സർക്കാർ പി.ആർ പരിപാടികൾക്ക് കിഫ്ബി ധൂർത്തടിച്ചത് 100 കോടിയിലധികം രൂപ; ഓഡിറ്റ് റിപ്പോർട്ട് പുറത്ത്
text_fieldsഫയൽ ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ നിർണായക അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി വിഭവസമാഹരണം നടത്താൻ രൂപീകരിച്ച കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) ചട്ടങ്ങളും ലക്ഷ്യങ്ങളും കാറ്റിൽപ്പറത്തി സർക്കാരിന്റെ പ്രചാരണ പരിപാടികൾക്കായി 100 കോടിയിലധികം രൂപ ചെലവഴിച്ചതായി ഓഡിറ്റ് റിപ്പോർട്ട്. എൽ.ഡി.എഫ് സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'എന്റെ കേരളം' പ്രദർശന വിപണന മേളയ്ക്കും 'സി.എം വിത്ത് മി' ജനസമ്പർക്ക പരിപാടിക്കുമായാണ് 2025-26 സാമ്പത്തിക വർഷത്തിൽ ഈ വൻതുക ചെലവിട്ടത്.
കിഫ്ബിയുടെ 2025-26 വർഷത്തെ ഓഡിറ്റ് ചെയ്ത കണക്കുകൾ പ്രകാരം, 2025 ഏപ്രിൽ-മെയ് മാസങ്ങളിൽ ജില്ലകളിൽ നടന്ന 'എന്റെ കേരളം' മേളയ്ക്കായി മാത്രം 96.44 കോടി രൂപയാണ് ചെലവിട്ടത്. 'സി.എം വിത്ത് മി' പരിപാടിക്കായി 6.14 കോടി രൂപയും വകയിരുത്തി. സർക്കാർ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ പരിപാടികളുടെ അടിസ്ഥാന സൗകര്യ നിർമാണചെലവുകൾ എന്ന പേരിലാണ് ഈ തുക കിഫ്ബി വഹിച്ചതും നേരിട്ടുള്ള പദ്ധതിച്ചെലവായി കണക്കുകളിൽ ഉൾപ്പെടുത്തിയതും.
'രാഷ്ട്രീയ പ്രചാരണങ്ങൾക്ക് ഫണ്ട് ദുർവിനിയോഗം ചെയ്തു': ഡോ. കെ.പി. കണ്ണൻ
അടിസ്ഥാന സൗകര്യങ്ങൾക്കായി ഫണ്ട് കണ്ടെത്തുകയെന്ന കിഫ്ബിയുടെ പ്രഖ്യാപിത ലക്ഷ്യവും രാഷ്ട്രീയ പ്രചാരണങ്ങൾക്കായുള്ള ഈ ചെലവഴിക്കലും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് പ്രമുഖ വികസന സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ. കെ.പി. കണ്ണൻ ചൂണ്ടിക്കാട്ടി.
"ഇതിൽ വ്യക്തമായ ചട്ടലംഘനവും ഒരുപക്ഷേ ഫണ്ട് ദുർവിനിയോഗവും നടന്നിട്ടുണ്ട്. സർക്കാർ ഗ്രാന്റുകൾക്ക് പുറമെ ഭൂരിഭാഗവും വായ്പയെടുത്ത പണമാണ് കിഫ്ബി കൈകാര്യം ചെയ്യുന്നത്. കടമെടുത്ത പണം പരസ്യങ്ങൾക്കും പ്രചാരണങ്ങൾക്കുമായി ചെലവഴിക്കാൻ പാടില്ല. അത് സർക്കാർ പണമാണെങ്കിൽ പോലും പരസ്യങ്ങൾക്കായി ദുരുപയോഗം ചെയ്യാൻ അവകാശമില്ല. കിഫ്ബി വളരെ കർശനമായി ചിലവ് നിയന്ത്രിക്കേണ്ട സ്ഥാപനമാണ്. ധനവകുപ്പിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലേക്ക് കിഫ്ബി വന്ന സാഹചര്യത്തിൽ സർക്കാർ ഇക്കാര്യം അതീവ ഗൗരവത്തോടെ കണ്ട് നടപടിയെടുക്കണം."
— ഡോ. കെ.പി. കണ്ണൻ ആവശ്യപ്പെട്ടു.
ബില്ലുകളില്ല, ടെൻഡർ വ്യവസ്ഥകൾ അട്ടിമറിച്ചു; 80 കോടിയുടെ പ്രചാരണച്ചെലവിലും സംശയം
കിഫ്ബിയുടെ സ്റ്റാറ്റ്യൂട്ടറി ഓഡിറ്ററായ മെസ്സേഴ്സ് സൂരി ആൻഡ് കോ രണ്ട് സർക്കാർ പരിപാടികളുടെ ചെലവുകളിലേക്ക് വിരൽചൂണ്ടിയെങ്കിലും കണക്കുകളിൽ മാറ്റം വരുത്തിയിട്ടില്ല. എന്നാൽ, കിഫ്ബി മീഡിയ സെൽ വഴി പുറത്തുനിന്നുള്ള ഏജൻസികളെ നിയോഗിച്ച് നടത്തിയ മറ്റൊരു 79.98 കോടി രൂപയുടെ പ്രചാരണ പ്രവർത്തനങ്ങളിൽ ഓഡിറ്റർ സംശയം രേഖപ്പെടുത്തി 'ക്വാളിഫൈഡ് ഒപ്പീനിയൻ' നൽകിയിട്ടുണ്ട്.
പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്ന മാധ്യമസ്ഥാപനങ്ങളുടെ ബില്ലുകൾ സൂക്ഷ്മപരിശോധനയ്ക്കായി സമർപ്പിക്കണമെന്നാണ് കിഫ്ബിയുടെ നിയമം. എന്നാൽ ഇതിൽ 62.39 കോടി രൂപയുടെ മാധ്യമ ബില്ലുകൾ ഹാജരാക്കാൻ കിഫ്ബിക്ക് സാധിച്ചില്ല. മറ്റൊരു 7.45 കോടി രൂപയ്ക്ക് അവസാന സർവീസ് പ്രൊവൈഡറുടെ ബില്ലുകളും ലഭ്യമല്ലായിരുന്നു. ഏജൻസികളെ തെരഞ്ഞെടുത്ത മാനദണ്ഡങ്ങൾ വ്യക്തമാക്കുന്ന രേഖകളും ഹാജരാക്കിയിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഫെബ്രുവരി 13-നും മാർച്ച് 31-നും ഇടയിലുള്ള വെറും 46 ദിവസങ്ങൾക്കുള്ളിലാണ് ഇതിൽ 60.12 കോടി രൂപയും ധൃതിപിടിച്ച് ചെലവഴിച്ചത്. വിപണിയിൽ നിന്ന് ഫണ്ട് സമാഹരിക്കുന്നതിന് ബ്രാൻഡ് മൂല്യവും വിശ്വാസ്യതയും വർദ്ധിപ്പിക്കാനാണ് പരസ്യം നൽകിയതെന്നും ഏജൻസികളെ മാനദണ്ഡങ്ങൾ പാലിച്ചാണ് തെരഞ്ഞെടുത്തതെന്നുമാണ് കിഫ്ബിയുടെ വിശദീകരണം.
മേളകൾക്കുള്ള ഇൻഫ്രാസ്ട്രക്ചർ ചെലവുകൾ കിഫ്ബി വഹിക്കാറുണ്ടെന്നും 'എന്റെ കേരളം' വഴി കിഫ്ബിയുടെ വികസന പ്രവർത്തനങ്ങൾ കൂടിയാണ് ജനങ്ങളിലേക്ക് എത്തിച്ചതെന്നും അന്നത്തെ കിഫ്ബി വൈസ് ചെയർപേഴ്സണും മുൻ ധനമന്ത്രിയുമായ കെ.എൻ. ബാലഗോപാൽ പ്രതികരിച്ചു. ഇതിന് കിഫ്ബിയിൽ വ്യവസ്ഥകളുണ്ടെന്നാണ് തന്റെ അറിവെന്നും അദ്ദേഹം പറഞ്ഞു. ടെൻഡറില്ലാതെ 30.83 കോടി രൂപ ഏജൻസികൾക്ക് നൽകിയതിന് 2024-25 ലും കിഫ്ബിയുടെ അക്കൗണ്ടുകൾ ഓഡിറ്റ് നിരീക്ഷണത്തിന് വിധേയമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

