കെവിന് വധം: ഗൂഢാലോചനയില്‍ തനിക്ക് പങ്കില്ലെന്ന് നീനുവിന്റെ അമ്മ
text_fieldsകോട്ടയം: മകൾ നീനുവുമായുള്ള പ്രണയ വിവാഹത്തെത്തുടർന്ന് കെവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് രഹ്ന ചാക്കോ. താൻ ഒളിവിൽ പോയിട്ടില്ല. ഗൂഢാലോചനയിൽ പങ്കുമില്ല. ഇത്തരം ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. തെൻറ മകൻ കെവിനെ കൊന്നിട്ടില്ല. ഇനി എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അത് നീനുവിനോടുള്ള സ്നേഹക്കൂടുതൽകൊണ്ട് മാത്രമാണെന്നും അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ കോട്ടയത്തെത്തിയ അവർ മാധ്യമങ്ങളോട് പറഞ്ഞു.
‘കെവിനുമായുള്ള ബന്ധത്തെക്കുറിച്ച് നീനു ഞങ്ങളോട് പറഞ്ഞിട്ടില്ല. പറഞ്ഞിരുന്നെങ്കിൽ വിവാഹം നടത്തിക്കൊടുക്കുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കെവിെൻറ പിതാവിനെ ചെന്നുകണ്ടിരുന്നു. ഒന്നര വർഷമായി കെവിൻ തെൻറയൊപ്പമല്ലെന്നും മാറിത്താമസിക്കുകയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. മാന്നാനത്ത് എത്തിയപ്പോൾ മൂന്ന് പുരുഷന്മാർ മാത്രമായിരുന്നു അവിടെ താമസം. മകള്‍ പോയശേഷം വീട്ടില്‍ ഭക്ഷണംപോലും വെക്കാറില്ല. കടുത്ത മാനസിക പ്രയാസത്തിലായിരുന്നു. കെവിനോടും അനീഷിനോടും മകളെ ഒന്ന് കാണിക്കണമെന്നും വിവാഹം നടത്തിത്തരാമെന്നും പറഞ്ഞു. എന്നാൽ, അവർ തയാറായില്ല. മകളുെട സ്വഭാവത്തിൽ ചിലമാറ്റങ്ങൾ കണ്ടപ്പോൾ ചികിത്സിച്ചിരുന്നു. എന്നിട്ടും പൊന്നുപോലെയാണ് വളര്‍ത്തിയത്. കഴിഞ്ഞ പിറന്നാളിന് സ്കൂട്ടിയും വജ്രമോതിരവും സമ്മാനിച്ചു. ഗള്‍ഫില്‍നിന്ന് വന്നതിനുശേഷം മകനെ കണ്ടിട്ടില്ല. മകളുടെ മാനസികാവസ്ഥ അറിയാവുന്നതിനാലാണ് അവളെ ബലമായി കൊണ്ടുപോകാൻ ശ്രമിച്ചത്’ -രഹ്ന പറഞ്ഞു.
ബുധനാഴ്ച കോട്ടയം ജില്ല പൊലീസ് മേധാവിയുടെ ഒാഫിസിലെത്തിയ രഹ്നയെ ആറുമണിക്കൂറോളമാണ് ചോദ്യംചെയ്തത്. ഇവരുടെ മൊഴി പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. തുടർന്ന് ഇൗമാസം 11ന് വീണ്ടും ഹാജരാകണമെന്ന് നിർദേശം നൽകി വിട്ടയച്ചു. ബുധനാഴ്ച രാവിലെ 11ഓടെ തുടങ്ങിയ ചോദ്യംചെയ്യൽ വൈകീട്ട് അഞ്ചോടെയാണ് അവസാനിച്ചത്. നീനുവിന് മനോരോഗമുണ്ടെന്ന നിലപാടിൽ അവർ ഉറച്ചുനിന്നു. ചികിത്സയുടേതെന്ന പേരിൽ ചില രേഖകളും പൊലീസിനു നൽകി. ചില ചോദ്യങ്ങൾക്ക് വിതുമ്പലോടെയാണ് മറുപടി പറഞ്ഞത്. ചോദ്യംചെയ്യലിനിടെ പലതവണ അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അശോക്കുമാറിെൻറ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ. ഗൂഢാലോചനയുമായി ഇവരെ നേരിൽ ബന്ധിപ്പിക്കാവുന്ന തെളിവുകളൊന്നും ലഭിച്ചില്ലെന്നാണ് സൂചന. അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥി വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായതിനാൽ ചോദ്യംചെയ്യലിന് എത്തിയിരുന്നില്ല.
മനോരോഗിയായി ചിത്രീകരിക്കാനുള്ള ശ്രമത്തെ നിയമപരമായി നേരിടും –നീനു
കോട്ടയം: മനോരോഗിയായി തന്നെ ചിത്രീകരിക്കാനുള്ള ശ്രമത്തെ നിയമപരമായി നേരിടുമെന്ന് കെവിെൻറ ഭാര്യ നീനു. താൻ മനോരോഗത്തിന് ചികിത്സ തേടിയിട്ടില്ല. സൈക്കോളജിസ്റ്റിെൻറ അടുത്ത് ഒരു തവണ കൗൺസലിങ്ങ് മാത്രമാണ് നടത്തിയത്. ഒരു ചികിത്സയും നൽകിയിട്ടില്ല. കെവിനെ അമ്മ രഹ്ന ഭീഷണിപ്പെടുത്തിയിട്ടുണ്ട്. മേയ് 24 മുതലുള്ള മുഴുവൻ കാര്യങ്ങളും അമ്മക്കറിയാം -നീനു മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നീനുവിന് വജ്രമാലയുള്ളതായി അറിയില്ല –ജോസഫ്
കോട്ടയം: കൊല്ലപ്പെട്ട കെവിെൻറ ഭാര്യ നീനുവിന് വജ്രമാല ഉള്ളതായി തനിക്കറിയില്ലെന്നും വജ്രമോതിരമുണ്ടായിരുന്നത് കുട്ടികൾ (കെവിനും നീനുവും) ഏറ്റുമാനൂരിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തിൽ പണയംെവച്ചതിെൻറ രേഖ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്നും കെവിെൻറ പിതാവ് ജോസഫ് ജേക്കബ്. ഇത് താമസിയാതെ തിരിച്ചെടുക്കും. ഒരു മാലയുണ്ടായിരുന്നത് ഇപ്പോഴും നീനുവിെൻറ കഴുത്തിൽ കിടപ്പുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബുധനാഴ്ച അന്വേഷണസംഘത്തിനു മുന്നിൽ ഹാജരാകാനെത്തിയ അമ്മ രഹ്ന, നീനുവിന് വജ്രമാലയും മോതിരവും ഉണ്ടായിരുന്നുവെന്നും അതിപ്പോൾ ഉേണ്ടായെന്ന് അറിയില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ജോസഫ്. നീനുവിന് മാനസികരോഗമുണ്ടെന്നും അതിനു ചികിത്സ നടത്തിയിട്ടുണ്ടെന്നുള്ള ഇവരുടെ പ്രതികരണത്തോട്, അങ്ങനെയെങ്കിൽ ചികിത്സരേഖകൾ കാണിക്കട്ടെയെന്നും ജോസഫ് പറഞ്ഞു.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
