കിഫ്ബി പണം പ്രചാരണത്തിനായി ചെലവിടുന്നു: കണക്ക് നിരത്തി ചെന്നിത്തല; മറുപടിയുമായി കിഫ്ബി
text_fieldsരമേശ് ചെന്നിത്തല
തിരുവനന്തപുരം: മൂന്നാം പിണറായി സര്‍ക്കാര്‍ എന്ന ലക്ഷ്യം വെച്ച് ചട്ടവിരുദ്ധമായി കിഫ്ബിയുടെ പണം സർക്കാർ പ്രചാരണങ്ങൾക്ക് ചെലഴിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മസാല ബോണ്ടുകള്‍ വഴി 9.5 ശതമാനം പലിശക്കെടുത്ത പണമാണ് വകമാറ്റുന്നത്.
2018 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ഏതാണ്ട് 102 കോടി രൂപയാണ് കിഫ്ബി ഫണ്ടില്‍ നിന്ന് പരസ്യത്തിനായും സര്‍ക്കാര്‍ പ്രചരണത്തിനായും ചെലവാക്കിയത്. ഇതില്‍ തെരഞ്ഞെടുപ്പ് വര്‍ഷമായ 2020-21 സാമ്പത്തിക വര്‍ഷം മാത്രം ചെലവഴിച്ചത് ഏതാണ്ട് 75 കോടി രൂപയാണ്. പ്രമുഖ ചാനലുകളടക്കം വിവിധ മാധ്യമങ്ങളില്‍ സ്പോണ്‍സേര്‍ഡ് ഉള്ളടക്കങ്ങൾ വരുത്താനായി ചെലവിട്ടത് 30 കോടിയാണ്. കേരളീയം എന്ന മാമാങ്കത്തിന് മാത്രമായി 50 കോടി രൂപയും ഇക്കാലത്ത് കിഫ്ബി ഫണ്ടില്‍ നിന്ന് ചെലവഴിച്ചു.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ആദ്യത്തെ മൂന്നു സാമ്പത്തിക വര്‍ഷം മാത്രം ഏതാണ്ട് 49 കോടി രൂപയാണ് സര്‍ക്കാര്‍ പ്രചരണ പരിപാടികള്‍ക്കായി ചിലവഴിച്ചത്. 2024ലെ ആദ്യത്തെ ആറുമാസം മാത്രം അഞ്ചു കോടിയും ചെലവഴിച്ചിട്ടുണ്ട്. 2025-26 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ ലഭ്യമായിട്ടില്ല. പക്ഷേ, ലഭിച്ച വിവരമനുസരിച്ച് 150 കോടിയിലേറെ രൂപ ഈ കാലഘട്ടത്തിലെ സര്‍ക്കാര്‍ പ്രചാരണവുമായി ബന്ധപ്പെട്ട് വകയിരുത്തിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
2023-24 സാമ്പത്തിക വര്‍ഷം സ്വകാര്യ വ്യക്തികൾക്ക് വന്‍തുകയാണ് കിഫ്ബി ഫണ്ടില്‍ നിന്ന് നല്‍കിയത്. ഇത് എന്തിന് നല്കി എന്നു സര്‍ക്കാരും കിഫ്ബി ഉന്നതോദ്യോഗസ്ഥരും വിശദീകരിക്കണം. തിലകന് എന്നയാള്‍ക്ക് 1.12 കോടിയും രാധാകൃഷ്ണന് എന്നയാള്‍ക്ക് 1.03 കോടി രൂപയും സുരേഷ് എന്നയാള്‍ക്ക് 1.46 കോടി രൂപയും വിജയകുമാര്‍ എന്നയാള്‍ക്ക് 1.63 കോടി രൂപയും നല്‍കിയതായി കണക്കില്‍ കാണിക്കുന്നു. വേറെയും വ്യക്തികൾക്ക് ലക്ഷങ്ങൾ നൽകിയിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.
ചെന്നിത്തലക്ക് മറുപടിയുമായി കിഫ്ബി
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി കിഫ്ബി. സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനുള്ള ഫണ്ട് കണ്ടെത്തുക എന്നതാണ് പ്രാഥമികമായി കിഫ്ബിയിൽ നിക്ഷിപ്തമായ ചുമതല. ഇതിനായി ധനകാര്യ വിപണിയിൽ കിഫ്ബിയുടെ വിശ്വാസ്യത ഉണ്ടാക്കിയെടുക്കുകയും അത് നിലനിർത്തുകയും ചെയ്യേണ്ടതുണ്ട്. അതനുസരിച്ചാണ് ക്രെഡിറ്റ് റേറ്റിങ് ഏജൻസികൾ കിഫ്ബിയെ റേറ്റ് ചെയ്യുന്നത്. അഡ്വർടൈസിങ്ങിനും മാർക്കറ്റിങ്ങിനുമായി ഉദ്ദേശ്യ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിന് ആനുപതികമായി പണം ചെലവഴിക്കുന്നുമുണ്ട്.
ഇതോടൊപ്പം പ്രധാന അടിസ്ഥാനസൗകര്യ വികസന പദ്ധതികളെ കുറിച്ച് പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണം ഉണ്ടാക്കേണ്ടതുണ്ട്.
ചില വ്യക്തികളുടെ പേരെടുത്ത് പറഞ്ഞ് അവരുടെ അക്കൗണ്ടുകളിലേക്ക് കിഫ്ബി പണം കൈമാറ്റം ചെയ്തതായി രമേശ് ചെന്നിത്തല ആരോപിക്കുന്നു. ഇവരെല്ലാം പി.ഡബ്ല്യു.ഡിയുടെ അംഗീകൃത കരാറുകാരാണെന്നും കിഫ്ബി വാർത്താകുറിപ്പിൽ വിശദീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

