കിഫ്ബി: സി.എ.ജി റിപ്പോര്‍ട്ട് പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതെന്ന് വി.ഡി. സതീശൻ
text_fieldsമലപ്പുറം: കിഫ്ബി, പെൻഷൻ ഫണ്ട് കടമെടുപ്പ് എന്നിവ സംബന്ധിച്ച് പ്രതിപക്ഷം നിരന്തരമായി നിയമസഭയിലും പുറത്തും ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് സി.എ.ജി ഓഡിറ്റ് റിപ്പോർട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബജറ്റിന് പുറത്ത് കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും ഉണ്ടാക്കി 25,874 കോടി രൂപയുടെ അധികബാധ്യത ഉണ്ടാക്കിയെന്നാണ് സി.എ.ജി റിപ്പോര്‍ട്ട്. ഇത് സര്‍ക്കാര്‍ മറച്ചുവെച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.
ബജറ്റിന് പുറത്തുള്ള കടമെടുപ്പ് അപകടമുണ്ടാക്കുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കിയതാണ്. സഞ്ചിതനിധിയില്‍നിന്നുള്ള പണമെടുത്താണ്, വരുമാനം ഉണ്ടാക്കാത്ത കിഫ്ബി വരുത്തുന്ന നഷ്ടം നികത്തുന്നത്. പൊതുവിപണിയില്‍ ഇടപെട്ട് വിലക്കയറ്റം പിടിച്ചുനിര്‍ത്തേണ്ട സപ്ലൈകോയെ പിണറായി സര്‍ക്കാര്‍ തകര്‍ത്തു. 3000 കോടിയാണ് സപ്ലൈകോയുടെ നഷ്ടം.
സബ്‌സിഡി നല്‍കേണ്ട 13 നിത്യോപയോഗ സാധനങ്ങള്‍ സപ്ലൈകോയിലില്ല. ഇത് പൊതുവിപണിയിൽ കൃത്രിമ വിലക്കയറ്റത്തിലേക്ക് നയിക്കും. സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിക്കാനുള്ള തീരുമാനം അടിയന്തരമായി പിന്‍വലിക്കണം. നവകേരള സദസ്സിന്റെ പേരില്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വ്യാപകമായി കള്ളപ്പിരിവ് നടത്തി. ഉദ്യോഗസ്ഥര്‍ ജനങ്ങളെ പേടിപ്പിച്ചാണ് പണം പിരിച്ചെടുത്തതെന്നും സതീശൻ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

