കെവിൻ വധം: മുഖ്യപ്രതികൾ കീഴടങ്ങി
text_fieldsകോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിന് കോട്ടയം സ്വദേശി കെവിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതികൾ പൊലീസിനു മുമ്പാകെ കീഴടങ്ങി. കെവിെൻറ ഭാര്യ നീനുവിെൻറ പിതാവ് ചാക്കോ, സഹോദരൻ ഷാനു ചാക്കോ എന്നിവരാണ് കീഴടങ്ങിയത്. ബംഗളൂരുവിൽ നിന്നെത്തിയ പ്രതികൾ കണ്ണൂരിലെ കരിക്കോട്ടക്കി പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. കേസിൽ ഷാനു ചാക്കോ ഒന്നാം പ്രതിയും പിതാവ് ചാക്കോ അഞ്ചാം പ്രതിയുമാണ്.
കെവിനെ കൊലപ്പെടുത്തിയ ശേഷം കേരളംവിട്ട പ്രതികൾ ബംഗളൂരുവിലേക്കാണ് കടന്നുകളഞ്ഞത്. ഇവരെ പിന്തുടർന്ന് പ്രത്യേക അന്വേഷണ സംഘം ബംഗളൂരുവിൽ എത്തിയിരുന്നു. തുടർന്ന് കണ്ണൂരിലേക്ക് വന്ന പ്രതികൾ കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കൊച്ചി റേഞ്ച് െഎ.ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതികളെ കസ്റ്റഡിലിലെടുത്ത് കോട്ടയത്തേക്ക് തിരിച്ചു. പ്രതികളെ കോട്ടയം പൊലീസ് ക്ലബ്ബിെലത്തിച്ച് വിശദമായി ചോദ്യം ചെയ്യുമെന്നാണ് വിവരം.
അതേസമയം, ബന്ധുക്കൾ സംരക്ഷണം നൽകാതിരുന്ന സാഹചര്യത്തിൽ ഗത്യന്തരമില്ലാതെയാണ് ചാക്കോയും മകനും പൊലീസിൽ കീഴടങ്ങിയത്. ബംഗളൂരുവിൽ നിന്ന് ഒളിവിൽ കഴിയാനായി കണ്ണൂർ ഇരിട്ടിയിലെ ബന്ധുവീട്ടിൽ ഇരുവരും എത്തി. എന്നാൽ, സംഭവത്തിന്‍റെ ഗൗരവം മനസിലാക്കിയ ബന്ധുക്കൾ അഭയം നൽകാൻ തയാറായില്ല. ഇതോടെയാണ് ചാക്കോയും ഷാനുവും കിക്കോട്ടക്കരി പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്.
വാഹനത്തിൽ നിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ തെന്മല ചാലിയേക്കര തോട്ടിൽ കെവിൻ വീഴുകയായിരുന്നെന്ന് പ്രതികൾ മൊഴി നൽകിയതായി പൊലീസ് വ്യക്തമാക്കി. ഇതോടെ തങ്ങൾ പല സംഘമായി പിരിഞ്ഞ് പോയെന്നാണ് പ്രതികൾ പറയുന്നത്. എന്നാൽ, പ്രതികളുടെ മൊഴി വിശ്വസിക്കാനാവില്ലെന്നും പൊലീസ് വിലയിരുത്തൽ. ഡി.വൈ.എസ്.പി ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തിൽ പ്രതികളെ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ വീണ്ടും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
റിയാസ്, നിയാസ്, ഇഷാൻ, മനു, ഷിനു, വിഷ്ണു, ഷെഫിൻ, ടിന്‍റോ ജറോം, ഫസൽ, ഷെറീഫ് ഉൾപ്പെടെ കേസിൽ ആകെ 14 പ്രതികളുണ്ടെന്നാണ് അന്വേഷണ സംഘത്തിന് മേൽനോട്ടം വഹിക്കുന്ന ഐ.ജി വിജയ് സാഖറെ മാധ്യമങ്ങളെ അറിയിച്ചത്. ഇതിൽ രണ്ടു പ്രതികളെ തമിഴ്നാട്ടിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇടമൺ നിഷാന മൻസിലിൽ നിയാസ് (23), റിയാസ് മൻസിലിൽ റിയാസ് (26) എന്നിവരെയാണ് ചെങ്കോട്ടക്ക് സമീപം പാവൂർ സത്രത്തിൽനിന്ന് തെന്മല പൊലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ നിയാസ് ഡി.വൈ.എഫ്.ഐ ഇടമൺ യൂനിറ്റ് സെക്രട്ടറിയാണ്. അക്രമിസംഘത്തിലുണ്ടായിരുന്ന പുനലൂർ, ഭരണിക്കാവ് സ്വദേശികളായ മനു, ഷിനു, വിഷ്ണു, ഷെഫിൻ, ടിന്‍റോ ജറോം, ഫസൽ, ഷെറീഫ് എന്നിവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. ചാക്കോയുടെ ഭാര്യ രഹനയും ഒളിവിലാണെന്ന് വിവരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
