Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാനദണ്ഡം പാലിക്കാത്ത...

മാനദണ്ഡം പാലിക്കാത്ത കൂട്ട സ്ഥലംമാറ്റ നടപടി പിൻവലിക്കണം -കെ.ജി.എം.സി.ടി.എ

text_fields
bookmark_border
KGMCTA
cancel

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ മെഡിക്കൽ വിദ്യാഭ്യാസ രം​ഗത്തിന്റെ ഭാവിയെ തകർക്കുന്ന തരത്തിലുള്ള അശാസ്ത്രീയമായ കൂട്ട സ്ഥലംമാറ്റ ഉത്തരവ് പിൻവലിക്കണമെന്ന് സർക്കാർ മെഡിക്കൽ കോളജ് അധ്യാപക സംഘടനയായ കെ.ജി.എം.സി.ടി.എ ആവശ്യപ്പെട്ടു. കേരള ആരോഗ്യ സർവകലാശാലയുടെ പരിശോധനയ്ക്കു മുന്നോടിയായി വയനാട്, കാസർകോട് മെഡിക്കൽ കോളജുകളിലേക്ക് മഞ്ചേരി, തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം എന്നീ മെഡിക്കൽ കോളജുകളിൽ നിന്നും 71 സ്പെഷ്യലിസ്റ്റ് അധ്യാപകരെ ഒറ്റ ദിവസം കൊണ്ട് സ്ഥലം മാറ്റിയുള്ള ഉത്തരവാണ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടത്.

കാസർകോട് മെഡിക്കൽ കോളേജിലേക്ക് 42 ഉം, വയനാട് മെഡിക്കൽ കോളേജിലേക്ക് 29 ഉം പേരെ സ്ഥലം മാറ്റിയ ശേഷം അടുത്ത ദിവസം തന്നെ ചുമതല ഏറ്റെടുക്കാനുള്ള ഉത്തരവാണ് ഇറക്കിയത്. ഇത് പുനപരിശോധിക്കണമെന്നും കെ.ജി.എം.സി.ടി.എ ആവശ്യപ്പെട്ടു.

ഈ മെഡിക്കൽ കോളജുകളിൽ കേരള ആരോഗ്യ സർവകലാശാല പരിശോധനക്കും നാഷനൽ മെഡിക്കൽ കമ്മീഷന്റെ നടപടി പൂർത്തിയാക്കാനും വേണ്ടി സർക്കാർ പുതിയ തസ്തിക അനുവദിച്ച് നിയമനം നടത്താത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ അടിസ്ഥാന കാരണം. പുതിയ തസ്തികളിൽ പുതിയ നിയമനം നടത്താതെ തൃശൂർ, കോഴിക്കോട്, മഞ്ചേരി, തിരുവനന്തപുരം മെഡിക്കൽ കോളജുകളിൽ നിന്നുള്ളവരെ സ്ഥലം മാറ്റുന്നതോടെ അവിടങ്ങളിലെ രോഗീ പരിചരണത്തെ ഗുരുതരമായി ബാധിക്കുന്ന അവസ്ഥ ഉണ്ടാകും. സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ ചികിത്സക്കും അധ്യാപനത്തിനും ആവശ്യമായ ഡോക്ടർമാർ ഇല്ലാത്തപ്പോൾ തന്നെയുള്ള ഈ സ്ഥലം മാറ്റം സ്ഥിതി ഗുരുതരമാക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.

നേരത്തെ തന്നെ, സർക്കാർ ഇത്തരത്തിലുളള നടപടികൾ കൈക്കൊണ്ടപ്പോൾ കെ.ജി.എം.സി.ടി.എ പ്രത്യക്ഷ സമരത്തിന് ഇറങ്ങാതിരുന്നത് കേരളത്തിലെ മെഡിക്കൽ കോളജുകളുടെ പദവിക്ക് കോട്ടം തട്ടാതിരിക്കാനും വിദ്യാർഥികളുടെ ഭാവിക്ക് പ്രശ്നം ഉണ്ടാകാതിരിക്കാനുമായിരുന്നു. എന്നാൽ കാലങ്ങളായി തുടർന്ന് വരുന്ന, എൻ.എം.സിയെ പറ്റിക്കുന്ന തരത്തിലുളള ഇത്തരം നടപടിക്കെതിരെ സമരത്തിന് കെ.ജി.എം.സി.ടി.എ സമരത്തിന് ഇറങ്ങേണ്ട അവസ്ഥയിലുമാണ്.

കേവലം ഒരു വർഷം മുമ്പ് ജനറൽ ട്രാൻസ്ഫറിൽ സ്ഥലം മാറ്റം ലഭിച്ചവരെയും വൈസ് പ്രിൻസിപ്പലിനെയും പോലും യാതൊരുവിധ മാനദണ്ഡവും പരിഗണിക്കാതെ സ്ഥലം മാറ്റിയിരിക്കുകയാണ്. ഇതിൽ പലരുടെയും മക്കൾക്ക് വാർഷിക, ബോർഡ്, യൂനിവേഴ്സിറ്റി പരീക്ഷകളും എൻട്രൻസും പരീക്ഷയും ഉൾപ്പെടെ അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിലുളള സ്ഥലം മാറ്റം അവരുടെ കുടുംബത്തെയും താളം തെറ്റിക്കും. ഗൈനക്കോളജി, ഓർത്തോപീഡിക്സ്, ഡെർമറ്റോളജി വിഭാ​ഗങ്ങളിലെ നിയമനം നടന്നിട്ട് വർഷങ്ങളായി. ഈ അവസരത്തിലാണ് പല സ്ഥലം മാറ്റങ്ങളും.

വയനാട് മെഡിക്കൽ കോളജിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പൂർത്തീകരീച്ചിട്ടില്ല. കാസർകോട് അടിസ്ഥാന സൗകര്യങ്ങൾക്കുള്ള പ്രവർത്തനങ്ങൾ ശൈശവ ദശയിലുമാണ്. മാർച്ച് ഏപ്രിൽ മാസത്തിൽ നാഷനൽ മെഡിക്കൽ കൗൺസിൽ പരിശോധനക്ക് എത്തുന്നതിന് മുമ്പ് കാസർ​ഗോഡ് ജനറൽ ആശുപത്രിയുടെ ചികിത്സാ സൗകര്യം മെഡിക്കൽ കോളജിന് വേണ്ടി നൽകണമെന്ന് കാട്ടി 2024 ഡിസംബർ 30 തിന് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. മെഡിക്കൽ കോളജിന് വേണ്ടി കെട്ടിടം നിർമിക്കുന്ന സ്ഥലത്ത് നിന്ന് 28 കിലോ മീറ്റർ അകലെയാണ് ജനറൽ ആശുപത്രി സ്ഥിതി ചെയ്യുന്നത്. ഇവിടേക്ക് ആവശ്യത്തിന് വാഹന സൗകര്യം പോലും നിലവിൽ ഇല്ലാത്ത സ്ഥിതിയുമാണ്. ഒരുതരത്തിലുമുളള മുന്നൊരുക്കം ഇല്ലാത്ത ഈ തട്ടിക്കൂട്ടു നടപടികൾ പുതുതായി തുടങ്ങുന്ന കോളജുകൾക്ക് ഗുണമില്ലാത്തതും മറ്റു മെഡിക്കൽ കോളജുകളെ തകർക്കുന്നതുമായ നടപടിയുമായി മാറും.

പുതിയ മെഡിക്കൽ കോളേജുകൾ തുടങ്ങുകയല്ല, മറിച്ച് ഉള്ള സ്ഥാപനങ്ങളിൽ ചികിത്സ സൗകര്യങ്ങളും, അധ്യാപന-ഗവേഷണ നിലവാരവും മെച്ചപ്പെടുത്താൻ വേണ്ട ക്രിയാത്മകവും ദീർഘവീക്ഷണത്തോടെയും ഉള്ള ഇടപെടലുകൾ സർക്കാർ ചെയ്യേണ്ടത്. ആധാർ അധിഷ്ഠിത പഞ്ചിങ് ക്രമക്കേട് ശ്രദ്ധയിൽ പെട്ടാൽ, ഉത്തരവാദികളായ ഡോക്ടർമാരുടെ മെഡിക്കൽ കൌൺസിൽ രജിസ്ട്രേഷൻ റദ്ദാക്കുമെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ പല തവണ താക്കീത് നൽകിയിട്ടുള്ളതാണ്. ഇത് വക വയ്ക്കാതെ സ്ഥലം മാറ്റപ്പെട്ടവരുടെ ആധാർ ഡേറ്റ പഞ്ചിം​ഗ് ഉൾപ്പെടെ ഒരു ദിവസം കൊണ്ട് മാറ്റം വരുത്തി ഇവർക്ക് എന്ന് തിരികെ വരാനാകുമെന്ന കാര്യത്തിൽ പോലും വ്യക്തത വരുത്താത്ത ഈ നടപടി പിൻവലിക്കണമെന്നും കെ.ജി.എം.സി.ടി.എ സംസ്ഥാന സമിതിക്ക്

വേണ്ടി സംസ്ഥാന അധ്യക്ഷ ഡോ. റോസ്നാര ബീഗം ടി., ജനറൽ സെക്രട്ടറി ഡോ. ഗോപകുമാർ ടി. ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KGMCTA
News Summary - KGMCTA wants to withdraw mass transfer process
Next Story