കിഫ്ബി ഭൂമി ഇടപാടിലെ ക്രമക്കേട് അന്വേഷണത്തിന് വിജിലൻസ് സംഘമായി
text_fieldsതിരുവനന്തപുരം: കിഫ്ബി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ക്രമക്കേട് അന്വേഷിക്കാൻ വിജിലൻസ് പ്രത്യേക സംഘം രൂപവത്കരിച്ചു. ഡി.ഐ.ജി തോംസൺ ജോസിന്‍റെ മേൽനോട്ടത്തിൽ വിജിലൻസ് സ്പെഷൽ യൂനിറ്റ് എസ്.പി ഇ.എൻ. സുരേഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. വിജിലൻസ് അന്വേഷിക്കുന്ന ഏറ്റവും ഉയർന്ന തുക ഇടപാട് സംബന്ധിച്ച കേസാണിത്. അതിനാൽ വിപുലമായ സംഘത്തെയാണ് ഇതിനായി നിയോഗിക്കുക.
കണ്ണൂരിലെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കാനാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിൽ സർക്കാർ വിജിലൻസിനെ നിയോഗിച്ചത്. അതിന്‍റെ അടിസ്ഥാനത്തിൽ കണ്ണൂരിലെ ഭൂമി ഏറ്റെടുക്കലിലാകും ആദ്യ അന്വേഷണം. എന്നാൽ, സുധാപിള്ളയുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിൽ കിഫ്ബിയുടെ ഏകാധിപത്യ നടപടികളും ദുരൂഹ ഇടപാടുകളും ധൂർത്തുമെല്ലാം വ്യക്തമാക്കിയിരുന്നു. അതിനാൽ ഇക്കാര്യങ്ങളിലേക്കെല്ലാം അന്വേഷണം നീങ്ങുമെന്നാണ് വിവരം.
കിഫ്ബി കരാറുകൾ, നിയമനങ്ങൾ തുടങ്ങിയവയും അന്വേഷണത്തിൽവരും. ഇതിന്റെ ഭാഗമായി ഭൂമി ഇടപാടുകളുടെ രേഖകൾ ആവശ്യപ്പെട്ട് കിഫ്ബിക്ക് വിജിലൻസ് കത്ത് നൽകും. മന്ത്രിസഭായോഗ തീരുമാനപ്രകാരമാണ് അന്വേഷണം. കണ്ണൂർ ജില്ലയിൽ 4,896 ഏക്കർ ഭൂമി 12,240 കോടി രൂപ ചെലവഴിച്ച് ഏറ്റെടുക്കാൻ അനുമതി നൽകിയതിലെ നടപടിക്രമങ്ങളിലെ വീഴ്ച സംബന്ധിച്ച് വിശദ അന്വേഷണം നടത്താനാണ് പ്രധാനമായും വിജിലൻസിനെ സർക്കാർ ചുമതലപ്പെടുത്തിയത്.
ഭൂമി ഏറ്റെടുക്കാൻ സ്വീകരിച്ച യുക്തിയും മാനദണ്ഡങ്ങളും, വിലയും നഷ്ടപരിഹാരവും നിർണയിക്കുന്നതിൽ 2013ലെ ഭൂമിയേറ്റെടുക്കൽ നിയമ പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോ, മൂല്യനിർണയ പ്രക്രിയയിൽ ക്രമക്കേടുകളോ കൃത്രിമങ്ങളോ നടന്നിട്ടുണ്ടോ, ഭൂമി ഏറ്റെടുക്കൽ തീരുമാനത്തെ സ്വാധീനിക്കുന്ന തരത്തിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകളോ മറ്റു നിക്ഷിപ്ത താൽപര്യങ്ങളോ ഉണ്ടായോ തുടങ്ങിയ കാര്യങ്ങളും അന്വേഷണ പരിധിയിലുണ്ട്. പദ്ധതിക്കായി തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ വരുത്തിയ മാറ്റങ്ങളും വിശദമായി പരിശോധിക്കാൻ വിജിലൻസിനോട് സർക്കാർ നിർദേശിച്ചിട്ടുണ്ട്.

