കിഫ്ബി മസാല ബോണ്ട് ഇടപാട്: ദുരൂഹതകളുടെ നൂലാമാല, തുടക്കംമുതൽ സംശയനിഴലിൽ
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ കിഫ്ബി തലപ്പത്തുള്ളവർക്ക് ഇ.ഡി നോട്ടീസിനിടയാക്കിയ മസാല ബോണ്ട് വിവാദം തുടക്കം മുതൽ ദുരൂഹവും സംശയങ്ങളും ഉയർത്തിയ ഇടപാടായിരുന്നു. നിയമസഭക്ക് അകത്തും പുറത്തും പ്രതിപക്ഷം സർക്കാറിനെതിരെ ആയുധമാക്കിയ ആരോപണത്തിലാണ് ഇപ്പോൾ ഇ.ഡി നോട്ടിസ് അയച്ചത്.
കിഫ്ബി മസാല ബോണ്ടിറക്കുന്നതിന്റെ ഭാഗമായി 2019 മേയ് 17ന് കിഫ്ബി ചെയർമാനായ മുഖ്യമന്ത്രി പിണറായി വിജയൻ ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ എത്തി മണി മുഴക്കി അന്നത്തെ വ്യാപാരത്തിന് തുടക്കംകുറിച്ചത് സർക്കാർ വലിയ നേട്ടമായി പ്രചരിപ്പിച്ചിരുന്നു. ഈ ഇടപാടിന്റെ പേരിലാണിപ്പോൾ ഇ.ഡി നോട്ടിസ് എന്നത് ശ്രദ്ധേയം.
2019ലാണ് കിഫ്ബി ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ മസാല ബോണ്ടിറക്കി 2,150 കോടി സമാഹരിച്ചത്. 9.723 ശതമാനം പലിശക്കാണ് ബോണ്ടിറക്കിയത്. മസാല ബോണ്ടിലൂടെ ഇത്തരത്തിൽ പണസമാഹരണം നടത്തിയതിൽ വിദേശ നാണയ വിനിമയ ചട്ടത്തിന്റെ (ഫെമ) ലംഘനം നടന്നുവെന്നാണ് ഇ.ഡി പറയുന്നത്. മസാല ബോണ്ട് വഴി സമാഹരിച്ച തുകയിൽ 466.91 കോടി രൂപ ഭൂമി വാങ്ങാനായി ഉപയോഗിച്ചെന്നും ഇത് റിസർവ് ബാങ്ക് നിർദേശങ്ങളുടെ ലംഘനമാണെന്നും നോട്ടിസിൽ ചൂണ്ടിക്കാട്ടുന്നു.
കൂടിയ പലിശക്ക് മസാല ബോണ്ടിറക്കി അന്താരാഷ്ട്ര മാര്‍ക്കറ്റില്‍നിന്ന് പണം കടമെടുത്തതായിരുന്നു മുഖ്യവിവാദം. അതാകട്ടെ, സംസ്ഥാനത്തിന്റെ ഗ്യാരണ്ടിയിലും. സംസ്ഥാനം ഗ്യാരണ്ടി നിന്നാൽ, കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭിക്കുമെന്നിരിക്കെ ഉയർന്ന പലിശക്ക് വായ്പയെടുത്തതിൽ യുക്തിഭദ്രമായ വിശദീകരണം നൽകാനായില്ല. വിഷയം നിയമസഭയിൽ വന്നപ്പോഴും സർക്കാറിന് കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞില്ല.
2150 കോടി രൂപയുടെ വായ്പക്ക് 1045 കോടി രൂപ പലിശയും ചേർത്ത് 3195 കോടിയാണ് തിരിച്ചടക്കേണ്ടി വന്നത്. കിഫ്ബി പുറത്തിറക്കിയ മസാലബോണ്ട് കൂടുതലും നേടിയത് എസ്.എൻ.സി ലാവ്ലിൻ കമ്പനിയുമായി അടുത്ത ബന്ധമുള്ള കമ്പനിയാണെന്നത് ഈ ഇടപാടിൽ ദുരൂഹതയായി. ലാവ്ലിന് കമ്പനിയില്‍ നിക്ഷേപമുള്ള സി.ഡി.പി.ക്യു ആണ് കിഫ്ബി മസാല ബോണ്ടിന്റെ നല്ലൊരുപങ്കും വാങ്ങിയത്. സി.ഡി.പി.ക്യുവിന് ലാവ്നില്‍ മാത്രമല്ല ഇന്ത്യയില്‍ ഉള്‍പ്പെടെ ഒട്ടേറെ സ്ഥാപനങ്ങളില്‍ നിക്ഷേപമുണ്ടെന്നായിരുന്നു കിഫ്ബിയുടെ വാദം. അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കാനാണ് പണം വിനിയോഗിച്ചതെന്നും അല്ലാതെ ഭൂമി വാങ്ങാനായി വിനിയോഗിച്ചിട്ടില്ലെന്നുമാണ് അന്നത്തെ ധനമന്ത്രി തോമസ് ഐസക്കിന്റെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

