ഒമ്നി വാനിലെത്തിയ സംഘം മദ്റസ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു
text_fieldsrepresentative image
മൂവാറ്റുപുഴ: മുളവൂരില്‍ മദ്റസ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ചൊവ്വാഴ്ച രാവിലെ എട്ടിന് മുളവൂര്‍ പള്ളിപ്പടി- തൈക്കാവുംപടി റോഡിലാണ് സംഭവം.
ഈസ്റ്റ് മുളവൂര്‍ റഹ്മാനിയ മദ്റസയിലെ പഠനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മുളവൂര്‍ മരങ്ങാട്ട് ഹനീഫയുടെ 11 വയസ്സുള്ള മകനെയാണ് മാരുതി ഒമ്നി വാനിലെത്തിയ സംഘം കാറിലേക്ക് വലിച്ച് കേറ്റാന്‍ ശ്രമിച്ചത്. കുതറി ഓടിയ കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞതോടെയാണ് നാട്ടുകാര്‍ വിവരമറിയുന്നത്.
ഉടന്‍ നാട്ടുകാരുടെയും കുട്ടിയുടെ ബന്ധുക്കളുടെയും നേതൃത്വത്തില്‍ പ്രദേശത്ത് അന്വേഷണം നടത്തിയെങ്കിലും വാഹനം കണ്ടെത്താനായില്ല.
കറുത്ത മാരുതി ഒമ്നി കാറിലാണ് സംഘമെത്തിയതെന്ന് കുട്ടി പറഞ്ഞു. ഈ സമയം പരിസരപ്രദേശങ്ങളില്‍ ആളുകള്‍ ഇല്ലായിരുന്നു. മൂവാറ്റുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സമാനമായ സംഭവം മുളവൂരില്‍ നടന്നിരുന്നു. മുളവൂര്‍ മുളാട്ട് സലാമിെൻറ മകനെ കാറിലെത്തിയ സംഘം പിടിച്ച് കയറ്റാന്‍ ശ്രമിച്ചിരുന്നു. തലനാരിഴക്കാണ് അന്ന് കുട്ടി രക്ഷപ്പെട്ടത്.

