾപ്പെടെ സംസ്ഥാനത്ത് വ്യാപക ചുങ്കപ്പിരിവിനാണ് കളമൊരുങ്ങുന്നത്. നിലവിൽ കേരളത്തിലെ ദേശീയപാതകളിൽ മാത്രമാണ് ടോൾ പിരിവുള്ളത്. പ്രതിഷേധം കണക്കിലെടുത്ത് ആദ്യ 15 കിലോമീറ്ററിൽ പണം ഈടാക്കില്ല. ഇതിനുശേഷം വരുന്ന ദൂരം കണക്കാക്കിയാവും ഫീസ് ഏര്‍പ്പെടുത്തുക. ഇതിലൂടെ പ്രാദേശികമായുണ്ടാകുന്ന എതിര്‍പ്പ് മറികടക്കാമെന്നാണ് സർക്കാറിന്റെ കണക്കുകൂട്ടൽ.
ഇതിനിടെ, സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷവും രംഗത്തെത്തി സംസ്ഥാനത്തെ സഞ്ചിതനിധിയില്‍ നിന്നാണ് കിഫ്ബിക്ക് പണം നല്‍കുന്നതെന്നും ജനങ്ങളുടെ നികുതി പണമുപയോഗിച്ച് പണിയുന്ന റോഡുകള്‍ക്കും പാലങ്ങള്‍ക്കും ടോള്‍ ചുമത്തുന്നത് ജനങ്ങളോടുള്ള വഞ്ചനയും നീതികേടുമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.