കിഫ്ബി: കണ്ണൂർ വാദം ഉയർത്തി നേരിടാൻ സിപിഎം
text_fieldsകണ്ണൂർ: കിഫ്ബി തുകയുടെ ബഹുഭൂരിഭാഗവും കണ്ണൂരിലേക്ക് ഒഴുകിയെന്ന സുധാപിള്ള സമിതി റിപ്പോർട്ടിനെ കണ്ണൂർ വാദമുയർത്തി നേരിടാൻ സി.പി.എം. കണ്ണൂരെന്താ കേരളത്തിൽ അല്ലേ എന്ന് ചോദിച്ച പി.ബി അംഗം പിണറായി വിജയനു പിന്നാലെ മറ്റ് നേതാക്കളും രംഗത്തുവന്നു. പിണറായിയുടേതിനേക്കാൾ ഒരു പടി കടന്നാണ് ജോൺ ബ്രിട്ടാസ് കിഫ്ബി റിപ്പോർട്ടിനെതിരെ രംഗത്തുവന്നത്. കണ്ണൂർ എന്തോ പാകിസ്ഥാനിലാണെന്ന പ്രതീതിയാണ് സംസ്ഥാന സർക്കാർ സൃഷ്ടിക്കുന്നതെന്ന് ബ്രിട്ടാസ് വിമർശിച്ചു.
കണ്ണൂർ വിമാനത്താവളത്തിന് സമീപമല്ലേ വ്യവസായം വരേണ്ടതെന്നും അവിടെ ഐ.ടി പാർക്ക് വരുന്നതിൽ ആർക്കാണ് പ്രശ്നമെന്ന് കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജനും ചോദിച്ചു. പിണറായി ശൈലിയിൽ മറ്റ് നേതാക്കളും അടുത്ത ദിവസങ്ങളിലായി രംഗത്തുവരും. സംസ്ഥാനത്തെ വ്യവസായങ്ങൾക്ക് ഭൂമി ഏറ്റെടുക്കലിന് കിഫ്ബി വകയിരുത്തിയ തുകയുടെ 75 ശതമാനവും കണ്ണൂരിലാണെന്നാണ് സുധാപിള്ള സമിതി റിപ്പോർട്ടിലെ പ്രധാന ഭാഗം. ബജറ്റിലോ മന്ത്രിസഭയിലോ വരാതെയാണ് അഞ്ചിരട്ടി വില നൽകി ഭൂമി ഏറ്റെടുത്തതെന്നും റിപ്പോർട്ടിലുണ്ട്.
മുഖ്യമന്ത്രി, സി.പി.എം സംസ്ഥാന സെക്രട്ടറി, എൽ.ഡി.എഫ് കൺവീനർ തുടങ്ങിയവരെല്ലാം കണ്ണൂർകാരായ വേളയിലാണ് ഈ പദ്ധതികൾ എല്ലാം വന്നത്. കേരളത്തിന്റെ വികസന നേട്ടങ്ങളെല്ലാം തെക്കൻ ജില്ലകളിലേക്ക് കേന്ദ്രീകരിക്കുന്നു എന്നായിരുന്നു ഒരുകാലത്തെ പ്രചാരണം. കണ്ണൂരിനപ്പുറം മലബാർ വികസനമെന്ന തുറുപ്പുചീട്ട് കൂടിയാണ് കണ്ണൂർ വാദം വഴി സി.പി.എം ലക്ഷ്യമിടുന്നത്. ഒപ്പം കണ്ണൂർ വികാരവും ഇതുവഴി ലഭിക്കും.
സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിൽ ഏറ്റവും കൂടുതൽ ഭൂമിലഭ്യത കണ്ണൂരിലെന്നതാണ് കിഫ്ബി റിപ്പോർട്ടിനെതിരെ ഉന്നയിക്കുന്ന മറ്റൊരു വാദം. കണ്ണൂർ വിമാനത്താവളത്തിനു സമീപങ്ങളിലായാണ് ഏറ്റവും കൂടുതൽ ഭൂമി ഏറ്റെടുക്കാൻ വിജ്ഞാപനമിറക്കിയതും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

