വൻ ചതി... എസ്.സി-എസ്.ടി വിഹിതവും കിഫ്ബി അട്ടിമറിച്ചു
text_fieldsതിരുവനന്തപുരം: കിഫ്ബി വഴി വാരിക്കോരി പണം ചെലവഴിച്ചെങ്കിലും ഭരണഘടനാപരമായും ജനസംഖ്യാനുപാതികമായും ലഭ്യമാക്കേണ്ട എസ്.സി-എസ്.ടി വിഹിതവും അട്ടിമറിച്ചെന്ന് സുധാപിള്ള കമ്മിറ്റി കണ്ടെത്തൽ. സംസ്ഥാന പ്ലാൻ അടങ്കലിന്റെ കുറഞ്ഞത് 12.64 ശതമാനം തുക ഈ ദുർബല വിഭാഗങ്ങൾക്കായി നിർബന്ധമായി വിനിയോഗിക്കപ്പെടണം. പട്ടികജാതി വിഭാഗങ്ങൾക്ക് 9.81 ശതമാനവും പട്ടികവർഗ വിഭാഗങ്ങൾക്ക് 2.83 ശതമാനവും എന്ന കണക്കിലാണിത്. എന്നാൽ, കിഫ്ബി പദ്ധതികൾ പരിശോധിക്കുമ്പോൾ ഈ വിഭാഗങ്ങൾക്ക് കടുത്ത അവഗണന നേരിട്ടെന്നും ലഭിച്ചത് പേരിന് മാത്രമുള്ള പദ്ധതികളാണെന്നും റിപ്പോർട്ട് അടിവരയിടുന്നു.
കിഫ്ബി ആകെ അംഗീകരിച്ച 1,240 പദ്ധതികളിൽ പട്ടികജാതി- പട്ടികവർഗ വികസന വകുപ്പിനുള്ളത് വെറും 10 പദ്ധതികൾ മാത്രം. ആകെ അടങ്കൽ തുകയായി അനുവദിച്ച 1,00,341 കോടിയിൽ പട്ടികജാതി-വർഗ വികസനത്തിന് നീക്കിവെച്ചത് വെറും 182 കോടി. അതായത്, ആകെ പദ്ധതിത്തുകയുടെ 0.18 ശതമാനം മാത്രം. വിവിധ പദ്ധതികൾക്കായി ആകെ വിതരണം ചെയ്ത 42,327 കോടിയിൽ ഈ വിഭാഗങ്ങൾക്ക് നീക്കിവെച്ചതാകട്ടെ 87 കോടിയും (ആകെ വിതരണത്തിന്റെ 0.21 ശതമാനം).
കിഫ്ബി നിയമത്തിലോ 2016, 2018 വർഷങ്ങളിലെ സർക്കാർ മാർഗരേഖകളിലോ നിശ്ചിത ശതമാനം ഫണ്ട് പട്ടികജാതി-വർഗ പദ്ധതികൾക്കായി നീക്കിവെക്കണമെന്ന നിയമപരമോ നയപരമോ ആയ വ്യവസ്ഥയും ഉൾപ്പെടുത്തിയിരുന്നില്ല. കിഫ്ബിയുടെ അടിസ്ഥാന സൗകര്യ ഫണ്ടിങ് വൻതോതിൽ വിപുലീകരിച്ചപ്പോഴും എസ്.സി-എസ്.ടി മാനദണ്ഡങ്ങൾ ഉൾപ്പെടുത്താതിരുന്നത് ധനവകുപ്പിന്റെയും സംസ്ഥാന ആസൂത്രണ ബോർഡിന്റെയും ഭാഗത്തുണ്ടായ ഗുരുതര വീഴ്ചയാണെന്നാണ് വിദഗ്ധ സമിതി വിലയിരുത്തൽ.
കിഫ്ബിക്ക് പകരം സംസ്ഥാന സർക്കാർ പൊതുബജറ്റിലൂടെയും പ്ലാൻ ഫണ്ടിലൂടെയും ഈ അടിസ്ഥാന സൗകര്യ വികസനം നേരിട്ട് നടത്തിയിരുന്നതെങ്കിൽ നിയമസഭയുടെയും ആസൂത്രണ ബോർഡിന്റെയും പരിശോധനക്ക് വിധേയമായി മുൻഗണനകൾ നിശ്ചയിക്കപ്പെടുകയും എസ്.സി-എസ്.ടി വിഭാഗങ്ങൾക്കുള്ള 12.64 ശതമാനം വിഹിതം പൂർണമായി ലഭ്യമാവുകയും ചെയ്യുമായിരുന്നു.
പൊതുവിഭവങ്ങൾ കിഫ്ബി എന്ന ബജറ്റിന് പുറത്തുള്ള സംവിധാനത്തിലേക്ക് വഴിതിരിച്ചുവിട്ടതിലൂടെ സാധാരണ പ്ലാൻ പ്രക്രിയ വഴി ഈ ദുർബല വിഭാഗങ്ങൾക്ക് ലഭിക്കേണ്ടിയിരുന്ന ആയിരക്കണക്കിന് കോടി രൂപയുടെ വികസന വിഹിതമാണ് നഷ്ടമായത്. ഫലത്തിൽ വിഭവവിതരണത്തിലെ ഈ അസന്തുലിതാവസ്ഥ സാമ്പത്തിക നഷ്ടം എന്നതിനപ്പുറം ഗുരുതര സാമൂഹിക ക്ഷേമനഷ്ടം കൂടിയാണ്.പട്ടികജാതി-വർഗ വികസന വകുപ്പ് സമർപ്പിച്ചതും കിഫ്ബി ധനസഹായം നൽകിയതുമായ 10 പദ്ധതികളും വ്യവസായ പരിശീലന സ്ഥാപനങ്ങൾ, മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ, പ്രീ-മെട്രിക്-പോസ്റ്റ്-മെട്രിക് ഹോസ്റ്റലുകൾ, പ്രീ-എക്സാമിനേഷൻ ട്രെയിനിങ് സെന്ററുകൾ, തൊഴിൽ പരിശീലന കേന്ദ്രങ്ങൾ എന്നിങ്ങനെ വിദ്യാർഥികളുടെ വിദ്യാഭ്യാസ-താമസ-തൊഴിൽ പരിശീലന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളവയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

