കിഫ്ബി: വ്യക്തിവിവരങ്ങൾ തേടുന്നത് എന്തിന് -ഇ.ഡിയോട് ഹൈകോടതി
text_fieldsകൊച്ചി: മസാലബോണ്ടുകൾ ഇറക്കിയതിൽ വിദേശനാണ്യ വിനിമയ നിയമത്തിന്റെ (ഫെമ) ലംഘനമുണ്ടോയെന്ന അന്വേഷണത്തിന് മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവരുടെ വ്യക്തിവിവരങ്ങൾ തേടുന്നത് എന്തിനെന്ന് ഇ.ഡിയോട് ഹൈകോടതി. ഇ.ഡിയുടെ ഇത്തരം നീക്കങ്ങൾ സംശയമുളവാക്കുന്നതാണ്. ഇത്തരം കാര്യങ്ങളില്‍ അന്വേഷണം ആവശ്യമാണോ എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ ആരാഞ്ഞു. അന്വേഷണത്തിന്റെ പേരിൽ ഇ.ഡി തുടർച്ചയായി സമൻസ് നൽകി ബുദ്ധിമുട്ടിക്കുകയാണെന്ന് ആരോപിച്ച് തോമസ് ഐസക്കിന് പുറമെ കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാം, ജോയന്റ് ഫണ്ട് മാനേജർ ആനി ജൂല തോമസ് എന്നിവർ നൽകിയ ഹരജിയാണ് കോടതി പരിഗണിക്കുന്നത്.
തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് നിരന്തരം സമന്‍സ് നല്‍കുന്നത് കൊണ്ടാണ് ഹരജിക്കാർക്ക് കോടതിയെ സമീപിക്കേണ്ടി വരുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല, ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നൽകിയ സമൻസുകളിൽ ചെയ്ത കുറ്റമെന്തെന്നോ, എന്ത് നിയമലംഘനമാണ് നടത്തിയതെന്നോ വിശദീകരിക്കുന്നില്ല. ഹരജിക്കാർക്ക് തുടർച്ചയായി സമൻസ് നൽകുന്നത് കോടതി നേരത്തേ തടഞ്ഞിരുന്നു. എന്നാൽ, സമൻസ് അയക്കുന്നതാണ് തടഞ്ഞതെന്നും അന്വേഷണം തുടരാൻ തടസ്സമില്ലെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.
ഇടക്കാല ഉത്തരവിനെ തുടർന്ന് അന്വേഷണം തടസ്സപ്പെട്ടെന്ന് ഇ.ഡിക്കുവേണ്ടി ഹാജരായ അഡീ. സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഹരജിക്കാരെ വിളിച്ചുവരുത്തുന്നത് സംബന്ധിച്ച് വാദം കേട്ടു മാത്രമേ തീരുമാനിക്കൂവെന്നും ഇതിന്റെ പേരിൽ അന്വേഷണം തടസ്സപ്പെടേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. തുടർന്ന് ഹരജി നവംബർ 24ന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

