അഴിമതിക്കഥകൾ നാട്ടുകാർ അറിയേണ്ട; വിജിലൻസിലെ നിർണായക വിവരങ്ങൾ വീണ്ടും രഹസ്യം, വിവരാവകാശ നിയമപ്രകാരം നൽകില്ല
text_fieldsതിരുവനന്തപുരം: വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോയിലെ (വി.എ.സി.ബി) ടി സെക്ഷൻ രേഖകളെ വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽനിന്ന് വീണ്ടും ഒഴിവാക്കി. ടി സെക്ഷനിലേക്ക് കൈമാറുന്ന കേസുകളുടെ വിവരങ്ങൾ ഇനിമുതൽ വിവരാവകാശ നിയമപ്രകാരം ലഭിക്കില്ല. രാഷ്ട്രീയ നേതാക്കൾക്കെതിരായ കേസുകളുൾപ്പെടെ നിർണായക വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭിക്കില്ല. ഏതൊക്കെ രേഖകൾ രഹസ്യമാക്കി വെക്കണമെന്ന് വിജിലൻസ് ഡയറക്ടർക്ക് തീരുമാനിക്കാം. ഇതുസംബന്ധിച്ച് സർക്കാർ വിജ്ഞാപനമിറക്കി.
രഹസ്യ സ്വഭാവം സൂക്ഷിക്കേണ്ട പല ഫയലുകളും ഈ സെക്ഷനിലുണ്ടെന്നും അതിന്‍റെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും അതുകൊണ്ടാണ് വിവരാവകാശ നിയമ പരിധിയിൽനിന്ന് ഒഴിവാക്കിയതെന്നും ആഭ്യന്തര-വിജിലൻസ് മന്ത്രി രമേശ് ചെന്നിത്തല വിശദീകരിച്ചു. എന്നാൽ, രാഷ്‌ട്രീയ നേതാക്കൾ ഉൾപ്പെടുന്ന കേസുകളടക്കം വിവരാവകാശ നിയമത്തിൽനിന്ന് മറയ്ക്കാനുള്ള നീക്കമാണിതെന്ന ആക്ഷേപമുയർന്നു. വിവരാവകാശ നിയമം നിലവിൽ വന്നപ്പോൾ രഹസ്യ സെക്ഷനായ ടി സെക്ഷനെ ഒഴിവാക്കിയിരുന്നു. എന്നാൽ, ആക്ഷേപങ്ങൾ ഉയർന്ന സാഹചര്യത്തിൽ 2022ൽ നിയമ പരിധിയിൽ ഉൾപ്പെടുത്തുകയായിരുന്നു. ഇപ്പോൾ സർക്കാർ വിജ്ഞാപനം പുറത്തിറക്കിയതോടെ ടി സെക്ഷൻ വീണ്ടും വിവരാവകാശ നിയമത്തിൽനിന്ന് പുറത്തായി.
പൊലീസ് ആസ്ഥാനത്തെയും ക്രൈംബ്രാഞ്ചിലെയും ടി സെക്ഷനെ നേരത്തേതന്നെ വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽനിന്ന് ഒഴിവാക്കിയിരുന്നു. പുതിയ വിജ്ഞാപനത്തിന്‍റെ അടിസ്ഥാനത്തിൽ ഏതൊക്കെ രേഖകൾ ടി സെക്ഷനിലേക്ക് മാറ്റണമെന്ന് വിജിലൻസ് ഡയറക്ടർക്ക് തീരുമാനിക്കാം. അതിനാൽ ഏത് ഫയലും ഇനി ടി സെക്ഷനിലേക്ക് മാറ്റി അതിന്‍റെ രഹസ്യ സ്വഭാവം സൂക്ഷിക്കാനാകും. സർക്കാറിനും വിജിലൻസിനും താൽപര്യമില്ലാത്ത കേസുകളിൽ വിവരങ്ങളൊന്നും പുറത്തുവിടാതിരിക്കാൻ ഈ പരിഷ്കരണം വഴി സാധിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.

